തിരുവനന്തപുരം: പി.എം ശ്രീ പദ്ധതിയിൽ മുൻ സർക്കാർ ഒപ്പിട്ടതിനാൽ പിൻമാറാനാവില്ലെന്ന സാങ്കേതിക വാദം ഉന്നയിച്ച് മുന്നോട്ടുപോകാനുള്ള സർക്കാർ തീരുമാനം യു.ഡി.എഫിനെ രാഷ്ട്രീയമായി തിരിച്ചടിക്കുന്നു. പി.എം ശ്രീയിൽ ഒപ്പിട്ട കാലത്ത് അന്നത്തെ എൽ.ഡി.എഫ് സർക്കാറിനെതിരെ അഴിച്ചുവിട്ട ആരോപണങ്ങളെല്ലാം യു.ഡി.എഫ് സർക്കാറിനെ ഇപ്പോൾ തിരിഞ്ഞുകുത്തുകയാണ്.
ബി.ജെ.പിയുമായുണ്ടാക്കിയ രഹസ്യധാരണയുടെ അടിസ്ഥാനത്തിലാണ് എൽ.ഡി.എഫ് സർക്കാർ കരാറിൽ ഒപ്പിട്ടതെന്നായിരുന്നു അന്നത്തെ യു.ഡി.എഫ് ആരോപണമെങ്കിൽ, അതേ ആരോപണം തിരിച്ച് ഉന്നയിക്കുകയാണ് ഇപ്പോൾ പ്രതിപക്ഷമായ എൽ.ഡി.എഫ്. ഒപ്പിട്ട കരാർ മരവിപ്പിച്ചതാണെന്നും തുടർനടപടികളൊന്നും അന്ന് സ്വീകരിച്ചില്ലെന്നും ഈ നില തുടർന്നാൽ കരാർ ഇല്ലാതാകുമെന്നുമുള്ള വാദവും പ്രതിപക്ഷം മുന്നോട്ടുവെക്കുന്നു. ഈ സാഹചര്യത്തിൽ സർക്കാറിനും യു.ഡി.എഫിനും നിലപാട് മാറ്റം കൂടുതൽ വിശദീകരിക്കേണ്ടിവരും. ഡീൽ ആരോപണം വരുംദിവസങ്ങളിൽ പ്രതിപക്ഷം കടുപ്പിക്കും.
തെരഞ്ഞെടുത്ത സ്കൂളുകളുടെ അക്കാദമിക, അടിസ്ഥാന സൗകര്യങ്ങൾ പദ്ധതി മാർഗരേഖകളുടെ അടിസ്ഥാനത്തിൽ ഉയർത്താൻ ലക്ഷ്യമിടുന്ന പി.എം ശ്രീ വഴി കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത് പ്രതിപക്ഷ ഭരണമുള്ള സംസ്ഥാനങ്ങൾ എതിർത്ത ദേശീയ വിദ്യാഭ്യാസ നയം (എൻ.ഇ.പി) രാജ്യത്താകെ നടപ്പാക്കുകയാണ്. ‘ഇന്ത്യാവത്കരണം’ എന്ന പേരിൽ പാഠ്യപദ്ധതിയിൽ ഹിന്ദുത്വ ആശയങ്ങൾ കൊണ്ടുവരാൻ ലക്ഷ്യമിടുന്നതാണ് എൻ.ഇ.പി. ‘ഇന്ത്യൻ മൂല്യങ്ങൾ’ എന്ന പേരിൽ പാഠ്യപദ്ധതിയിൽ കൊണ്ടുവരുന്ന മാറ്റങ്ങളും സംഘ്പരിവാർ താൽപര്യപ്രകാരമുള്ളതാണ്. ഇതിനുപുറമെ വിദ്യാഭ്യാസത്തിന്‍റെ വാണിജ്യവത്കരണത്തിന് വാതിലുകൾ തുറന്നിടുന്ന ആശയങ്ങൾ ഉൾക്കൊള്ളുന്ന എൻ.ഇ.പി സമ്പൂർണമായി സംസ്ഥാനത്താകെ നടപ്പാക്കാമെന്ന ഉറപ്പാണ് പി.എം ശ്രീ കരാർ ഒപ്പിട്ടതിലൂടെ സംസ്ഥാന സർക്കാർ നൽകുന്നത്.
സംഘ്പരിവാർ ആശയങ്ങൾ നടപ്പാക്കാൻ ലക്ഷ്യമിടുന്ന വ്യവസ്ഥകളടങ്ങിയ കരാർ തുടരണമോ എന്നതാണ് യു.ഡി.എഫ് സർക്കാർ നേരിടുന്ന രാഷ്ട്രീയ ചോദ്യം. ‘യു.ഡി.എഫ് അധികാരത്തിൽ വന്നാൽ പി.എം ശ്രീ അറബിക്കടലിൽ’ എന്ന് പ്രഖ്യാപിച്ച മുസ്ലിം ലീഗ് വിശേഷിച്ചും സർക്കാർ നീക്കത്തിലൂടെ പ്രതിരോധത്തിലാണ്. അതേസമയം, മന്ത്രിസഭ തീരുമാന പ്രകാരമുള്ള തുടർനടപടികളിലേക്ക് സർക്കാർ കടന്നിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.