ശബരിമല: കോവിഡ് നിയന്ത്രണങ്ങളിൽ അയവുവരുത്തിയ സാഹചര്യത്തിൽ ശബരിമല തീർഥാടകർക്ക് കൂടുതൽ ഇളവുകൾ നൽകാൻ തീരുമാനമായി. ഭക്തർക്ക് നേരിട്ട് തിങ്കളാഴ്ച രാവിലെ ഏഴ് മുതൽ ഉച്ചക്ക് 12വരെ നെയ്യഭിഷേകം നടത്താൻ അനുമതി നൽകാനും പ്രതിദിന തീർഥാടകരുടെ എണ്ണം 60,000 ആയി ഉയർത്താനും ഉത്തരവായതായി ദേവസ്വം മന്ത്രിയുടെ ഓഫിസ് അറിയിച്ചു.
എരുമേലി വഴിയുള്ള കാനനപാത തുറക്കാനും തീരുമാനിച്ചു. ദിവസവും 45,000 പേർക്ക് ദർശനം നടത്താനായിരുന്നു അനുമതിയുണ്ടായിരുന്നത്. തിങ്കളാഴ്ച മുതൽ ഭക്തർക്ക് നേരിട്ട് നടയിലെത്തി നെയ്യഭിഷേകം നടത്തി മലയിറങ്ങാം. നെയ്യഭിഷേകത്തിന് അനുമതിയില്ലാതിരുന്നതിനാൽ ആന്ധ്രപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിലെ തീർഥാടകരുടെ എണ്ണത്തിൽ കുറവുണ്ടായിരുന്നു.
മകരവിളക്ക് ഉത്സവത്തിന് നടതുറക്കുന്നതോടെ എരുമേലി വഴിയുള്ള കാനനപാത സജീവമാകും. കോവിഡിനെ തുടർന്ന് രണ്ടു വർഷമായി അടഞ്ഞുകിടന്ന പാതയിൽ വൈദ്യസഹായ കേന്ദ്രങ്ങളും ഇടത്താവളങ്ങളും ഒരുക്കുന്ന പണി തിങ്കളാഴ്ച തുടങ്ങും. മണ്ഡലകാലം അവസാനിക്കാൻ ഒരാഴ്ച ബാക്കി നിൽക്കേ 8,11,235 തീർഥാടകരാണ് ഞായറാഴ്ചവരെ ദർശനം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.