നടൻ ജയറാം
കൊച്ചി: ശബരിമല സ്വർണകൊള്ളയുമായി ബന്ധപ്പെട്ട് നടൻ ജയറാമിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. കൊച്ചിയിലെ ഇ.ഡി സോണൽ ഓഫീസിൽ വെച്ചായിരുന്നു ചോദ്യം ചെയ്യൽ. അവർക്ക് ചില സംശങ്ങളുണ്ടായിരുന്നു, എനിക്ക് അറിയാവുന്ന കാര്യങ്ങളെല്ലാം തന്നെ ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ടെന്ന് മൂന്നര മണിക്കൂർ നീണ്ടുനിന്ന ചോദ്യം ചെയ്യൽ പൂർത്തിയായ ശേഷം ജയറാം മാധ്യമങ്ങളോട് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി വീണ്ടും ഹാജരാകാൻ ഇ.ഡി ആവിശ്യപ്പെട്ടില്ലായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'പോറ്റിയുമായി ഒരു സാമ്പത്തിക ഇടപാടുമില്ല. സൗഹാർദ്ദപരമായ ചോദ്യം ചെയ്യലായിരുന്നു. എനിക്കറിയാവുന്നതെല്ലാം ഞാൻ പറഞ്ഞിട്ടുണ്ട്. കൂടുതൽ രേഖകളൊന്നും ഹാജരാക്കാൻ ഉദ്യോഗസ്ഥർ പറഞ്ഞിട്ടില്ലെന്നും വീണ്ടും ചോദ്യം ചെയ്യലിന് വിളിപ്പിച്ചിട്ടില്ലെന്നും' ജയറാം പറഞ്ഞു.
ജയറാമിനെ കൂടാതെ കൽപേഷിനേയും ഇ.ഡി ചോദ്യം ചെയ്യലിനായി കൊച്ചി ഓഫീസിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. കൽപേഷിന്റെ ചോദ്യം ചെയ്യൽ പുരഗോമിക്കുകയാണ്. ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം പൂജയിൽ പങ്കെടുത്തതിനെ ചോദ്യം ചെയ്യലിന് ശേഷവും ജയറാം ന്യായീകരിച്ചു. കേരളത്തിനകത്തും പുറത്തുമുള്ള എത്രയോ ക്ഷേത്രങ്ങളിൽ വിവിധ ചടങ്ങുകൾക്കും ഉദ്‌ഘാടനങ്ങൾക്കുമായി തന്നെ വിളിക്കാറുണ്ടെന്നും അതുപോലെയാണ് പോറ്റിക്കൊപ്പമുള്ള പൂജയെ കാണുന്നതെന്നും ജയറാം പറഞ്ഞു.
12 പേർക്കാണ് ഇ.ഡി സമൻസ് നോട്ടീസ് അയച്ചിട്ടുള്ളത്. ഇതിൽ മൂന്ന് പേരാണ് എസ്.ഐ.ടിയുടെ പ്രതികൾ. ശബരിമലയിലെ സ്വർണ കട്ടിളപ്പാളികൾ ഉണ്ണികൃഷ്ണൻ പോറ്റി വിവിധയിടങ്ങളിൽ എത്തിച്ച് പൂജ ചെയ്തതിൽ പോറ്റിയുൾപ്പെടെയുള്ളവർ പണം സമ്പാദിച്ചിരുന്നുവെന്ന് തെളിഞ്ഞിരുന്നു. എസ്.ഐ.ടി അന്വേഷണം വന്നപ്പോൾ തന്നെ, താൻ ഇതിന് പണം നൽകിയിട്ടില്ലെന്നും പോറ്റിയുമായി ചെന്നൈയിൽ വെച്ചുള്ള പരിചയത്തിൻറെ പുറത്താണ് സ്വർണം തൻറെ വീട്ടിൽ കൊണ്ട് വന്ന് പൂജ ചെയ്തതെന്നും ജയറാം പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.