തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ദിണ്ഡിഗൽ സ്വദേശിയും റിയൽ എസ്റ്റേറ്റ് ബിസിനസുകാരനുമായ എം.എസ്. മണി ഇന്ന് പ്രത്യേക അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകും. ശബരിമലയിലടക്കം ക്ഷേത്രങ്ങളിലെ വിലപിടിപ്പുള്ള വസ്തുക്കൾ മണി നിയന്ത്രിക്കുന്ന സംഘം രാജ്യാന്തര കള്ളക്കടത്ത് സംഘത്തിന് വിറ്റുവെന്നാണ് പത്തനംതിട്ട സ്വദേശിയായ വ്യവസായിയുടെ മൊഴി.
ക്ഷേത്രങ്ങളിലെ വിലപിടിപ്പുള്ള വസ്തുക്കൾ കൈവശമുണ്ടെന്ന് എം.എസ്. മണിയെന്ന പേരിൽ അറിയപ്പെടുന്ന ഡി. മണി തന്നോട് പറഞ്ഞിരുന്നുവെന്നും തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുമായി ബന്ധപ്പെട്ട ചില കേന്ദ്രങ്ങളാണ് ഡി. മണിയെ പരിചയപ്പെടുത്തിയതെന്നും പ്രവാസി എസ്.ഐ.ടിക്ക് നൽകിയ മൊഴിയിലുണ്ട്.
തനിക്കും പുരാവസ്തു വ്യാപാരത്തിൽ താൽപര്യമുണ്ടായിരുന്നതിനാൽ ഡി. മണിയിൽനിന്ന് ഈ അമൂല്യ വസ്തുക്കൾ കാണാനായി ഡിണ്ടിഗലിലുള്ള വീട്ടിലേക്ക് പോയി. അവിടെ ചാക്കിൽ കെട്ടിയ നിലയിലാണ് ഈ വസ്തുക്കൾ ഉണ്ടായിരുന്നത്. ശബരിമല ഉൾപ്പെടെയുള്ള വിവിധ ക്ഷേത്രങ്ങളിലെ വിലപിടിപ്പുള്ള വസ്തുക്കളാണിതെന്നും ഇതൊക്കെ ഒരു പോറ്റി കൈമാറിയതാണെന്നുമാണ് മണി പറഞ്ഞത്.
എന്നാൽ, ഈ വസ്തുക്കൾ തുറന്ന് കാണാൻ കഴിഞ്ഞില്ലെന്നും വിലപേശലിലുള്ള തർക്കം മൂലം പിന്നീട് ആ കച്ചവടം നടക്കാതെ പോയെന്നുമാണ് പ്രവാസി വ്യവസായിയുടെ മൊഴി. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞയാഴ്ച ദിണ്ടിഗലിലെത്തി ഉദ്യോഗസ്ഥർ മണിയെ ചോദ്യം ചെയ്തെങ്കിലും പൊലീസ് അന്വേഷിക്കുന്ന മണി താനല്ലെന്ന നിലപാടിലാണ് ഇയാൾ. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയത്. അതേസമയം, സ്വർണക്കൊള്ള കേസിൽ റിമാൻഡിൽ കഴിയുന്ന സ്വർണവ്യാപാരി ഗോവർധൻ, ചെന്നൈ സ്മാർട് ക്രിയേഷൻ ഉടമ പങ്കജ് ഭണ്ഡാരി എന്നിവരെ കസ്റ്റഡിയിൽ വാങ്ങാൻ എസ്.ഐ.ടി ഇന്ന് അപേക്ഷ നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.