1998ലാണ് ശബരിമല ശ്രീകോവിലിൽ സ്വർണം പൂശി നൽകാൻ താൽപര്യമറിയിച്ച് വിജയ് മല്യയുടെ നേതൃത്വത്തിലുണ്ടായിരുന്ന യു.ബി ഗ്രൂപ് രംഗത്തെത്തിയതോടെ ഈ കഥക്ക് തുടക്കമാകുന്നു. ചർച്ചകൾക്കൊടുവിൽ ശബരിമല ശ്രീകോവിലിലെ ചെമ്പ് തകിടുകളിൽ പരമ്പരാഗത രീതിയിൽ സ്വർണപ്പാളികൾ പതിപ്പിക്കുന്നതിന് 1998 ഏപ്രിൽ 16ന് തിരുവിതാംകൂർ ദേവസ്വം ബോർഡിനുവേണ്ടി അന്നത്തെ പ്രോജക്ട് ചീഫ് എൻജിനീയർ രവികുമാറും യു.ബി ഗ്രൂപ്പിനുവേണ്ടി എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് എ.കെ. രവി നെടുങ്ങാടിയും തമ്മിൽ കരാർ ഒപ്പിട്ടു. തുടർന്ന് ജോലികൾക്ക് അനുവാദം തേടി ബോർഡ് ഹൈകോടതിയെ സമീപിച്ചു.
1998 ഏപ്രിൽ 30ന് കോടതി അനുവാദം നൽകി. സ്വിറ്റ്സർലൻഡിൽ നിന്നായിരുന്നു ജോലികൾക്കായി സ്വർണം എത്തിച്ചത്. 1998 മേയ് 22ന് 11.664 കിലോ, ജൂണിൽ 11.665 കിലോ, ജൂലൈയിൽ ഏഴ് കിലോ എന്നിങ്ങനെ മൂന്നുതവണയായി സ്വർണം സന്നിധാനത്തേക്ക് എത്തിച്ചതായാണ് രേഖകൾ.
ചെന്നൈ മൈലാപ്പൂരിലെ ജെ.എൻ.ആർ ജ്വല്ലറി ഉടമ ജെ. നാഗരാജന്റെ നേതൃത്വത്തിലായിരുന്നു സ്വർണം പൊതിഞ്ഞത്. 1998 മേയ് 17ന് ജോലികൾ ആരംഭിച്ചു. 50 ജോലിക്കാർ സന്നിധാനത്ത് താമസിച്ചായിരുന്നു ജോലികൾ. ആദ്യം ശ്രീകോവിലിന്റെ മേൽക്കൂര, മൂന്ന് താഴികക്കുടങ്ങൾ, ശ്രീകോവിലിന്റെ മുൻവശത്തെ ഹുണ്ടികൾ എന്നിവ സ്വർണം പൂശാനായിരുന്നു തീരുമാനം. എന്നാൽ, ജോലി ആരംഭിച്ചതോടെ ശ്രീകോവിലിന്റെ സിലീങ് തടികൾക്ക് കേടുപാടുകൾ ഉള്ളതിനാൽ ഉൾഭാഗത്ത് സ്വർണം പൂശാൻ കഴിയില്ലെന്ന് കണ്ടെത്തി.
നിലവിലെ സിലീങ് പോളിഷ് മാത്രം ചെയ്തു. ഇതോടെ ഈ ജോലികൾക്കായി കണക്കാക്കിയിരുന്ന 1.4 കിലോ സ്വർണം അധികമായി. ഇത് ഉപയോഗിച്ച് രണ്ട് ദ്വാരപാലക ശിൽപങ്ങളും വശങ്ങളിലെ ഭിത്തികളും സ്വർണം പതിപ്പിക്കാമെന്ന നിർദേശം യു.ബി ഗ്രൂപ് സമർപ്പിച്ചു. ഇത് ദേവസ്വം ബോർഡ് കോടതിയിൽ സമർപ്പിച്ച് അനുമതിയും വാങ്ങി. ജോലികൾ പൂർത്തിയാക്കി 1999 മേയ് നാലിന് ദ്വാരപാലക ശിൽപങ്ങളിൽ സ്വർണം പൊതിഞ്ഞ പാളികൾ ഘടിപ്പിച്ചതായാണ് രേഖകളിലുള്ളത്.
ശബരിമല ശ്രീകോവിലിലെ ദ്വാരപാലക ശിൽപങ്ങളിലെ സ്വർണം പൂശിയ പാളികൾ പുനഃസ്ഥാപിക്കുന്നു
ജോലി പൂർത്തിയാക്കിയശേഷം, ഉപയോഗിച്ച സ്വർണത്തിന്റെ കണക്കും യു.ബി ഗ്രൂപ് ബോർഡിന് കൈമാറി. അന്നത്തെ യു.ബി ഗ്രൂപ് ഫിനാൻസ് മാനേജർ എസ്.ആർ. ജയകുമാർ നൽകിയ കത്തിൽ 30291 ഗ്രാം (30.29 കിലോ) സ്വർണം ഉപയോഗിച്ചതായാണ് അറിയിച്ചത്. ഇതിൽ ദ്വാരപാലക ശിൽപങ്ങളിലെ ചെമ്പുപാളികളിൽ 1564.190 ഗ്രാം സ്വർണം പതിപ്പിച്ചതായാണ് കണക്ക്.
ശ്രീകോവിലിന്റെ തെക്കുവടക്ക് മൂലകളിൽ ഘടിപ്പിച്ചിട്ടുള്ള തകിടുകളിലും പില്ലറുകളിലുമായി 4302.660 ഗ്രാം സ്വർണവും പൊതിഞ്ഞിട്ടുണ്ട്. ഇവ രണ്ടുമാണ് 2019 ജൂലൈ 19നും 20നും ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൊടുത്തയച്ചത്. ദ്വാരപാലക ശിൽപങ്ങളിലും ശ്രീകോവിലിലെ തെക്കുവടക്ക് മൂലകളിൽ ഘടിപ്പിച്ചിട്ടുള്ള നാല് തകിടുകളിലുമായി മൊത്തം 2064.19 ഗ്രാം സ്വർണമുള്ളതെന്നായിരുന്നു ദേവസ്വം വിജിലൻസ് കണ്ടെത്തിയിരിക്കുന്നത്. ഇതിൽനിന്ന് മാത്രം രണ്ടു കിലോയോളം സ്വർണം തട്ടിയെടുത്തുവെന്നാണ് റിമാൻഡ് റിപ്പോർട്ട്. ഇതിനു പുറമെയാണ് കട്ടിളയിലെ സ്വർണം. 2019 ജൂണിലാണ് കട്ടിളയുടെ ഏഴ് പാളികൾ പോറ്റിക്ക് കൈമാറിയത്.
ഉണ്ണികൃഷ്ണൻ പോറ്റിയുടെ രംഗപ്രവേശം
2019 ജൂൺ 17ന് ഉണ്ണികൃഷ്ണൻ പോറ്റി ശബരിമല ശ്രീകോവിലിന്റെ രണ്ട് വശങ്ങളിലുമുള്ള ദ്വാരപാലക ശിൽപങ്ങളും തെക്കും വടക്കും മൂലകളിൽ പൊതിഞ്ഞിട്ടുള്ള ചെമ്പ് തകിടുകളും സ്വന്തം ചെലവിൽ സ്വർണം പൂശിനൽകാൻ തയാറാണെന്നുകാട്ടി ശബരിമല ദേവസ്വം എക്സിക്യൂട്ടിവ് ഓഫിസർക്ക് കത്ത് നൽകി. ഇതായിരുന്നു തട്ടിപ്പിന് തുടക്കം. ഇതിൽ തന്ത്രിയുടെ അഭിപ്രായംതേടി അന്നത്തെ ദേവസ്വം അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ മുരാരി ബാബു(നിലവിൽ നടക്കുന്ന അന്വേഷണത്തിനിടെ ഇയാളെ സസ്പെൻഡ് ചെയ്തു) അന്നത്തെ ശബരിമല ദേവസ്വം എക്സിക്യൂട്ടിവ് ഓഫിസർ ഡി. സുധീഷ്കുമാറിന് കത്ത് നൽകി.
ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിയെ റാന്നി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ എത്തിച്ചപ്പോൾ
ദ്വാരപാലകരിലും തെക്കും വടക്കും മൂലകളിൽ പൊതിഞ്ഞിട്ടുള്ള ചെമ്പ് തകിടുകളിലും പൂശിയിട്ടുള്ള സ്വർണം മാഞ്ഞ് ചെമ്പ് തെളിഞ്ഞതിനാൽ പുതിയതായി സ്വർണം പൂശി വൃത്തിയായി വെക്കുന്നതിന് അനുവദിക്കാമെന്നായിരുന്നു തന്ത്രിയുടെ കുറിപ്പ്. എന്നാൽ, ഇതിലെ സ്വർണം കുറഞ്ഞ് ചെമ്പ് തെളിഞ്ഞെന്ന പരാമർശം മറച്ചുവെച്ച ഇയാൾ ചെമ്പ് പാളികൾ എന്നുമാത്രമാണ് റിപ്പോർട്ടിൽ എഴുതിയത്. തുടർന്ന് സ്വർണം പൂശാൻ ഉണ്ണികൃഷ്ണൻ പോറ്റിക്ക് അനുവാദം നൽകാമെന്നുകാട്ടി അന്നത്തെ ശബരിമല എക്സിക്യൂട്ടിവ് ഓഫിസർ ഡി. സുധീഷ് കുമാർ 2019 ജൂൺ 18ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് കമീഷണർക്ക് കത്ത് നൽകി. ഈ കത്തിലും സ്വർണപ്പാളികൾ ചെമ്പ് തകിടുകളായി.
ഇരുവരും 1998നുമുമ്പ് ദേവസ്വം ബോർഡിൽ ജോലിയിൽ പ്രവേശിച്ചവരും ശബരിമലയിൽ ജോലി ചെയ്തവരുമായിരുന്നു. പാളികളിൽ യു.ബി ഗ്രൂപ് സ്വർണപ്പാളികൾ ഘടിപ്പിച്ചതാണെന്ന് ഇവർക്ക് അറിവുമുണ്ടായിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിക്ക് അനുമതി നൽകാൻ ഡെപ്യൂട്ടി ദേവസ്വം കമീഷണർ 2019 ജൂൺ 29ന് ദേവസ്വം സെക്രട്ടറിക്ക് കത്ത് നൽകി. ജൂലൈ മൂന്നിന് കൂടിയ തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം അനുമതിയും നൽകി. സ്വർണം പൂശുന്നത് ഉൾപ്പെടെയുള്ള ജോലികൾ ഉണ്ണികൃഷ്ണൻ പോറ്റി ബംഗളൂരു എന്ന ഭക്തന്റെ പൂർണ ചെലവിലും ഉത്തവാദിത്തത്തിലും ശാസ്ത്രവിധി പ്രകാരം തിരുവാഭരണം കമീഷണറുടെ മേൽനോട്ടത്തിൽ പൂർത്തിയാക്കുന്നതിന് അനുവാദം നൽകിയെന്നാണ് ദേവസ്വം ബോർഡ് മിനുട്സ്. ഇതിലായിരുന്നു രണ്ടാമത്തെ അട്ടിമറി.
ബോർഡ് തീരുമാനം ഉത്തരവായി പുറത്തിറക്കിയ അന്നത്തെ ബോർഡ് സെക്രട്ടറി എസ്. ജയശ്രീ ഇതിൽ തിരുത്തൽ വരുത്തി. ചെമ്പ് പാളികളും തകിടുകളും സ്വർണം പൂശുന്നതിനായി ഇളക്കി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറണമെന്ന ബോർഡിന്റേതല്ലാത്ത തീരുമാനം എഴുതിച്ചേർത്തു. ഇതോടെയാണ് പാളികൾ സ്വന്തം നിലയിൽ കൊണ്ടുപോകാൻ വഴിയൊഴുങ്ങിയത്.
ജൂലൈ 19, 20 ദിവസങ്ങളിലായി പാളികളും ചെമ്പ് തകിടുകളും ഇളക്കിയെടുത്തു. ഈ മഹസറിലും സ്വർണപ്പാളികൾ എന്നതിനുപകരം ചെമ്പെന്നാണ് രേഖപ്പെടുത്തിയത്. അന്നത്തെ എക്സിക്യൂട്ടിവ് ഓഫിസർ ഡി. സുധീഷ് കുമാർ തയാറാക്കിയ മഹസറിൽ തിരുവാഭരണം കമീഷണർ, ശബരിമല എക്സിക്യൂട്ടിവ് എൻജിനീയർ, ദേവസ്വം സ്മിത്ത് എന്നിവരുടെ സാന്നിധ്യം ചൂണ്ടിക്കാട്ടിയിട്ടുണ്ടെങ്കിലും മഹസറിൽ ഒപ്പിട്ടിരുന്നില്ല. എന്നാൽ, ഇവർ സ്ഥലത്ത് ഇല്ലായിരുന്നുവെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. സ്ഥലത്ത് ഇല്ലാതിരുന്ന ഇവരുടെ പേരുകൾ ബോധപൂർവം എഴുതി പോറ്റിക്ക് ഉദ്യോഗസ്ഥർ ഒത്താശ ചെയ്യുകയായിരുന്നു. മഹസറിൽ ഉണ്ണികൃഷ്ണൻ പോറ്റിക്കാണ് നൽകുന്നതെന്ന് പറഞ്ഞതെങ്കിലും ഏറ്റുവാങ്ങിയത് പോറ്റിയുടെ സുഹൃത്തുക്കളായിരുന്ന അനന്ത സുബ്രഹ്മണ്യൻ, കർണാടക സ്വദേശി ആർ. രമേശ് എന്നിവരായിരുന്നു.
സ്വർണംപൂശിയ ദ്വാരപാലക ശിൽപങ്ങളിലെ 12 പാളികളുടെ തൂക്കം 25.20 കിലോയും തെക്കും വടക്കും പൊതിഞ്ഞ രണ്ട് തകിടുകളുടെ തൂക്കം 17.40 കിലോ എന്നിങ്ങനെ മൊത്തം ഇവയുടെ ഭാരം 42.8 കിലോയെന്നാണ് രേഖകൾ. ഇതു നേരെ ബംഗളൂരുവിലേക്കാണ് കൊണ്ടുപോയത്. തുടർന്ന് ഹൈദരാബാദിൽ ചെമ്പ്-സ്വർണം എന്നിവ അറ്റകുറ്റപ്പണികൾ നടത്തുന്ന നാഗേഷ് എന്നയാളുടെ സ്ഥാപനത്തിൽ എത്തിച്ചു. ഇവിടെനിന്ന് സ്വർണം പൂശി നൽകുന്ന ചെന്നൈയിലെ സ്മാർട്സ് ക്രിയേഷൻസിൽ ഇവ എത്തിക്കുന്നത് 39 ദിവസം കഴിഞ്ഞാണ്. പക്ഷേ, പാളികൾ തൂക്കിയപ്പോൾ 38.25 കിലോ മാത്രമായിരുന്നു തൂക്കം. 4.541 കിലോ കുറഞ്ഞു.
പിന്നീട് സ്വർണം പൂശിയ ഇവയുമായി നടൻ ജയറാം അടക്കമുള്ളവരെ പങ്കെടുപ്പിച്ച് പലയിടതും പൂജകൾ നടത്തി. സെപ്റ്റംബർ 11നാണ് അവ സന്നിധാനത്ത് ഉറപ്പിക്കുന്നത്. അപ്പോഴേക്കും 1998-99 കാലത്ത് 2064.19 ഗ്രാം സ്വർണ പതിപ്പിച്ച പാളികളിലെ സ്വർണം മുഴുവൻ ‘ചോർന്നി’രുന്നു. പുതിയതായി സ്ഥാപിച്ച പാളികളിൽ 394. 900 ഗ്രാം സ്വർണം മാത്രമാണ് ഉള്ളതെന്നാണ് വിജിലൻസ് കണ്ടെത്തിയിരിക്കുന്നത്.
വാസുവിന് എല്ലാമറിയാമായിരുന്നു
ശ്രീകോവിലിലെ കട്ടിളപ്പടിയിൽ നിന്നും ദ്വാരപാലകശിൽപങ്ങളിൽ നിന്നുമുള്ള സ്വർണം ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശമുണ്ടെന്ന് മുൻ ദേവസ്വം കമീഷണറും ദേവസ്വം പ്രസിഡന്റുമായിരുന്ന എൻ. വാസുവിന് അറിയാമായിരുന്നതായി രേഖ. ഇതുസംബന്ധിച്ച് പോറ്റി തന്നെ ദേവസ്വം പ്രസിഡന്റായിരുന്ന വാസുവിന് ഇ-മെയിൽ സന്ദേശം അയച്ചിരുന്നു. എന്നാൽ ഈ സ്വർണം തിരിച്ചുപിടിക്കുന്നതിനോ ഇതേക്കുറിച്ച് അന്വേഷിക്കുന്നതിനോ വാസു തയാറാകാത്തതിന് പിന്നിൽ മറ്റ് എന്തെങ്കിലും ഗൂഢാലോചനയുണ്ടോയെന്നാണ് പ്രത്യേക അന്വേഷണസംഘം പരിശോധിക്കുന്നത്.
2019 മാർച്ച് 14ന് ദേവസ്വം കമീഷണർ സ്ഥാനത്തുനിന്ന് വിരമിച്ച വാസു 2019 നവംബർ 15ന് ദേവസ്വം പ്രസിഡന്റായി സ്ഥാനമേറ്റു. ഈ ഘട്ടത്തിലാണ് ശ്രീകോവിലിന്റെയും പ്രധാന വാതിലിന്റെയും ദ്വാരപാലകരുടെയും സ്വർണപ്പണി പൂർത്തിയാക്കിയ ശേഷം അധിക സ്വർണം തന്റെ പക്കലുണ്ടെന്ന് അറിയിച്ചുകൊണ്ട് ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഇ-മെയിൽ വാസുവിന് ലഭിക്കുന്നത്. ഈ സ്വർണം ഒരു പെണ്‍കുട്ടിയുടെ വിവാഹ ആവശ്യത്തിന് ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും താങ്കളുടെ വിലപ്പെട്ട അഭിപ്രായം അറിയിക്കണമെന്നുമാണ് 2019 ഡിസംബർ 9ന് ഉണ്ണികൃഷ്ണൻ പോറ്റി അയച്ച ഇ-മെയിലിൽ ഉള്ളത്. എന്നാൽ, അധിക സ്വർണം എത്രയാണെന്ന് അന്വേഷിക്കുകയോ അയ്യപ്പന്റെ സ്വത്ത് സ്വകാര്യ വ്യക്തിയുടെ കൈയിലാണെന്ന് തിരിച്ചറിഞ്ഞിട്ടും ഇവ തിരിച്ചുപിടിക്കുന്നതിനോ വാസു ഒരു നടപടിയും സ്വീകരിച്ചില്ല.
വാസു ദേവസ്വം കമീഷണറായിരുന്ന കാലത്താണ് കട്ടിളപ്പടിയിലെ സ്വർണപ്പാളികളെ വെറും ചെമ്പുപാളികളാക്കി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറാൻ നിർദേശിച്ചിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കട്ടിളപ്പടികളിൽ സ്വർണം പൂശിനൽകാമെന്ന ഉണ്ണികൃഷ്ണൻ പോറ്റിയുടെ വാഗ്ദാനത്തിന്റെ അടിസ്ഥാനത്തിൽ 2019 ഫെബ്രുവരി 16ന് എക്സിക്യൂട്ടിവ് ഓഫിസറായിരുന്ന ഡി. സുധീഷ് കുമാർ അന്ന് ദേവസ്വം കമീഷണറായിരുന്ന വാസുവിന് നൽകിയ ശിപാർശയിൽ 'സ്വർണം പൊതിഞ്ഞ ചെമ്പുപാളികൾ' എന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ, ഫെബ്രുവരി 26ന് ബോർഡിന് നൽകിയ ശിപാര്‍ശയില്‍ 'സ്വര്‍ണം പൂശിയ' എന്നത് ഒഴിവാക്കി 'ചെമ്പുപാളികള്‍' മാത്രമാക്കി ബോർഡിലേക്ക് സമർപ്പിക്കുകയായിരുന്നു. ഇതും ദുരൂഹതയായി തുടരുന്നു.
ദേവസ്വം ബോർഡും പ്രതി
ശബരിമലയിലെ സ്വർണക്കൊള്ളയിൽ ദേവസ്വം വിജിലൻസ് ഹൈകോടതി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർക്കൊപ്പം 2019ലെ ദേവസ്വം ബോർഡിനെയും കൂടി പ്രതിചേർത്താണ് ക്രൈംബ്രാഞ്ച് കേസെടുത്തിരിക്കുന്നത്. ശ്രീകോവിൽ വാതിലിന്റെ കട്ടിളയുടെ സ്വർണം കവർന്ന കേസിലാണ് സി.പി.എം പത്തനംതിട്ട ജില്ല കമ്മിറ്റി അംഗവും ദേവസ്വം മുൻ പ്രസിഡന്റുമായ എ. പത്മകുമാർ, അംഗങ്ങളായ കെ.പി. ശങ്കരദാസ്, എൻ. വിജയകുമാർ എന്നിവർ അംഗങ്ങളായ ബോർഡിനെ എട്ടാം പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ദ്വാരപാലക ശിൽപപാളിയിലെ സ്വർണക്കവർച്ച, കട്ടിളയിലെ സ്വർണക്കവർച്ച എന്നിവയിൽ രണ്ട് എഫ്.എഫ്.ആർ ആണ് ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ദ്വാരപാലകശിൽപപാളികളിലെ സ്വർണക്കവർച്ച കേസിൽ 10 പ്രതികളും കട്ടിളക്കേസിൽ എട്ടു പ്രതികളുമാണുള്ളത്. രണ്ട് കേസിലും പ്രതി ഉണ്ണികൃഷ്ണൻ പോറ്റി തന്നെയാണ്. സ്വർണം പൂശിയ സ്മാർട്ട് ക്രിയേഷൻസ് നിലവിൽ പ്രതിയല്ല. കവർച്ച, വ്യാജരേഖ ചമയ്ക്കൽ, വിശ്വാസവഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. സ്വർണക്കടത്തിൽ ഉദ്യോഗസ്ഥരുടെ വീഴ്ചയെന്ന് ന്യായീകരിച്ചുകൊണ്ടിരുന്ന സർക്കാറിനും നിലവിലെ ദേവസ്വം ബോർഡിനുമുള്ള തിരിച്ചടിയാണ് 2019ലെ ദേവസ്വം ഭരണസമിതിയെ പ്രതിയാക്കിക്കൊണ്ടുള്ള പ്രത്യേക അന്വേഷണസംഘത്തിന്റെ നീക്കം.
സ്വർണം പൂശിയ കട്ടിളപ്പടിയെ വെറും ചെമ്പുതകിടുകളെന്ന് മാത്രം വിശേഷിപ്പിച്ച് ദേവസ്വം മാന്വൽ മറികടന്ന് സ്വകാര്യ വ്യക്തിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറുന്നതിൽ അന്നത്തെ ദേവസ്വം ഭരണസമിതിയുടെ ഇടപെടലുണ്ടായെന്നാണ് ഹൈകോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലെ വിജിലൻസ് കണ്ടെത്തൽ. വരും ദിവസങ്ങളിൽ എ. പത്മകുമാറിനെയും മറ്റു രണ്ട് ബോർഡ് അംഗങ്ങളെയും പ്രത്യേക അന്വേഷണസംഘത്തലവൻ എച്ച്. വെങ്കിടേഷിന്റ നേതൃത്വത്തിൽ ചോദ്യം ചെയ്യും.
എട്ടുവർഷം മുമ്പ് പരികർമി, ഇന്ന് ശബരിമലയുടെ ‘സ്പോൺസർ'
ബംഗളൂരു കോറമംഗലയ്ക്കടുത്ത് ശ്രീരാമപുരം അയ്യപ്പക്ഷേത്രത്തിലെ ശാന്തിക്കാരനായിട്ടാണ് തിരുവനന്തപുരം പുളിമാത്ത് സ്വദേശിയായ ഉണ്ണികൃഷ്ണന് പോറ്റി കര്‍ണാടകയിലെത്തിയത്. എട്ടുവര്‍ഷം മുമ്പ് മണ്ഡലകാലത്ത് കീഴ്ശാന്തിയുടെ സഹായികളായ പരികര്‍മികളില്‍ ഒരാളായിട്ടാണ് ശബരിമല സന്നിധാനത്തെത്തുന്നത്. ഈ കാലയളവിലാണ് കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, തമിഴ്നാട് എന്നിവടങ്ങളില്‍നിന്നുള്ള ധനികരായ അയ്യപ്പന്മാരെ വിശ്വാസത്തിലെടുത്ത് അവരുടെ ഇടനിലക്കാരനായി ഇയാൾ മാറുന്നത്.
ശബരിമലയില്‍ വിലകൂടിയ സമര്‍പ്പണങ്ങള്‍ നടത്താനുള്ള ഇടനിലക്കാരനായി മാറിയതോടെ ഉണ്ണികൃഷ്ണന് പോറ്റി 'സ്പോണ്സര് പോറ്റി' എന്നപേരില്‍ ഇതരസംസ്ഥാനത്തുള്ളവര്‍ക്കിടയില്‍ അറിയപ്പെട്ടുതുടങ്ങി. ഭക്തരിൽനിന്ന് വൻതുകകൾ പിരിച്ച് ശബരിമലയുടെ വികസനപ്രവർത്തനങ്ങൾക്ക് മുൻകൈയെടുക്കുന്ന പോറ്റി ദേവസ്വം ബോർഡിനും സർക്കാറിനും ചുരുങ്ങിയ കാലംകൊണ്ട് പ്രിയങ്കരനായി.
ശബരിമലയിലെ സ്ത്രീപ്രവേശനവും തുടര്‍ന്ന് വന്ന വിവാദങ്ങളും കാരണം അയ്യപ്പഭക്തരുടെ വരവുകുറഞ്ഞ കാലം. ശബരിമലയില്‍ ചില നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതും അക്കാലത്താണ്. ക്ഷേത്രവാതില്‍, കട്ടിള, ദ്വാരപാലകര്‍ എന്നിങ്ങനെ അഴിച്ചെടുക്കലും പുനഃസ്ഥാപിക്കലുമായി വിവിധ പ്രവര്‍ത്തനങ്ങള്‍. അന്ന് ക്ഷേത്രവാതിലിന് തകരാറുണ്ടെന്ന് കാണിച്ചാണ് പകരം പുതിയ വാതില്‍ സ്ഥാപിക്കുന്നത്. മല്യ സ്വര്‍ണം പൊതിഞ്ഞ വാതില്‍ തങ്ങൾ ഇപ്പോഴും സൂക്ഷിച്ചുവെച്ചിട്ടുണ്ടെന്നും ദേവസ്വം അറിയിച്ചു.
സി.കെ കണ്‍സ്ട്രക്ഷന്‍സ് ഉടമ വാസുദേവന്‍, ബംഗളൂരൂ സ്വദേശികളായ സി.ആര്. അജി കുമാര്‍, ഉണ്ണികൃഷ്ണന് പോറ്റി, രമേശ് റാവു, ബെല്ലാരി സ്വദേശി ഗോവര്ധനന് എന്നിവരായിരുന്നു സ്വര്‍ണം പൊതിഞ്ഞ വാതിലിനു പകരമെത്തിയ സ്വര്‍ണംപൂശിയ വാതിലിന്റെ സ്പോണ്‍സര്‍മാര്‍. ഇതിനുശേഷം പിന്നീടങ്ങോട്ട് ഉണ്ണികൃഷ്ണന് പോറ്റിയുടെ തീരുമാനമായിരുന്നു ദേവസ്വം ബോർഡിന്റെ നിയമം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.