ശബരിമല യുവതി പ്രവേശനം: കേസ് പരിഗണിക്കുന്നത് വനിത ജസ്റ്റിസ് ഉൾപ്പെടുന്ന ഒമ്പതംഗ ഭരണഘടന ബെഞ്ച്

ന്യൂഡൽഹി: ശബരിമല യുവതി പ്രവേശന കേസ് പരിഗണിക്കുന്ന ഭരണഘടന ബെഞ്ചിന് ചീഫ് ജസ്റ്റിസ്‌ സൂര്യകാന്ത് രൂപം നൽകി. ഒമ്പതംഗ ഭരണഘടന ബെഞ്ചിന് നേതൃത്വം നൽകുന്നത് ചീഫ് ജസ്റ്റിസ്‌ സൂര്യകാന്താണ്. ബെഞ്ചിലെ ഏക വനിതാ ജസ്റ്റിസ്‌ ബി.വി. നാഗരത്ന ആണെന്നാണ് സുപ്രീംകോടതി വൃത്തങ്ങൾ നൽകുന്ന സൂചന. ഏപ്രിൽ ഏഴിന് വാദം കേൾക്കും.

ശബരിമല യുവതി പ്രവേശനം എതിർക്കുന്നവരുടെ വാദം സുപ്രീംകോടതി ഭരണഘടന ബെഞ്ചിന് മുമ്പാകെ നടക്കുന്നത് ഏപ്രിൽ ഏഴ്, എട്ട്, ഒമ്പത് തീയതികളിലാണ്. യുവതി പ്രവേശനത്തെ അനുകൂലിക്കുന്നവരുടെ വാദം ഏപ്രിൽ 14, 15, 16 തീയതികളിലും നടക്കും. ബെഞ്ചിലെ മറ്റ് അംഗങ്ങളായ ജസ്റ്റിസ് എം.എം. സുന്ദരേഷ്, ജസ്റ്റിസ് എ. അമാനുള്ള, ജസ്റ്റിസ് ആരവിന്ദ് കുമാർ, ജസ്റ്റിസ് എ.ജെ. മസീഹ്, ജസ്റ്റസ് പി.ബി. വരാലെ, ജസ്റ്റസ് ആർ. മഹാദേവൻ, ജസ്റ്റസ് ജോയ്മാല ബാഗ്ചി എന്നിവരാണ്.

ശബരിമലയിൽ സ്ത്രീകൾക്ക് പ്രായഭേദമന്യേ പ്രവേശനം അനുവദിക്കണമെന്ന 2018ലെ വിധിക്കെതിരായ പുനഃപരിശോധന ഹരജികളിലാണ് സുപ്രീംകോടതി വാദം കേൾക്കുന്നത്. ഈ വിഷയത്തിൽ മാർച്ച് 14നകം സർക്കാർ അടക്കമുള്ളവർ നിലപാട് അറിയിക്കണമെന്നും വിധിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും വാദങ്ങൾ എഴുതി നൽകണമെന്നും കോടതി നിർദേശിച്ചു. ഏപ്രിൽ ഏഴിന് വാദം തുടങ്ങും. ഏഴ് മുതൽ ഒമ്പത് വരെ വിധിയിൽ പുനഃപരിശോധന ആവശ്യപ്പെടുന്നവരുടെയും ഏപ്രിൽ 14 മുതൽ 16 വരെ പുനഃപരിശോധനയെ എതിർക്കുന്നവരുടെയും വാദം നടക്കും. 21ന് മറുപടി സത്യവാങ്മൂലം സമർപ്പിക്കാം.

ഏപ്രിൽ 22ന് വാദം കോടതി പൂർത്തിയാക്കും. ഒമ്പതംഗ ബെഞ്ചിലെ അംഗങ്ങളെ ചീഫ് ജസ്റ്റിസ് പ്രത്യേക ഉത്തരവിലൂടെ അറിയിക്കും. മുതിർന്ന അഭിഭാഷകൻ കെ. പരമേശ്വറാണ് അമിക്കസ് ക്യൂറി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹരജികൾ പരിഗണിച്ചത്. ഏഴ് വർഷത്തിന് ശേഷമാണ് വിവാദ വിധിക്കെതിരായ ഹരജികൾ കോടതി പരിഗണിക്കുന്നത്. ശബരിമല യുവതി പ്രവേശനം അടക്കം മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട 67 ഹരജികളാണ് കോടതിയുടെ മുമ്പാകെ വന്നത്.

2018 സെപ്റ്റംബർ 28നാണ് ശബരിമല യുവതി പ്രവേശനം അനുവദിച്ച് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്. ഇതിന് പിന്നാലെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹരജികൾ സമർപ്പിക്കപ്പെട്ടു. ഈ ഹരജികളിൽ വാദം കേൾക്കാനായി സുപ്രീംകോടതി ഒമ്പതംഗ ബെഞ്ചിന് രൂപം നൽകി.

Tags:    
News Summary - Sabarimala women's entry: Nine-member constitution bench including a woman judge is considering the case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.