പി.എം ശ്രീ: സി.പി.എമ്മിന് സെൽഫ് ഗോളായി പഴയ ഒപ്പ്; സർക്കാർ ചോദ്യമുനയിൽ, പ്രതിപക്ഷത്തിനും വാക്കുമുട്ടൽ

തിരുവനന്തപുരം: പി.എം. ശ്രീയിൽ യു.ഡി.എഫിന്‍റെ മലക്കംമറിച്ചിൽ ചൂണ്ടിക്കാട്ടി സർക്കാറിനെതിരെ കടന്നാക്രമണത്തിന് കോപ്പുകൂട്ടുമ്പോഴും എൽ.ഡി.എഫ് കാലത്തെ കരാർ ഒപ്പിടലിൽ ഉത്തരമില്ലാത്തത് സി.പി.എം നീക്കങ്ങളുടെ മുനയൊടിക്കുന്നു.

പ്രതിപക്ഷത്തായിരുന്നപ്പോൾ സ്വീകരിച്ച കർക്കശ നിലപാടിൽനിന്ന് യു.ഡി.എഫ് അതിവേഗം കരണംമറിഞ്ഞത് പ്രതിപക്ഷത്തിന് സാധ്യതയാകുമ്പോഴും പി.എം ശ്രീയുടെ ഇടതുകാലത്തെ നാൾവഴികളാണ് സി.പി.എമ്മിന് രാഷ്ട്രീയ കെണിയാകുന്നത്.

സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കാനും കേന്ദ്രനയങ്ങൾക്ക് അടിവരയിടാനുമുള്ള യു.ഡി.എഫിന്റെ നീക്കമാണിതെന്ന് സി.പി.എം കേന്ദ്രങ്ങൾ ശക്തമായി പ്രചരിപ്പിക്കുമ്പോൾ, പ്രാഥമിക കരാറിൽ സി.പി.എം ഒപ്പിട്ടത് ചൂണ്ടിയാണ് യു.ഡി.എഫിന്‍റെ പ്രതിരോധം.

ഒന്നാം പിണറായി സർക്കാറിന്‍റെ കാലത്ത് മന്ത്രിസഭയെ ഇരുട്ടിൽ നിർത്തിയാണ് വിദ്യാഭ്യാസ വകുപ്പ് കരാറിൽ ഒപ്പുവെച്ചത്. മുന്നണിക്കുള്ളിൽ പൊട്ടിത്തെറി കടുക്കുകയും സി.പി.ഐ ഇടയുകയും ചെയ്തപ്പോഴും ‘കുട്ടികളുടെ ഭാവി’ എന്ന വാദമുയർത്തി രണ്ടു ദിവസത്തോളം കരാറിനെ സി.പി.എം ന്യായീകരിച്ചു. സംസ്ഥാനത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് കേന്ദ്ര ഫണ്ട് അനിവാര്യമാണെന്നായിരുന്ന അന്ന് സി.പി.എം നിലപാട്. രാഷ്ട്രീയ സമ്മർദം കടുത്തതോടെ സി.പി.എമ്മും വിദ്യാഭ്യാസ വകുപ്പും പിന്മാറിയെങ്കിലും ഏതു സാഹചര്യത്തിലാണ് കരാർ ഒപ്പിട്ടതെന്ന ചോദ്യവും ആദ്യഘട്ടത്തിൽ ഉയർത്തിയ ന്യായവാദങ്ങളുമാണ് സി.പി.എമ്മിന്റെ ഇപ്പോഴത്തെ നിലപാടുകളെ തിരിഞ്ഞുകൊത്തുന്നത്.

കരാറിനെതിരെ ശക്തമായി വാദിച്ച യു.ഡി.എഫ്, ഭരണത്തിന് പിന്നാലെയുള്ള ചുവടുമാറ്റത്തോടെ അന്നു പറഞ്ഞതെല്ലാം വിഴുങ്ങേണ്ടിവരികയും ധാർമികമായി പ്രതിരോധത്തിലാവുകയും ചെയ്യുമ്പോഴും അക്കാര്യം ആർജവത്തോടെ രാഷ്ട്രീയമായി ചോദ്യം ചെയ്യാൻ സി.പി.എമ്മിന് കഴിയുന്നില്ല. പി.എം ശ്രീ വിഷയത്തിലെ പ്രതിപക്ഷ നേതാക്കളുടെ വാർത്തസമ്മേളനങ്ങളിലെല്ലാം ഈ അവ്യക്തത പ്രകടവുമാണ്.

അന്ന് ഒപ്പിട്ടതല്ലാതെ തുടർനടപടികളൊന്നും സ്വീകരിച്ചില്ലെന്നും യു.ഡി.എഫ് സർക്കാർ കേന്ദ്രത്തിന് പൂർണമായി കീഴടങ്ങിയെന്നുമാണ് സി.പി.എമ്മിന്റെ പുതിയ വാദം. എന്നാൽ, യു.ഡി.എഫിനെതിരെ വിഷയം ഉയർത്തിക്കാട്ടുമ്പോഴെല്ലാം കേന്ദ്രാവിഷ്കൃത നയങ്ങൾക്കെതിരെ പ്രത്യയശാസ്ത്രപരമായ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്നുവെന്ന് അവകാശപ്പെടുന്ന പാർട്ടിക്ക്, അതേ പദ്ധതിയുടെ തുടക്കക്കാരാകേണ്ടി വന്നത് ഏതു സാഹചര്യത്തിലെന്ന ചോദ്യവും നേരിടേണ്ടി വരുന്നു. പ്രതിരോധത്തിലാണെങ്കിലും ഈ രാഷ്ട്രീയ സാധ്യത മുന്നിൽക്കണ്ടാണ് ഇടതുസർക്കാർ ഒപ്പിട്ട കരാർ തുടരാൻ തങ്ങൾ നിർബന്ധിതമായെന്ന വാദമുഖമുയർത്തി സർക്കാർ ചെറുത്തുനിൽക്കുന്നത്.

Tags:    
News Summary - PM SHRI scheme: Old signature becomes self goal for CPM; Government under fire, Opposition also cornered

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.