പമ്പയിലും സന്നിധാനത്തും കൺട്രോൾ റൂമുകൾ
തിരുവനന്തപുരം: മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയിലെത്തുന്ന തീർഥാടകർക്ക് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ വനംവകുപ്പ് ഒരുക്കി. ഇതിന്റെ ഭാഗമായി പമ്പയിലും സന്നിധാനത്തും ഓരോ യൂനിറ്റ് എലിഫന്റ് സ്‌ക്വാഡുകളെ വിന്യസിച്ചു. തീർത്ഥാടന പാതകളിൽ 24 മണിക്കൂറും ഇവരുടെ പട്രോളിങ് ഉണ്ടാകും.
അപകടകരമായി കാണുന്ന പാമ്പുകളെ പിടികൂടി വനത്തിൽ വിടുന്നതിനു പമ്പയിലും സന്നിധാനത്തും പരിശീലനം ലഭിച്ച അംഗീകൃത സ്‌നേക്ക് റെസ്‌ക്യൂവർമാരെയും നിയോഗിച്ചിട്ടുണ്ട്. പമ്പയിലും സന്നിധാനത്തും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഫോറസ്റ്റ് കൺട്രോൾ റൂമുകൾ നവംബർ 15 മുതൽ പ്രവർത്തിക്കുന്നുണ്ട്. (നമ്പറുകൾ - പമ്പ: 0473 5203492, സന്നിധാനം :0473 5202077)
എരുമേലിയിൽ നിന്നും കാളകെട്ടി, കരിമല വഴിയുള്ള കാനനപാതയിൽ എട്ട് താവളങ്ങൾ സജ്ജീകരിച്ചു. ഇക്കോ ഡെവലപ്‌മെന്റ് കമ്മിറ്റികളുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന സേവനകേന്ദ്രങ്ങൾ ഈ താവളങ്ങളിലുണ്ട്. സൗജന്യ കുടിവെള്ളവും, വിരി വയ്ക്കുന്നതിനുള്ള സൗകര്യവുമുണ്ട്. സുരക്ഷയ്ക്കായി താവളങ്ങൾക്ക് ചുറ്റും വൈദ്യുത വേലിയും നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചു.
അടിയന്തര സാഹചര്യത്തിൽ വൈദ്യ സഹായത്തിനായി സ്‌ട്രെച്ചർ സംവിധാനവുമുണ്ട്. അവശ്യ സാധനങ്ങൾ ലഭ്യമായ ഇക്കോഷോപ്പുകളും പ്രവർത്തനം തുടങ്ങി. സത്രം മുതൽ സന്നിധാനം വരെയുള്ള കാനനപാതയിൽ അയ്യപ്പഭക്തൻമാരുടെ സുരക്ഷയ്ക്കായി വനപാലകരെയും ഇക്കോഗാർഡുമാരെയും വിന്യസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.