തിരുവനന്തപുരം: എല്ലാ പഞ്ചായത്തിലും അയ്യപ്പ സംഗമം നടത്തി ശബരിമല വിമോചന പ്രസ്ഥാനം രൂപവത്കരിക്കാനുള്ള സംഘപരിവാർ നീക്കത്തിൽ തുടക്കത്തിലേ കല്ലുകടി. പമ്പയിലെ ആഗോള അയ്യപ്പ സംഗമത്തിന് ബദലായി പന്തളത്ത് നടത്തിയ ശബരിമല സംരക്ഷണ സംഗമത്തിൽ പ്രഖ്യാപിച്ച് വിമോചന പ്രസ്ഥാനം രൂപവത്കരിക്കാനായിരുന്നു തീരുമാനം.
അണിയറ നീക്കം നടത്തിയെങ്കിലും, പന്തളത്തെ സംഗമത്തെ പരിഹസിച്ച എസ്.എൻ.ഡി.പിയും എൻ.എസ്.എസും ശബരിമല വിമോചന പ്രസ്ഥാനത്തെയും പരസ്യമായി തള്ളിപറയുമോ എന്നാണ് ആശങ്ക. ശബരിമല യുവതി പ്രവേശന വേളയിൽ നാമജപ ഘോഷയാത്രക്ക് നേതൃത്വം നൽകിയ എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ സർക്കാറിൽ വിശ്വാസം പ്രഖ്യാപിച്ചു. എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആദ്യമേ സർക്കാറിനൊപ്പമാണ്.
ചുരുക്കത്തിൽ ശബരിമല വിഷയത്തിൽ സംഘപരിവാർ സംഘടനകൾ ഒറ്റപ്പെട്ട നിലയിലാണ്. ഈ അവസ്ഥയിൽ വിമോചന പ്രസ്ഥാനത്തെ വിശ്വാസികൾ ഉൾക്കൊള്ളുമോ എന്നതിലും സംശയമുണ്ട്. സംഘപരിവാറിന്റെ രാഷ്ട്രീയ അജണ്ടയെന്ന പ്രചാരണത്തെ അതിജീവിക്കലും വെല്ലുവിളിയാണ്. മന്ത്രിയായിരിക്കെ കേന്ദ്രം വിശ്വാസ സംരക്ഷണ നിയമം കൊണ്ടുവരുമെന്ന വി. മുരളീധരന്റെ പ്രഖ്യാപനം ജലരേഖയായത് ചൂണ്ടിക്കാട്ടി എൻ.എസ്.എസ് ബി.ജെ.പിക്കും കേന്ദ്ര സർക്കാറിനുമെതിരെ പരസ്യ വിമർശനമുയർത്തിയിരുന്നു.
മാത്രമല്ല പന്തളം സംഗമത്തിൽ ചെങ്കോട്ടുകോണം ശ്രീരാമദാസാശ്രമം അധ്യക്ഷൻ ശാന്താനന്ദ, വാവർ സ്വാമിയെ തീവ്രവാദിയാക്കി നടത്തിയ വിദ്വേഷപ്രസംഗവും പൊതുവിൽ സംഘപരിവാറിനെ തിരിഞ്ഞുകൊത്തുകയാണ്. വാവർക്ക് അയ്യപ്പനുമായി പുലബന്ധമില്ലെന്നും അയ്യപ്പനെ ആക്രമിക്കാൻ വന്ന തീവ്രവാദിയാണെന്നുമുള്ള വിവാദ പരാമർശത്തിൽ പൊലീസ് കേസെടുത്തിട്ടും ശാന്താനന്ദയെ പിന്തുണക്കുകയാണ് സംഘപരിവാർ. ഈ നിലപാടും ചോദ്യംചെയ്യപ്പെടുന്നുണ്ട്.
വിശ്വാസവും ആചാരവും സംരക്ഷിച്ച് ശബരിമലയെ ഹിന്ദു ക്ഷേത്രമായി നിലനിർത്തുക, ക്ഷേത്ര ഭരണം വിശ്വാസികൾക്ക് നൽകുക എന്നീ മുദ്രാവാക്യമുയർത്തി ജനകീയ മുന്നേറ്റമാണ് ശബരിമല വിമോചന പ്രസ്ഥാനത്തിലൂടെ സംഘപരിവാർ ലക്ഷ്യമിട്ടത്. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നേ ഒരുക്കം തുടങ്ങി മണ്ഡലകാലത്ത് അയ്യപ്പ ഭക്ത സംഗമം സംഘടിപ്പിച്ച് ബി.ജെ.പി മുൻ പ്രസിഡന്റ് കുമ്മനം രാജശേഖരനെ മുന്നിൽ നിർത്തി വിമോചന പ്രസ്ഥാനം രൂപവത്കരിക്കലായിരുന്നു നീക്കം. അതേസമയം അയ്യപ്പ ഭക്തർക്കെതിരായ കേസുകള്‍ പിന്‍വലിക്കുക, യുവതി പ്രവേശന സത്യവാങ്മൂലം പിന്‍വലിക്കുക എന്നിവ മാത്രം ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തിയാൽ മതിയെന്നാണ് ഒരുവിഭാഗം ചൂണ്ടിക്കാട്ടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.