ശബരിമല: ഇനി ശബരിമല തീർഥാടനം കരുതലോടെ. തീർഥാടക വാഹനങ്ങൾ നിലക്കൽ വരെ മാത്രമേ അനുവദിക്കൂ. പമ്പയിൽ താൽക്കാലിക പാലം നിർമിക്കും. ഒാണനാളുകളിലെ പൂജക്കായി വ്യാഴാഴ്ച നടതുറന്നെങ്കിലും ഭക്തർ എത്തിയില്ല. 27നാണ് നട അടക്കുന്നത്. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ ശബരിമലയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നാണ് ദേവസ്വം ബോർഡിെൻറ അറിയിപ്പ്.
തീർഥാടനത്തിന് ഇനി മൂന്നുമാസം മാത്രമാണുള്ളത്. നിലക്കലിൽ പാർക്കിങ് അടുത്ത മാസപൂജ മുതൽ നടപ്പാക്കും. അവിടെനിന്ന് കെ.എസ്.ആർ.ടി.സി ബസുകളിലോ ദേവസ്വം ബോർഡ് വാങ്ങാൻ ഉദ്ദേശിക്കുന്ന ഇലക്ട്രിക് വാഹനങ്ങളിലോ അയ്യപ്പന്മാരെ പമ്പയിൽ എത്തിക്കും. നേരേത്ത മുതൽ ഇത് നിർദേശിക്കപ്പെട്ടിരുന്നെങ്കിലും പ്രളയത്തിെൻറ പശ്ചാത്തലത്തിൽ നടപ്പാക്കുകയാണെന്ന് ദേവസ്വം ബോർഡ് പ്രസിഡൻറ് എ. പദ്മകുമാർ പറഞ്ഞു. വെള്ളിയാഴ്ച രാവിലെ പമ്പയിൽ മന്ത്രിതല യോഗം നടക്കും. രാവിലെ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, മാത്യു ടി. തോമസ് എന്നിവർ പമ്പയിൽ എത്തും. കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനത്തിനോടും എത്തണമെന്ന് അഭ്യർഥിച്ചിട്ടുണ്ടെന്ന് പദ്മകുമാർ അറിയിച്ചു.
പമ്പയിൽ 50 മീറ്റർ വരെ ഉയരത്തിൽ മണ്ണ് അടിഞ്ഞിട്ടുണ്ട്. ത്രിവേണി പാലത്തിന് വലതു വശത്തുകൂടിയാണ് പമ്പ മറുകരയിലേക്ക് മാറി ഒഴുകുന്നത്. ഇവിടെ മൺചിറ ഇട്ട് പുഴയുടെ ഗതി പഴയതുപോലെ പാലത്തിന് അടിയിലൂടെ ആക്കണമെന്നാണ് ആഗ്രഹിക്കുന്നത്. താൽക്കാലിക നടപ്പാലത്തിന് രണ്ട് ഭക്തർ 50 ലക്ഷം രൂപയുടെ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇപ്പോൾ സന്നിധാനത്തുള്ള ആളുകൾക്ക് അവശ്യസാധനങ്ങളും മരുന്നും പൂജാസാധനങ്ങളും എത്തിക്കേണ്ടതുണ്ട്.
നിലക്കൽ ഇടത്താവളം 250 ഏക്കർ വിസ്തൃതിയുള്ളതാണ്. എല്ലാ വാഹനങ്ങളും ഇവിടെ എത്തി അയ്യപ്പൻമാർ ഇറങ്ങി പൊതുവാഹനത്തിൽ പമ്പയിൽ എത്തിയാൽ ഗതാഗതക്കുരുക്ക് കുറയും. വനപ്രദേശത്തെ മലിനീകരണവും ഒഴിവാക്കാം. സന്നിധാനത്തെ നിർദിഷ്ട മാലിന്യ സംസ്കരണ പ്ലാൻറ് സ്ഥലംമാറ്റും. പമ്പയിൽ ഇനി മണപ്പുറത്ത് നിർമാണപ്രവർത്തനം ഉണ്ടാകില്ല. അപകടനിലയിലായ അന്നദാനമണ്ഡപം നീക്കും. മുഴുവനായോ ഭാഗികമായോ എന്ന് പരിശോധിച്ച് തീരുമാനിക്കും. ശൗചാലയ കുഴലുകൾ നന്നാക്കണം. ടാങ്ക് ചളി കയറി ഉപയോഗശൂന്യമായത് ശരിയാക്കും.
അവലോകന യോഗത്തിൽ എക്സിക്യൂട്ടിവ് എൻജീനിയർ ആർ. അജിത് കുമാർ സാങ്കേതിക കാര്യങ്ങൾ വിശദമാക്കി.പമ്പയിലെ പ്രശ്നം തീരുംവരെ പുല്ലുമേട് പാത ഉപയോഗിക്കാൻ കഴിയുമോ എന്ന് നോക്കും. ഇതിന് വനം വകുപ്പിെൻറ അനുമതി തേടും. സന്നിധാനത്ത് രോഗം ബാധിച്ച രണ്ടുപേരെ ഹെലികോപ്ടർ വഴി രക്ഷപ്പെടുത്തും. പമ്പയിലെ നടപ്പന്തൽ, രാമമൂർത്തി മണ്ഡപം, ടോയ്ലറ്റ് കോംെപ്ലക്സ്, നടപ്പാത, സർവിസ് റോഡ്, ക്ലോക്ക് റൂം എന്നിവ പൂർണമായും നശിച്ചതായും ദേവസ്വം ബോർഡ് പ്രസിഡൻറ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.