കോട്ടയം: തുലാമാസപൂജകൾക്കായി ബുധനാഴ്ച വൈകുന്നേരം ശബരിമല നട തുറക്കാനിരിക്കെ, മലചവിട്ടാൻ സ്ത്രീകൾ എത്തിയേക്കുമെന്ന് പൊലീസ് രഹസ്യാന്വേഷണ റിപ്പോർട്ട്. ആക്ടിവിസ്റ്റുകളായ സ്ത്രീകൾ എരുമേലിയിലും പമ്പയിലും സന്നിധാനത്തും എത്തിയേക്കുമെന്നാണ് മുന്നറിയിപ്പ്. ഇവരുടെ സാന്നിധ്യം തള്ളാനാവില്ലെന്ന് കോട്ടയം ജില്ല പൊലീസ് മേധാവി ഹരിശങ്കറും അറിയിച്ചു.
എരുമേലിയിൽ സ്ത്രീകൾക്ക് പ്രവേശിക്കാമെങ്കിലും കോടതിവിധിക്കെതിരെ സമരം ശക്തമായി തുടരുന്നതിനാൽ സുരക്ഷക്കായി വനിതകളടക്കം കൂടുതൽ പൊലീസിനെ നിയോഗിക്കുമെന്നും അദ്ദേഹം അറിയിച്ചു.
എരുമേലി-പമ്പ റൂട്ടിലും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. അതേസമയം, കൊടുവനത്തിൽ ഒരുക്കുന്ന സുരക്ഷയെക്കുറിച്ച് പൊലീസിനും ആശങ്കയുണ്ട്. നടതുറക്കുന്ന 17ന് വൈകീട്ട് വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽ എരുമേലിയിലും നിലക്കലും ഉപവാസം സംഘടിപ്പിച്ചിട്ടുണ്ട്. അന്നു രാത്രി മുതൽ ഒരുവിഭാഗം ഹർത്താലും ആഹ്വാനവും ചെയ്തിട്ടുണ്ട്. ഫലത്തിൽ ശബരിമല പാതയിൽ ഗതാഗത സ്തംഭനംപോലും ഉണ്ടായേക്കും.
സ്ത്രീകൾ എത്തിയാലും ഇല്ലെങ്കിലും പമ്പയിലും സന്നിധാനത്തും എരുമേലിയിലും കനത്ത സുരക്ഷ സംവിധാനമാണ് ഒരുക്കുന്നതെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. സ്ത്രീകൾ എത്തുകയും അവരെ തടയുകയും ചെയ്യുന്ന സാഹചര്യം ഉണ്ടായാൽ കാര്യങ്ങൾ ബോധ്യപ്പെടുത്തി സംയമനം പാലിക്കണമെന്നാണ് പൊലീസിനുള്ള നിർദേശം. ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശമനുസരിച്ച് മാത്രം പ്രവർത്തിച്ചാൽ മതി.
ശബരിമല, പമ്പ, എരുമേലി എന്നിവിടങ്ങൾക്ക് പുറമെ പ്രധാന ഇടത്താവളങ്ങളിലും റെയിൽവേ സ്റേറ്റഷനുകളിലും കെ.എസ്.ആർ.ടി.സി സ്റ്റാൻഡുകളിലും നിരീക്ഷണം ശക്തമാക്കും. സ്ത്രീകളെ ഇവിടങ്ങളിൽ തടയാനുള്ള സാധ്യതകളും തള്ളുന്നില്ല. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ല പൊലീസ് മേധാവികളോട് കൂടുതൽ ജാഗ്രതപാലിക്കാനും നിർദേശിച്ചിട്ടുണ്ട്. ഇതരസംസ്ഥാനങ്ങളിൽനിന്നാവും കൂടുതൽ സ്ത്രീകൾ എത്തുകയെന്നാണ് നിഗമനം. ദക്ഷിണ മേഖല എ.ഡി.ജി.പിയുടെ നേതൃത്വത്തിൽ കൊച്ചി, ദക്ഷിണമേഖല െഎ.ജിമാരുടെ നേരിട്ടുള്ള മേൽനോട്ടത്തിലാവും സുരക്ഷ ക്രമീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.