തിരുവനന്തപുരം: അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്‍റെ ഭാഗമായി ഗവർണർ സർക്കാർ വകുപ്പ് മേധാവികളുടെ യോഗം വിളിക്കുകയും നിർദേശം നൽകുകയും ചെയ്യുന്നത് ഭരണഘടനയുടെയും ജനാധിപത്യ മര്യാദകളുടെയും ലംഘനമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. മന്ത്രിസഭ ഉപദേശ, നിർദേശ പ്രകാരമാണ് ഗവർണർ പ്രവർത്തിക്കേണ്ടത്. എന്നാൽ, ഗവർണർ സമാന്തര ഭരണകേന്ദ്രമായി പ്രവർത്തിക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്.
അത്യന്തം ഗുരുതര സാഹചര്യമാണ് സംജാതമായത്. ഇതിൽ മുഖ്യമന്ത്രിയുടെ പ്രതികരണം കണ്ടില്ല. പുതിയ സർക്കാർ സംഘ്പരിവാർ വിധേയത്വം വല്ലാതെ കാണിക്കുന്നുവെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. കിട്ടിയ അവസരം ഗവർണറും ഉപയോഗിക്കുന്നു. സംസ്ഥാനത്തിന്‍റെ അന്തസ്സ് സർക്കാർ കളഞ്ഞുകുളിക്കരുത്.
2024ൽ ചീഫ് സെക്രട്ടറിയെയും പൊലീസ് മേധാവിയെയും ഗവർണർ വിളിച്ചുവരുത്താൻ ശ്രമിച്ചിരുന്നു. അന്ന് സർക്കാർ സ്വീകരിച്ച നിലപാടും സർക്കാർ എഴുതിയ കത്തും എല്ലാവരുടെയും ഓർമയിലുണ്ടാകും. അത്തരം യോഗത്തിൽ പങ്കെടുക്കാൻ പാടില്ലെന്ന് സർക്കാർ നിർദേശം നൽകേണ്ടിയിരുന്നു. ഇക്കാര്യം ഗവർണറെയും ഉദ്യോഗസ്ഥരെയും അറിയിക്കാവുന്നതാണെന്നും പിണറായി പറഞ്ഞു.
അന്താരാഷ്ട്ര യോഗാ ദിനാഘോഷവുമായി ബന്ധപ്പെട്ടാണ് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍, ചട്ടം ലംഘിച്ച് സര്‍ക്കാര്‍ വകുപ്പുകളുടെ യോഗം വിളിച്ചു ചേര്‍ത്തത്. സംഭവത്തിൽ അസംതൃപ്തി അറിയിച്ച മുഖ്യമന്ത്രിയുടെ ഓഫിസ്, ഭാവിയില്‍ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കരുതെന്നും ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട യോഗങ്ങളോ അവലോകന യോഗങ്ങളോ സര്‍ക്കാരിന്റെ എക്‌സ്‌ക്യൂട്ടീവ് ചുമതലകളില്‍പ്പെട്ടതാണ്. ഗവർണർ നടത്തിയത് ചട്ടവിരുദ്ധമാണെന്ന് പരക്കെ വിമർശനമുയർന്നു.
ജൂണ്‍ 16നാണ് വിവാദ യോഗം ഗവർണർ വിളിച്ചത്. ലോക്ഭവനിലായിരുന്നു യോഗം. വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥരും സര്‍വകലാശാല വൈസ് ചാൻസലർമാരും നാഷണര്‍ ഹെല്‍ത്ത് മിഷന്‍ സംസ്ഥാന മേധാവിയും ഇതിൽ പങ്കെടുത്തു. യോഗാ ദിനാഘോഷവുമായി ബന്ധപ്പെട്ട് കോളേജുകളിലും സര്‍വകലാശാലകളിലും പ്രത്യേക സര്‍ക്കുലര്‍ പുറപ്പെടുവിക്കാൻ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ബി അശോകിന് ഗവര്‍ണര്‍ നിർദേശം നല്‍കുകയും ചെയ്തു.
യോഗം വിളിച്ചു ചേര്‍ത്ത വിവരം മാധ്യമ വാര്‍ത്തകളിലൂടെയാണ് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടതെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് വാർത്താകുറിപ്പിൽ പറഞ്ഞു. എന്താണ് സംഭവിച്ചത് എന്നതിനെ കുറിച്ച് ഇന്ന് രാവിലെ തന്നെ മുഖ്യമന്ത്രിയുടെ ഓഫിസ് ഗവര്‍ണറുടെ ഓഫിസുമായി ബന്ധപ്പെട്ട് വിശദാംശങ്ങള്‍ ആരാഞ്ഞു. പ്രത്യേക യോഗമെന്ന നിലയിലല്ല ഉദ്യോഗസ്ഥരെ വിളിച്ചതെന്നും യോഗാദിനത്തെ കുറിച്ചുള്ള ആശയവിനിമയം മാത്രമാണ് നടന്നതെന്നും ഗവര്‍ണറുടെ സെക്രട്ടറി ചീഫ് സെക്രട്ടറിയെ ഔദ്യോഗികമായി അറിയിച്ചു. ഇത്തരം യോഗം ചേര്‍ന്നതിലുള്ള സര്‍ക്കാരിന്റെ അസംതൃപ്തി രേഖപ്പെടുത്തി ചീഫ് സെക്രട്ടറി ലോക്ഭവന് കത്ത് നല്‍കി. ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട യോഗങ്ങളോ അവലോകന യോഗങ്ങളോ സര്‍ക്കാരിന്റെ എക്‌സ്‌ക്യൂട്ടീവ് ചുമതലകളില്‍പ്പെട്ടതാണ്. ഭാവിയില്‍ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ വേണമെന്നും ചീഫ് സെക്രട്ടറി ലോക്ഭവന് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.