രമേശ് ചെന്നിത്തല

ശബരിമല സ്വർണ്ണക്കൊള്ള: യഥാർഥ സൂത്രധാരന്മാർ മന്ത്രിമാർ; അന്വേഷണം വ്യാപിപ്പിക്കണം -രമേശ് ചെന്നിത്തല

തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് മുതിർന്ന സി.പി.എം നേതാവായ എ. പത്മകുമാർ ഉൾപ്പെടെ രണ്ട് മുൻ പ്രസിഡന്റുമാർ അറസ്റ്റിലായതിനു പിന്നാലെ ഇനി അകത്തു പോകാനുള്ളത് മന്ത്രിമാരാണെന്ന് കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല.

‘പ്രതിപക്ഷം കാലങ്ങളായി ഉന്നയിച്ചുകൊണ്ടിരുന്ന ഗുരുതരമായ ആരോപണങ്ങൾ ശരിവെക്കുന്നതാണ് ഈ അറസ്റ്റുകൾ. ഇത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ്. യഥാർഥ സൂത്രധാരന്മാർ മന്ത്രിമാരും സി.പി.എമ്മിന്റെ ഉന്നത നേതാക്കളുമാണ്. അന്വേഷണം അവരിലേക്ക് വ്യാപിപ്പിക്കണം. ഇത് ഇവിടെ അവസാനിക്കില്ല. മൂന്ന് ദേവസ്വം മന്ത്രിമാർക്ക് ഈ കൊള്ളയിൽ നേരിട്ട് പങ്കുണ്ട്. ശരിയായ രീതിയിൽ അന്വേഷണം മുന്നോട്ട് പോയാൽ അവർ അഴിയെണ്ണേണ്ടി വരും. ഞങ്ങൾ ഇത് നേരത്തെ പറഞ്ഞപ്പോൾ സർക്കാർ നിഷേധിച്ചു. ഇപ്പോൾ സത്യം പുറത്തുവരികയാണ്’ - രമേശ് ചെന്നിത്തല പറഞ്ഞു.

ഈ കൊള്ളയിലെ കിംഗ്‌പിൻ എന്നത് മന്ത്രിമാർ തന്നെയാണ്. ഉണ്ണികൃഷ്ണൻ പോറ്റിയെപ്പോലുള്ളവരെ ഊട്ടി വളർത്തിയത് ഈ മന്ത്രിമാരാണ്. ശബരിമലയിലെ സ്വർണ്ണം അടിച്ചുമാറ്റിയ ഈ സംഭവം കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതികളിലൊന്നാണ്. ഇടതുപക്ഷത്തിന് സ്വർണ്ണത്തോടുള്ള പ്രിയം സ്വർണ്ണക്കള്ളക്കടത്തിൽ നിന്ന് ഇപ്പോൾ ക്ഷേത്രസ്വർണ്ണം കൊള്ളയടിക്കുന്നതിലേക്ക് എത്തിയിരിക്കുന്നു.

തീർഥാടകരുടെ ക്ഷേമത്തിലല്ല, മറിച്ച് അവിടുത്തെ സമ്പത്ത് എങ്ങനെ കൊള്ളയടിക്കാം എന്നതിലാണ് സർക്കാറിന് താൽപര്യം. അതുകൊണ്ടാണ് അടിസ്ഥാന സൗകര്യങ്ങൾ പോലും ഒരുക്കാതെ സർക്കാർ ഭക്തരെ വലക്കുന്നത്. "ഉപ്പുതിന്നവൻ വെള്ളം കുടിക്കും" എന്നാണ് മന്ത്രി ശിവൻ കുട്ടി പ്രതികരിച്ചത്. അത് വളരെ ശരിയാണ്. ഇനിയും ഒരുപാട് പേർക്ക് വെള്ളം കുടിക്കേണ്ടി വരും. യഥാർഥ കുറ്റവാളികളായ മന്ത്രിമാരെയും ഉന്നത നേതാക്കളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നത് വരെ പ്രതിപക്ഷം ഈ പോരാട്ടം തുടരുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

ഐസ്.ഐ.ടി (പ്രത്യേക അന്വേഷണ സംഘം) മണിക്കൂറുകൾ ചോദ്യം ചെയ്തശേഷമാണ് പത്മകുമാറിനെ അറസ്റ്റ് ചെയ്തത്. തലസ്ഥാനത്തെ രഹസ്യ കേന്ദ്രത്തിലായിരുന്നു മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യൽ. വ്യാഴാഴ്ച രാവിലെയാണ് പത്മകുമാര്‍ പത്തനംതിട്ടയിലെ വീട്ടിൽ നിന്ന് എസ്‌.ഐ.ടിക്ക് മുന്നില്‍ ചോദ്യംചെയ്യലിനായി ഹാജരായത്. ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ നേരത്തേ അറസ്റ്റിലായവരുടെ മൊഴികളെല്ലാം പത്മകുമാറിനെതിരായിരുന്നു. മുരാരി ബാബു മുതല്‍ എന്‍. വാസു വരെയുള്ള പ്രതികള്‍ പത്മകുമാറിനെതിരെയാണ് മൊഴി നല്‍കിയത്. പത്മകുമാര്‍ പറഞ്ഞിട്ടാണ് സ്വര്‍ണം ചെമ്പാക്കി ഉത്തരവിറക്കിയതെന്നാണ് ഇവരുടെ മൊഴികളിലുള്ളതെന്നും സൂചനയുണ്ട്.

സ്വര്‍ണക്കൊള്ള കേസില്‍ ചോദ്യംചെയ്യലിന് ഹാജരാകാനായി എ. പത്മകുമാറിന് നേരത്തേ രണ്ടുതവണ എസ്.ഐ.ടി നോട്ടീസ് നല്‍കിയിരുന്നു. എന്നാൽ പല കാരണങ്ങൾ പറഞ്ഞ് സമയം നീട്ടി ചോദിക്കുകയായിരുന്നു. എന്‍. വാസു അറസ്റ്റിലായതിന് പിന്നാലെയാണ് പത്മകുമാറിന് രണ്ടാമതും നോട്ടീസ് നല്‍കിയത്. ഇതോടെ അന്വേഷണം ഇനി പത്മകുമാറിനെ കേന്ദ്രീകരിച്ചാണെന്ന് സൂചനയുണ്ടായിരുന്നു. എന്‍. വാസു ദേവസ്വം ബോര്‍ഡ് കമ്മീഷണറായിരിക്കെ പത്മകുമാറായിരുന്നു ബോര്‍ഡ് പ്രസിഡന്റ്. സി.പി.എം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമാണ്.

Tags:    
News Summary - Sabarimala gold robbery: The real masterminds are ministers -Ramesh Chennithala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.