മുനവ്വറലി തങ്ങളുടെ മകളുടെ പ്രസ്താവന: ആ മോള് വിദ്യാർഥി മാത്രം, ചില അഭിപ്രായങ്ങൾ വേറിട്ട് നിർത്തി വിവാദമുണ്ടാക്കേണ്ട -സാദിഖലി ശിഹാബ് തങ്ങൾ

മലപ്പുറം: മുസ്‌ലിം സ്ത്രീകളുടെ പള്ളി പ്രവേശനവുമായി ബന്ധപ്പെട്ട് മുനവ്വറി ശിഹാബ് തങ്ങളുടെ മകൾ നടത്തിയ അഭിപ്രായ പ്രകടനത്തിലും തുടർന്നുണ്ടായ വിവാദത്തിലും പ്രതികരണവുമായി മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. ആ മോൾ വിദ്യാർഥി മാത്രമാണെന്നാണ് സാദിഖലി തങ്ങൾ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഉത്തരമായി പറഞ്ഞത്.

‘ആ മോള് ഒരു വിദ്യാർഥി മാത്രമാണ്. ഒരുപാട് അഭിപ്രായങ്ങൾ അവിടെ പറഞ്ഞിട്ടുണ്ട്. അതിൽ ചില ഒന്നോ രണ്ടോ അഭിപ്രായങ്ങൾ വേറിട്ട് നിർത്തി വിവാദമുണ്ടാക്കേണ്ട കാര്യമില്ല...’ -സാദിഖലി തങ്ങൾ പറഞ്ഞു.

കൊച്ചിയിൽ നടന്ന പരിപാടിയിലാണ് മുസ്‍ലിം ലീഗ് അഖിലേന്ത്യ സെക്രട്ടറി പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളുടെ മകൾ ഫാത്തിമ നർഗീസ് മുസ്‍ലിം സ്ത്രീകളുടെ പള്ളിപ്രവേശന വിഷയത്തിൽ നിലപാട് വ്യക്തമാക്കിയത്. സ്ത്രീകൾ പള്ളികളിൽ പ്രവേശിക്കരുതെന്ന് ചിലർ ഉണ്ടാക്കിയെടുത്തതാണെന്നും ഇതിൽ മാറ്റും വരുമെന്ന് പ്രതീക്ഷിക്കുന്നു എന്നുമാണ് ഫാത്തിമ നർഗീസ് പറഞ്ഞത്. ഇതിനെ അനുകൂലിച്ചും എതിർത്തും നിരവധി പേർ സമൂഹമാധ്യമങ്ങളിലടക്കം രംഗത്തുവന്നു. അഭിപ്രായം സമസ്ത അനുയായികളെ പ്രകോപിപ്പിച്ചതോടെ മുനവ്വറലി ശിഹാബ് തങ്ങൾ കഴിഞ്ഞ ദിവസം മകളെ തള്ളി രംഗത്തെത്തിയിരുന്നു.

‘കർമ്മശാസ്ത്രവുമായി ബന്ധപ്പെട്ട, പണ്ഡിതോചിതമായ ആഴത്തിലുള്ള അറിവ് ആവശ്യമായ ഒരു വിഷയത്തെക്കുറിച്ചുള്ള ചോദ്യത്തിന്, അപ്രതീക്ഷിതമായി ഒരു ചോദ്യം നേരിടേണ്ടി വന്ന സാഹചര്യത്തിൽ മകൾ നൽകിയ പ്രതികരണം കേരളത്തിലെ മുഖ്യധാര മുസ്ലിം വിശ്വാസരീതികളുമായോ പണ്ഡിത സമൂഹത്തിന്റെ തീർപ്പുകളുമായോ യോജിക്കുന്നതല്ലെന്ന കാര്യം ഉത്തമ ബോധ്യമുണ്ട്. ആ മറുപടി, ആ വിഷയത്തിൽ ആവശ്യമായ മതബോധമോ പഠനത്തിന്റെ പര്യാപ്തതയോ ഇതുവരെ കൈവരിക്കാത്ത ഒരു കുട്ടിയുടെ, ആലോചനാപരമല്ലാത്ത പെട്ടെന്നുള്ള അഭിപ്രായപ്രകടനമായി മാത്രം കാണണമെന്നതാണ് അഭ്യർത്ഥന. കേരളത്തിലെ പരമ്പരാഗത മുസ്ലിം പണ്ഡിത സമൂഹം അവരുടെ ആഴത്തിലുള്ള ജ്ഞാനത്തെ ആധാരമാക്കി വ്യക്തമായി നിർവചിച്ചിട്ടുള്ള ഒരു വിഷയത്തിൽ, ഒരു പിതാവെന്ന നിലയിൽ മുഴുവൻ ഉത്തരവാദിത്വബോധത്തോടെയും മകളുടെ ആ മറുപടി ഞാൻ ഇവിടെ തിരുത്തി വ്യക്തമാക്കുന്നു...’ -എന്നായിരുന്നു മുനവ്വറലിയുടെ വിശദീകരണം.

നര്‍ഗീസിനെ കല്ലെറിയുന്നത് അവസാനിപ്പിക്കണം -എം.ജി.എം

കോഴിക്കോട്: ഇസ്‌ലാം സ്ത്രീകള്‍ക്ക് അനുവദിച്ച പള്ളികളിലെ ആരാധനാ സ്വാതന്ത്ര്യത്തെക്കുറിച്ച് ഒരു ചര്‍ച്ചയില്‍ അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളുടെ മകള്‍ ഫാത്തിമ നര്‍ഗീസിനെ വളഞ്ഞിട്ട് കല്ലെറിയുന്നത് അംഗീകരിക്കാനാവില്ലെന്ന് കെ.എന്‍.എം മര്‍കസുദ്ദഅ്‍വ വനിതാ വിഭാഗമായ എം.ജി.എം സംസ്ഥാന സെക്രട്ടേറിയറ്റ്.

മുസ്‌ലിം സ്ത്രീകള്‍ പള്ളികളില്‍ ആരാധന നിര്‍വഹിക്കുന്നത് പ്രവാചകന്‍ പ്രോത്സാഹിപ്പിച്ചതാണെന്നിരിക്കെ നര്‍ഗീസിനെ കല്ലെറിയുന്നവര്‍ ഇസ്‌ലാമിനെയാണ് അവഹേളിക്കുന്നത്. ഇസ്‌ലാം സ്ത്രീ വിരുദ്ധമാണെന്ന മുസ്‌ലിം വിരുദ്ധരുടെ ആരോപണങ്ങള്‍ക്ക് ശക്തിപകരുകയാണ് സ്ത്രീ പള്ളി പ്രവേശത്തെ വിലക്കുന്നവര്‍ ചെയ്യുന്നത്. കേരളത്തിലെ മുസ്‌ലിം പള്ളികളില്‍ ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുന്നതിനെതിരെ മുസ്‌ലിം സ്ത്രീകള്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങുമെന്ന് എം.ജി.എം വ്യക്തമാക്കി.

Tags:    
News Summary - Sadik Ali Thangal about comment of fathima nargis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.