കാന്തപുരത്തിന്‍റെ പ്രസ്താവന കാലഘട്ടത്തിന്‍റെ ആവശ്യം -സാദിഖലി തങ്ങൾ

കോഴിക്കോട്: മുസ്‌ലിം ലീഗുമായി ഒന്നിച്ചുപോകുകയാണ് നല്ലത് എന്ന കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ പ്രസ്താവനയിൽ പ്രതികരണവുമായി സാദിഖലി ശിഹാബ് തങ്ങൾ. കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ നിർദേശം കാലഘട്ടത്തിന്‍റെ ആവശ്യമാണെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.

ന്യൂനപക്ഷങ്ങൾ ഭീതിതമായ സാഹചര്യങ്ങളിലൂടെയാണ് മുന്നോട്ടുപോകുന്നത്. അതിനാൽ ഐക്യം അനിവാര്യമാണ്. എല്ലാവരും സൗഹൃദത്തോടെയും കൂട്ടായ്മയോടെയും മുന്നോട്ടുപോകേണ്ട സന്ദർഭമാണിത്. ആ പശ്ചാത്തലത്തിലായിരിക്കാം പ്രിയപ്പെട്ട കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ഇങ്ങനെ ഒരു നിർദേശം മുന്നോട്ടുവെച്ചത്. അത് കാലഘട്ടത്തിന്‍റെ ആവശ്യമാണ്. എല്ലാം മുസ്‌ലിം സംഘടനകളെയും ഒരുമിച്ച് നിർത്താനുള്ള പ്ലാറ്റ്ഫോമാണ് മുസ്‌ലിം ലീഗ്. മുസ്‌ലിം ലീഗുമായി കൂടിച്ചേരാനുള്ള അവരുടെയൊക്കെ നല്ല മനസ്സിൽ ഞങ്ങൾക്ക് സന്തോഷമുണ്ട് -സാദിഖലി തങ്ങൾ പറഞ്ഞു.

മീഡിയ വണിന് നൽകിയ അഭിമുഖത്തിലായിരുന്നു കാന്തപുരം പ്രസ്താവന നടത്തിയത്. മുസ്‌ലിം ലീഗും എ.പി വിഭാഗവും ഒന്നിച്ചു പോകുന്നതാണ് നല്ലത് എന്ന തോന്നൽ ഉണ്ടോ എന്ന ചോദ്യത്തിനായിരുന്നു കാന്തപുരത്തിന്‍റെ മറുപടി.

‘ഒന്നിച്ചുപോകുകയാണ് നല്ലത് എന്ന് എപ്പോഴും ഞങ്ങൾ പറഞ്ഞുകൊണ്ടിരിക്കുന്നതാണ്. എനിക്ക് അസുഖം ബാധിച്ചപ്പോൾ സാദിഖലി തങ്ങളും പാണക്കാട്ടെ എല്ലാ സയ്യിദന്മാരും കാണാൻ വന്നു. കുഞ്ഞാലിക്കുട്ടി സാഹിബ് അടക്കം വന്നു. എല്ലാവരും യോജിച്ച് കൊണ്ട് മുന്നോട്ടു പോയാൽ മാത്രമാണ് നമ്മുടെ രാജ്യത്തിന്‍റെ പുരോഗതി ഉണ്ടാക്കാൻ സാധിക്കൂ. അത് ചിന്തിക്കാത്ത ചില ആളുകൾ ഇവിടെ ഇപ്പോഴും ബാക്കിയുണ്ട് എന്നാണ് തോന്നുന്നത്.’ -എന്ന് കാന്തപുരം വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - Sadiq Ali Thangal about Kanthapuram AP Aboobacker Musliyar's statement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.