തിരുവനന്തപുരം: ശബരിമല കൊടിമര നിർമാണത്തിലെ ക്രമക്കേട് സംബന്ധിച്ച അന്വേഷണത്തിൽ അതിവേഗ നീക്കവുമായി വിജിലൻസ്. ആരോപണത്തിൽ പ്രാഥമിക അന്വേഷണം നടത്താനും ഇതിന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാനും വിജിലൻസ് തീരുമാനിച്ചു. കേസുമായി ബന്ധപ്പെട്ട രേഖകൾ ആവശ്യപ്പെട്ട് ദേവസ്വം സെക്രട്ടറിക്ക് വിജിലൻസ് ഡയറക്ടർ കത്ത് നൽകി.
അതിനിടെ കൊടിമര നിർമാണത്തിന് സ്വർണം സ്വീകരിച്ചതിൽ മുൻ അഡ്വക്കറ്റ് കമീഷണർ എ.എസ്.പി കുറുപ്പ് ഗുരുതര ചട്ടലംഘനം നടത്തിയെന്ന് കണ്ടെത്തിയതായാണ് വിവരം. എക്സിക്യൂട്ടിവ് ഓഫിസറെ ബോർഡ് ചുമതലപ്പെടുത്തിയിട്ടും ഭക്തരിൽ നിന്ന് സ്വർണം സ്വീകരിച്ചത് കുറുപ്പാണെന്നാണ് ദേവസ്വം വിജിലൻസ് കണ്ടെത്തൽ. രേഖകളിൽ സ്വർണം കൈമാറിയവരുടെ പേരുവിവരം കൃത്യമായി രേഖപ്പെടുത്തിയില്ലെന്നും കണ്ടെത്തി. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈകോടതി കഴിഞ്ഞദിവസം അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതിനു പിന്നാലെയാണ് രേഖകൾ ആവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം കത്ത് നൽകിയത്. നിലവിൽ ശബരിമലയുമായി ബന്ധപ്പെട്ട രേഖകളെല്ലാം എസ്.ഐ.ടിയിലും ദേവസ്വം വിജിലൻസ് കസ്റ്റഡിയിലുമാണ്. ദേവസ്വം വിജിലൻസ് ഹൈകോടതിക്ക് കൈമാറിയ റിപ്പോർട്ടിലാണ് മുൻ അഡ്വക്കറ്റ് കമീഷണർക്കെതിരായ പരാമർശമുള്ളത്. സ്വർണം സ്വീകരിച്ചാൽ ത്രീ എ രജിസ്റ്ററിൽ രേഖപ്പെടുത്തണമെന്നാണ് ചട്ടം.
എന്നാൽ ഇത് പാലിക്കപ്പെട്ടിട്ടില്ലെന്ന് വിജിലൻസ് കണ്ടെത്തി. സ്വർണം കൈമാറിയവരുടെ പേരുവിവരം കൃത്യമായി രേഖപ്പെടുത്തിയില്ല. ഒരു ഭക്തൻ എന്ന് മാത്രമാണ് പല രേഖകളിലുമുള്ളത്. ഇത് വളരെ ഗൗരവമായാണ് ദേവസ്വം വിജിലൻസ് കാണുന്നത്. തട്ടിപ്പിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന കാര്യവും വിശദമായി പരിശോധിച്ചുവരികയാണ്. അക്കാലത്തെ ദേവസ്വം ബോർഡ് ഭാരവാഹികളെ ഉൾപ്പെടെ ചോദ്യംചെയ്യാനും ശബരിമല കൊടിമരത്തിന്റെ വിദഗ്ധ പരിശോധന നടത്താനുമാണ് വിജിലൻസ് തീരുമാനം. എത്രയും പെട്ടെന്ന് കേസിന്റെ പ്രാഥമികാന്വേഷണം പൂർത്തിയാക്കാനാണ് നീക്കം. ശബരിമല കൊടിമര നിർമാണ ക്രമക്കേട് സംബന്ധിച്ച് പ്രാഥമികാന്വേഷണം നടത്താൻ പ്രത്യേക സംഘത്തെ നിയോഗിച്ച് വിജിലൻസ് ഡയറക്ടർ ഉത്തരവിറക്കി. ഡിവൈ.എസ്.പി സി.എസ്. ഹരിക്കാണ് അന്വേഷണ ചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.