ഉച്ചവരെ സംയമനം, മൂന്നരയോടെ തിരിച്ചടി...

ശബരിമല: സ്​​ത്രീ പ്രവേശനത്തിനെതിരെ ശബരിമല ബേസ്​ ക്യാമ്പായ നിലക്കലിൽ നടന്ന സമരത്തോട്​ ഉച്ചവരെ സംയമനം പാലിച്ച പൊലീസ്​ വൈകീട്ട്​​ മൂന്നരയോടെ തിരിച്ചടിക്കാൻ തുടങ്ങി. സംഘ്​പരിവാർ സംഘടനകളു​െട ​സമരപ്പന്തൽ കേന്ദ്രീകരിച്ച്​ അതിക്രമം അതിരുവിട്ടതോടെയാണ്​ പൊലീസ്​ ലാത്തിവീശിയത്​. ഇതോടെ സ്ഥിതി നിയന്ത്രണാതീതമായി. കുറച്ചുനേരത്തേക്ക്​ നിലക്കൽ അക്ഷരാർഥത്തിൽ സംഘർഷഭൂമിയായി. പന്തലിൽ കടന്ന്​ പൊലീസ്​ ലാത്തിച്ചാർജ്​ നടത്തിയതോടെ സമരക്കാർ ചിതറിയോടി. പിന്നീട്​ തിരിച്ചെത്തിയ ഇവർ പൊലീസിനുനേരെ കല്ലേറ്​ നടത്തി.

തലങ്ങും വിലങ്ങുമുള്ള കല്ലേറിൽ കെ.എസ്​.ആർ.ടി.സി ബസുകൾക്കും സ്വകാര്യ വാഹനങ്ങൾക്കും കേടുപാടുണ്ടായി. പൊലീസ്​ ജീപ്പുകൾക്കും കേടുപാടുണ്ടായി. വൻ ജനക്കൂട്ടമാണ് നിലക്കലും പമ്പയിലുമായി എത്തിച്ചേർന്നത്​. നിലക്കലിൽ നാമജപ പ്രാർഥനയജ്ഞം നടത്തിയവർ വാഹനങ്ങൾ തടയുകയും തീർഥാടകരെ മർദിക്കുകയും ചെയ്തതോടെ രാവിലെ പൊലീസ് ലാത്തി വീശി സമരക്കാരെ പിരിച്ചുവിട്ടിരുന്നു. 10 മണിയോടെ കൂടുതൽ പേർ സംഘടിച്ചെത്തി പ്രാർഥനയജ്ഞമെന്ന ധർണ സമരം പുനരാരംഭിക്കുകയായിരുന്നു. ഒപ്പം വാഹന പരിശോധനയും പുനരാരംഭിച്ചു. സ്ത്രീകൾ ഉണ്ടെന്ന് കണ്ടെത്തിയ നാലു കാർ തല്ലിത്തകർക്കുകയും ചെയ്​തു.

സമരം അക്രമത്തിലേക്ക്​
ശബരിമല: സ്ത്രീ പ്രവേശത്തിനെതിരെ നടക്കുന്ന സമരം അക്രമത്തിലേക്ക്​ ​തിരിഞ്ഞു. ബുധനാഴ്​ച നിലക്കലിലും പമ്പയിലും കണ്ടത്​ ഇതാണ്​. പരമാവധി പ്രകോപിപ്പിച്ച്​ പൊലീസ്​ നടപടി​യിലേക്ക്​ എത്തിക്കാനുള്ള നീക്കമായിരുന്നു സമരക്കാരുടേത്​. വാഹനങ്ങളിൽ സ്ത്രീകളെ കണ്ടാൽ അക്രമാസക്തരാകുന്ന സമരക്കാർ അപ്പോൾ തന്നെ വാഹനം തല്ലിത്തകർക്കുകയായിരുന്നു. സ്ത്രീകൾ സന്നിധാനത്തേക്ക് പോകാതിരിക്കാൻ ബി.ജെ.പി, ആർ.എസ്.എസ് പ്രവർത്തകർ വഴിനീളെ കാത്തുനിൽക്കുകയാണ്. നിലക്കലിൽ വൈകീട്ടും സംഘർഷം തുടരുന്നു. സമരങ്ങൾ നടക്കുന്നതിനാൽ വളരെ കുറച്ച് തീർഥാടകർ മാത്രമാണ് എത്തുന്നത്. രാത്രിയോടെയും വരുംദിവസങ്ങളിലും കൂടുതൽ തീർഥാടകർ എത്തുമെന്നതിനാൽ സമരക്കാരും കൂടുതൽ പേർ സംഘടിച്ചുെകാണ്ടിരിക്കുകയാണ്.

തന്ത്രി കുടുംബത്തിൽ നിന്നുള്ളവരെയടക്കം അറസ്​റ്റ്​ ചെയ്​തു, വിട്ടയച്ചു
പമ്പ: പമ്പയിൽ രാവിലെ പത്തോടെ തന്ത്രി, പന്തളം രാജകുടുംബാംഗങ്ങളുടെ നേതൃത്യത്തിൽ ആരംഭിച്ച പ്രാർഥനയജ്ഞത്തിൽ പങ്കെടുത്തവരെ 12.30ഒാടെ പൊലീസ് അറസ്​റ്റ്​ ചെയ്തു. തന്ത്രി കുടുംബത്തിൽനിന്ന് എത്തിയ രണ്ട് വൃദ്ധകളെയടക്കമാണ്​ അറസ്​റ്റ്​ ചെയ്തത്. പമ്പയിൽ പന്തളം രാജാവിനായി അനുവദിച്ചിട്ടുള്ള കെട്ടിടത്തിനു മുന്നിലാണ് ഇവർ പ്രാർഥനയജ്ഞം നടത്തിയത്. ഇവർക്കൊപ്പമുണ്ടായിരുന്ന ദേവസ്വം ബോർഡ് മുൻ പ്രസിഡൻറും പ്രയാർ ഗോപാലകൃഷ്ണൻ, തന്ത്രി കുടുംബാംഗം രാഹുൽ ഈശ്വർ എന്നിവരെയും അറസ്​റ്റ്​ ചെയ്തു. ഇതിൽ പ്രതിഷേധിച്ച് ബി.ജെ.പി നേതൃത്വത്തിൽ അതേ സ്ഥലത്ത് നാമജപയജ്ഞം തുടങ്ങി. ശോഭ സുരേന്ദ്രൻ, കെ. സുരേന്ദൻ, എം.ടി. രമേശ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രാർഥനയജ്ഞം നടത്തിയത്. അറസ്​റ്റ്​ ചെയ്ത തന്ത്രി കുടുംബാംഗങ്ങളെ വിട്ടയച്ചത് അറിഞ്ഞതോടെ ഉച്ചക്ക് 12.30ഓടെ ബി.ജെ.പി സമരം അവസാനിപ്പിച്ചു.

Tags:    
News Summary - Sabarimala Women Entry -Nilakkal Protest -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.