തിരുവനന്തപുരം: ശബരിമല സ്വർണകൊള്ള കേസിൽ മുൻ ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസർ സുധീഷ് കുമാർ അറസ്റ്റിൽ. ഈ കേസിലെ മൂന്നാമത്തെ അറസ്റ്റാണിത്. 2019ൽ ദ്വാരപാലക ശില്പങ്ങളിലെ പാളികൾ സ്വർണം പൂശാനായി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറുമ്പോൾ എക്സിക്യൂട്ടീവ് ഓഫിസർ ആയിരുന്നു സുധീഷ്. ചെമ്പ് പാളികൾ എന്ന് രേഖപ്പെടുത്തുകയും പിന്നീട് പോറ്റിയെ സ്പോൺസർ ആക്കാമെന്ന ശിപാർശ ബോർഡിന് നൽകിയതും സുധീഷാണെന്നാണ് കണ്ടെത്തൽ.
കേസിൽ വെള്ളിയാഴ്ച ക്രൈംബ്രാഞ്ച് ഓഫിസില്‍ വെച്ച് പ്രത്യേകസംഘം ഇയാളെ ചോദ്യം ചോദ്യം ചെയ്തിരുന്നു. തുടർന്ന് സുധീഷ് കുമാറിൽ നിന്ന് ചില നിർണായക വിവരങ്ങൾ ലഭിച്ചതായാണ് സൂചന. വൈദ്യ പരിശോധനക്ക് ശേഷം റാന്നി കോടതിയിൽ ഹാജരാക്കും. വിജയ് മല്യ ശബരിമലയില്‍ സ്വര്‍ണം പൂശിയ കാലത്തെ ഫയലുകള്‍ കഴിഞ്ഞദിവസം പ്രത്യേക അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു. ദേവസ്വം മരാമത്ത് ചീഫ് എന്‍ജിനിയറുടെ ഓഫിസില്‍നിന്നാണ് രേഖകള്‍ ലഭിച്ചത്.
അന്വേഷണസംഘം ഫയലുകൾ ആവശ്യപ്പെട്ടിട്ടും ദേവസ്വം ഉദ്യോഗസ്ഥകർ കൈമാറാൻ തയാറായിരുന്നില്ല. ഇതോടെ രേഖകൾ നൽകാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അന്വേഷണ സംഘം മുന്നറിയിപ്പ് നൽകിയിരുന്നു. നേരത്തെ ഇതുമായി ബന്ധപ്പെട്ട് ചില ഫയലുകൾ ദേവസ്വം വിജിലൻസ് ശേഖരിച്ചിരുന്നു. ഇതിൽനിന്നാണ് ദ്വാരപാലക ശിൽപ പാളികളിലടക്കം പൂശിയ സ്വർണത്തിന്‍റെ അളവ് ദേവസ്വം വിജിലൻസിന് ലഭിച്ചത്. ഇവ പ്രത്യേക അന്വേഷണ സംഘത്തിന് വിജിലൻസ് കൈമാറിയിരുന്നു.
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ അറസ്റ്റിലായ മുന്‍ എക്സിക്യൂട്ടിവ് ഓഫിസര്‍ സുധീഷ് കുമാര്‍ ഗൂഢാലോചനയിൽ പങ്കാളിയെന്ന് റിമാൻഡ് റിപ്പോർട്ട്. ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണം കൈവശപ്പെടുത്താൻ അവസരം ഒരുക്കിനൽകിയ ഇയാൾ ചെമ്പുപാളിയെന്ന രേഖയുണ്ടാക്കാൻ ഗൂഢാലോചന നടത്തിയതായും റിപ്പോർട്ടിൽ പറയുന്നു.
പാളികളിൽ സ്വർണം പൊതിഞ്ഞിരുന്നതായി സുധീഷ് കുമാറിന് അറിവുണ്ടായിരുന്നു. ഇത് മറച്ചുവെച്ചാണ് ചെമ്പുപാളിയെന്ന രേഖയുണ്ടാക്കിയത്. പാളികൾ അഴിച്ചുമാറ്റുമ്പോൾ തിരുവാഭരണം കമീഷണറുടെ സാന്നിധ്യം ഉറപ്പാക്കിയില്ല. ചെമ്പുപാളികളെന്ന് രേഖപ്പെടുത്തിയ സുധീഷ് കുമാര്‍, ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം നവീകരണത്തിനായി പാളികൾ കൊടുത്തുവിടാമെന്ന് ദേവസ്വം ബോർഡിന് തെറ്റായ ശിപാർശക്കത്ത് നൽകി.
മഹസറുകളിലും ചെമ്പ് തകിടുകളെന്നാണ് സുധീഷ് കുമാർ രേഖപ്പെടുത്തിയത്. മഹസർ തയാറാക്കിയ സമയത്ത് സ്ഥലത്ത് ഇല്ലാതിരുന്നവരുടെ പേരുകൾകൂടി ഉൾപ്പെടുത്തി ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണം കൈവശപ്പെടുത്താൻ അവസരമൊരുക്കിയെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. കവർച്ച തടയാനും കണ്ടെത്തിയാൽ അക്കാര്യം ഉന്നതതലങ്ങളിൽ അറിയിക്കാനും ചുമതലപ്പെട്ട ഉദ്യോഗസ്ഥനായിരുന്ന ഇയാൾ ഒന്നാംപ്രതിക്ക് ഒത്താശ ചെയ്തു.
ഉണ്ണികൃഷ്ണൻ പോറ്റി, മുരാരി ബാബു എന്നിവർ സുധീഷ് കുമാറിനെതിരെ മൊഴി നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.കട്ടിളപ്പാളിയിൽനിന്ന് സ്വര്‍ണം അപഹരിച്ച കേസിലും ദ്വാരപാലക ശിൽപങ്ങളിൽനിന്ന് സ്വര്‍ണം കവർന്ന കേസിലും അറസ്റ്റ് രേഖപ്പെടുത്തിയ സുധീഷ് കുമാറിനെ പത്തനംതിട്ട ജഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി-രണ്ട് 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. റാന്നി കോടതി അവധിയായതിനാലാണ് പത്തനംതിട്ടയിൽ ഹാജരാക്കിയത്. തുടർന്ന് തിരുവനന്തപുരം സ്പെഷൽ സബ് ജയിലിലേക്ക് മാറ്റി.
ഇയാളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് തിങ്കളാഴ്ച പ്രത്യേക അന്വേഷണസംഘം കോടതിയിൽ അപേക്ഷ നൽകും. ഉണ്ണികൃഷ്ണൻ പോറ്റിയെയും തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും. കട്ടിളപ്പാളിയിൽനിന്ന് സ്വര്‍ണം അപഹരിച്ച കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റുമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.