സമസ്തയിലെ ലീഗ് വിരുദ്ധ വിഭാഗം സാദിഖലി തങ്ങളോട് ഖേദം പ്രകടിപ്പിച്ചു

മലപ്പുറം : സമസ്തയിലെ വിഭാഗീയത അവസാനിപ്പിക്കാൻ ജിഫ്രി തങ്ങളുടെ നിർദേശ പ്രകാരം ലീഗ് വിരുദ്ധ നേതാക്കൾ പാണക്കാടെത്തി ചർച്ച നടത്തി. സാദിഖലി തങ്ങളുടെ വസതിയിൽ തിങ്കളാഴ്ച രാവിലെ നടന്ന ചർച്ച ഒന്നര മണിക്കൂറോളം നീണ്ടുനിന്നു.

കഴിഞ്ഞ ഡിസംബർ ഒൻപതിന് മലപ്പുറത്ത് നേതൃത്വം വിളിച്ച സമവായ ചർച്ചയിൽ നിന്നും വിട്ടുനിന്ന ഉമർ ഫൈസി മുക്കം, അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് എന്നിവരടക്കമുള്ള നേതാക്കളാണ്  ചർച്ചയ്ക്ക് എത്തിയത്. സാദിഖലി തങ്ങൾക്കെതിരെ രംഗത്തുവന്ന നേതാക്കൾക്കെതിരെ നടപടി വേണമെന്ന ആവിശ്യം അണികൾക്കിടയിൽ ശക്തമായിരുന്നു. കഴിഞ്ഞ മുശാവറയിലും ഉമ്മർ ഫൈസി മാപ്പ് പറയണമെന്ന ആവശ്യം ഉയർന്നു.

ഞായാറാഴ്ച നടന്ന ദാറുൽ ഹുദ വാർഷിക സമ്മേളന പ്രഭാഷണത്തിൽ സാദിഖലി തങ്ങളും ഇവരെ പരോക്ഷമായി വിമർശിച്ചു. സുന്നത്ത് ജമാഅത്തിന്‍റെ വേദികളെ കുത്തുവാക്കുകൾക്കുപയോഗിക്കരുതെന്നായിരുന്നു സാദിഖലി തങ്ങളുടെ പ്രസ്താവന. കൂടാതെ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം, സെക്രട്ടറി ഷാഫി ചാലിയം എന്നിവരും ഹമീദ് ഫൈസിക്കെതിരെ രംഗത്തുവന്നു. ഇതിനിടെയിലാണ് ലീഗ് വിരുദ്ധ നേതാക്കൾ പാണക്കാടെത്തിയത്.

വിഷയത്തിൽ ഇവർ സാദിഖലി തങ്ങളോട് ഖേദം പ്രകടിപ്പിച്ചു. സാദിഖലി ശിഹാബ് തങ്ങൾ, ജിഫ്രി മുത്തുക്കോയ തങ്ങൾ, പി.കെ കുഞ്ഞാലിക്കുട്ടി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചർച്ച. സമസ്ത ജോയിന്റ് സെക്രട്ടറി ഉമർ ഫൈസി മുക്കം, കേന്ദ്ര മുശാവറ അംഗം വാക്കോട് മൊയ്തീൻ കുട്ടി മുസ്‌ലിയാർ, എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറിമാരായ അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, മുസ്തഫ മുണ്ടുപാറ, എസ്.കെ.എസ്.എസ്.എഫ് സീനിയർ വൈസ് പ്രസിഡൻറ് സത്താർ പന്തല്ലൂർ എന്നിങ്ങനെ എട്ട് പേരാണ് ചർച്ചയിൽ പങ്കെടുത്തത്.

സാദിഖലി തങ്ങളുമായുള്ള വ്യക്തിപരമായ പ്രശ്നങ്ങൾ പരിഹരിച്ചു

സാദിഖലി തങ്ങളെ നേരിൽ കണ്ട് വ്യക്തിപരമായ അകൽച്ചക്ക് കാരണമായ തെറ്റിദ്ധാരണകൾ പരിഹരിച്ചെന്ന് സമസ്തയിലെ ഒരു വിഭാഗം നേതാക്കൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഇത് പ്രശ്ന പരിഹാരത്തിനുള്ള തുടക്കമാണെന്നും തുടർചർച്ചകളുണ്ടാകുമെന്നും കൂട്ടിച്ചേർത്തു. സമകാലിക സംഭവവികാസങ്ങളില്‍ സാദിഖലി തങ്ങള്‍ക്ക് വ്യക്തിപരമായി ചില പ്രയാസങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇത് മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തില്‍ ജിഫ്‌രി തങ്ങളുടെ നിര്‍ദേശപ്രകാരമാണ് സാദിഖലി തങ്ങളുമായി സംസാരിച്ചത്.

ഈ വിഷയത്തിൽ തങ്ങളോട് ഖേദം പ്രകടിപ്പിച്ചു. ഒന്ന് രണ്ട് വർഷത്തിനിടെ നിറയെ ആശയക്കുഴപ്പങ്ങൾ ഉണ്ടായി. ആശയവിനിമയത്തിലുള്ള അപാകതയാണ് പ്രശ്നങ്ങൾക്ക് കാരണം. സംഘടന രംഗത്ത് പ്രശ്നങ്ങൾ നില നിൽക്കുന്നുണ്ട്. ഇപ്പേൾ വ്യക്തിപരമായ തർക്കങ്ങൾ തീർന്നു. ഇനി സംഘടനയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ എളുപ്പമാകും. വിവാദങ്ങളുടെ നിജസ്ഥിതികള്‍ സാദിഖലി തങ്ങളെ ബോധ്യപ്പെടുത്താനായതിൽ വലിയ സന്തോഷമുണ്ട്. നല്ലൊരു അന്തരീക്ഷമാണ് ഇതിലൂടെ ഉയര്‍ന്നുവന്നിരിക്കുന്നത്. കൂടിക്കാഴ്ച കുറച്ചുകൂടി നേരത്തെ ആകാമായിരുന്നുവെന്ന് തോന്നുന്നുവെന്നും സമസ്ത നേതാക്കള്‍ വിശദീകരിച്ചു.

Tags:    
News Summary - Sadiqali, the anti-League faction in Samastha, expressed his regret to them

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.