കോട്ടയം: സുപ്രീംകോടതി വിധിയെത്തുടർന്ന് ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സംസ്ഥാന സർക്കാർ നിലപാട് കടുപ്പിച്ചതോട വിവിധ ഹൈന്ദവ സംഘടനകൾ പ്രതിഷേധ സമരം ശക്തമാക്കുന്നു. സുപ്രീംകോടതി വിധി പുനഃപരിശോധിക്കാന്‍ കേന്ദ്ര-സംസ്ഥാന സർക്കാറുകള്‍ മുന്‍കൈയെടുക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന സമരത്തിൽ ബി.ജെ.പി നേതാക്കളും പ്രവർത്തകരും സജീവമാണ്. തുടക്കത്തിൽ വിധിയെ പിന്തുണച്ച കോൺഗ്രസും ഇപ്പോൾ സർക്കാറിനെതിരെ രംഗത്തുണ്ട്. പുനഃപരിശോധന ഹരജി നൽകണമെന്നാണ് അവരുടെയും ആവശ്യം. ഫലത്തിൽ സമരം സർക്കാറിനെതിരെയാകുകയാണ്. എന്നാൽ, സമരത്തിെൻറ ഗതി മനസ്സിലാക്കിയ ശേഷം കൂടുതൽ ശക്തമായ നിലപാട് സ്വീകരിക്കാനാണ് കോൺഗ്രസ് തീരുമാനം.
ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി നടന്ന പ്രതിഷേധം പലയിടത്തും അക്രമാസക്തമായി. പൊലീസ് സംയമനം പാലിക്കുന്നതിനാൽ അനിഷ്ടസംഭവങ്ങൾ ഒഴിവായി. എന്നാൽ, വിധി നടപ്പാക്കാനുള്ള നീക്കവുമായി സർക്കാർ മുന്നോട്ടു പോകുകയാണ്. ശബരിമലയിലും പ്രധാന ഇടത്താവളങ്ങളിലും അടിസ്ഥാന സൗകര്യം ഒരുക്കാനുള്ള നടപടിയും ആരംഭിച്ചു. പമ്പ, സന്നിധാനം, എരുമേലി എന്നിവടങ്ങളിൽ സൗകര്യം വർധിപ്പിക്കുകയാണ് ആദ്യനടപടി.
ശബരിമല സംരക്ഷണ സമിതി നേതൃത്വത്തിൽ പലയിടത്തും വഴിതടഞ്ഞായിരുന്നു സമരം. അഖിലേന്ത്യ ഹിന്ദു പരിഷത്തും സമരരംഗത്തുണ്ട്. ബി.ജെ.പി വിഷയത്തിൽ പരസ്യനിലപാട് പ്രഖ്യപിച്ചിട്ടില്ല. എന്നാൽ, ബി.ജെ.പി-സംഘ്പരിവാർ പ്രവർത്തകരടക്കം വിവിധ ഹിന്ദു സംഘടനകളിലെ നിരവധി പേർ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.
കൊച്ചി, കോട്ടയം, തിരുവനന്തപുരം, പാലക്കാട്, പന്തളം തുടങ്ങിയിടങ്ങളിൽ റോഡുകൾ ഉപരോധിച്ചു. തിരുവനന്തപുരത്ത് പ്രാർഥന യജ്‍ഞവും പന്തളത്ത് പന്തളം കൊട്ടാര പ്രതിനിധികളുെട നേതൃത്വത്തിൽ നാമജപ ഘോഷയാത്രയും നടത്തിയായിരുന്നു പ്രതിഷേധം. യു.ഡി.എഫും സമരത്തെ പിന്തുണക്കുന്നുണ്ട്. അയ്യപ്പഭക്തരുടെ നേതൃത്വത്തിൽ പമ്പ ഗണപതി ക്ഷേത്രത്തിന് സമീപത്തും ഉപവാസസമരം നടന്നു. കോട്ടയം നഗരത്തിൽ അഞ്ഞൂറോളം പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. റോഡ് ഉപരോധിക്കാൻ ശ്രമിച്ചവരെ പൊലീസ് നീക്കം ചെയ്തു.
ശബരിമലയിൽ ആചാരാനുഷ്ഠാനങ്ങൾ നിലനിർത്തണമെന്നാവശ്യപ്പെട്ട് വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽ എരുമേലിയിൽ ബുധനാഴ്ച രാവിലെ മുതൽ പ്രതിഷേധ പരിപാടി നടത്തും. എരുമേലി പേട്ട ധർമശാസ്ത ക്ഷേത്രത്തിന് മുൻവശത്താണ് സമരം. ഒമ്പതിന് പി.സി. ജോർജ് എം.എൽ.എ വിശ്വാസസംരക്ഷണ സത്യഗ്രഹം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.