കഴക്കൂട്ടം സ്വദേശിനി മലകയറാതെ തിരികെ പോയി

പമ്പ: ശബരിമല ദർശനത്തിന് രണ്ട് യുവതികൾ എത്തിയത് വൻ പ്രതിഷേധത്തിൽ കലാശിച്ചതിന് പിന്നാലെ മറ്റൊരു യുവതി കൂടി മലകയറി സന്നിധാനത്ത് എത്താനെത്തി. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിയും 46കാരിയുമായ മേരി സ്വീറ്റിയാണ് പൊലീസ് സുരക്ഷയില്ലാതെ മലകയറാൻ ശ്രമിച്ചത്.

വിദ്യാരംഭ ദിനമായതിനാൽ ഇന്നു തന്നെ സന്നിധാനത്തെത്തി ദർശനം നടത്തണമെന്നാണ് ആഗ്രഹമെന്ന് മേരി സ്വീറ്റി മാധ്യമങ്ങളോട് പറഞ്ഞു. ആറു വർഷം മുമ്പ് പമ്പ വരെ വന്നിരുന്നു. അന്ന് സന്നിധാനത്തേക്ക് പോകാൻ അനുവാദം കിട്ടിയിരുന്നില്ല. തെറ്റ് ചെയ്യാത്തത് കൊണ്ട് സന്നിധാനത്തേക്ക് പോകാൻ ഭയമില്ല. 46കാരിയായ തനിക്ക് ഇപ്പോൾ തന്നെ മുട്ടുവേദനയുണ്ടെന്നും പിന്നീട് എപ്പോഴാണ് മലകയറാൻ സാധിക്കുകയെന്നും യുവതി ചോദിച്ചു.

പമ്പയിലെത്തിയ യുവതിയോട് പൊലീസ് സുരക്ഷാപ്രശ്നം ചൂണ്ടിക്കാട്ടിയെങ്കിലും അവർ പിന്മാറാൻ തയാറായില്ല. സംഘർഷ സാഹചര്യത്തിൽ സുരക്ഷ ഒരുക്കാൻ സാധിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കി. അതിനിടെ, ഭക്തർ ശരണം വിളികളുമായി രംഗത്തെത്തി. തുടർന്ന് യുവതിയെ പമ്പയിലെ കൺട്രോൾ റൂമിലേക്ക് പൊലീസ് മാറ്റിയിട്ടുണ്ട്.

തുലാം മാസ പൂജക്കായി ശബരിമല നട തുറന്നതിന് പിന്നാലെ മൂന്നാം ദിവസമാണ് യുവതികൾ ശബരിമല കയറാൻ എത്തിയത്. ആദ്യ ദിവസം ആന്ധ്രാ ഗോദാവരി സ്വദേശിയും 45കാരിയുമായ മാധവിയും കുടുംബവും ശ്രമം നടത്തിയിരുന്നു. എന്നാൽ, പൊലീസ് സുരക്ഷയിൽ പമ്പയിൽ നിന്ന് 100 മീറ്റർ മാത്രം മലകയറി സ്വാമി അയ്യപ്പൻ റോഡിലെത്തിയ മാധവി പ്രതിഷേധത്തെ തുടർന്നു മടങ്ങിയിരുന്നു.

രണ്ടാം ദിവസം ജോലിയുടെ ഭാഗമായി മാധ്യമപ്രവർത്തകയും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടറുമായ സുഹാസിനി രാജ് സന്നിധാനത്തെത്താൻ ശ്രമിച്ചു. പൊലീസ് സുരക്ഷയിൽ മരക്കൂട്ടം വരെ എത്തിയെങ്കിലും കടുത്ത എതിർപ്പിനെ തുടർന്ന് പിന്മാറി.

ഇന്നു രാവിലെയാണ് ആക്ടിവിസ്റ്റും എറണാകുളം സ്വദേശിയുമായ രഹ്ന ഫാത്തിമയും ആന്ധ്രയിൽ നിന്നുള്ള വനിതാ മാധ്യമപ്രവര്‍ത്തക കവിത ജക്കലും പൊലീസ് സുരക്ഷയിൽ നടപ്പന്തലിൽ എത്തിയത്. അവിടെ, ഭക്തരും തന്ത്രിയുടെ നേതൃത്വത്തിൽ പരികർമികളും ശരമം വിളിച്ച് പ്രതിഷേധിച്ചതോടെ 18ാം പടി കയറി സന്നിധാനത്തെത്താൻ സാധിക്കാതെ ഇരുവരും മലയിറങ്ങിയത്.

Tags:    
News Summary - Sabarimala Women Entry Mery Sweety -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.