പി.എസ്. പ്രശാന്ത്, അജികുമാർ
തിരുവനന്തപുരം: ശബരിമലയിൽ നെയ്യ് വിതരണം ചെയ്തതിലെ സാമ്പത്തിക തട്ടിപ്പിലും ക്രമക്കേടിലും കേസെടുത്ത വിജിലൻസ്, തിരുവിതാംകൂർ ദേവസ്വം മുൻ പ്രസിഡന്റ് പി.എസ് പ്രശാന്തിനെയും ബോർഡ് അംഗം സി.എൻ. അജികുമാറിനെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി. വിജിലൻസ് എസ്.പി സോജന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. ശബരിമല നെയ്യ് ക്രമക്കേടിൽ കേസെടുത്ത് അന്വേഷണം നടത്താൻ ഹൈകോടതി നിർദേശിച്ചിരുന്നു.
മിൽമക്ക് കരാർ ലഭിക്കുന്നതിന് പ്രശാന്തിന്റെ നേതൃത്വത്തിൽ വഴിവിട്ട ഇടപെടൽ നടത്തിയെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രാഥമിക വിലയിരുത്തൽ. കഴിഞ്ഞവർഷം മകരവിളക്ക് കാലയളവിൽ പുറത്തുനിന്ന് നെയ്യ് വാങ്ങുന്നതിന് 2024 ലാണ് ദേവസ്വം ബോർഡ് തീരുമാനമെടുത്തത്. ഇതിനായി ടെൻഡർ വിളിച്ചു. ആറ് സ്ഥാപനങ്ങൾ ടെൻഡറിൽ പങ്കാളിയായെങ്കിലും ഇതിന്റെ നടപടികൾ പുരോഗമിക്കുന്നതിനിടെ ടെൻഡർ റദ്ദാക്കി കരാർ മിൽമക്ക് നൽകുകയായിരുന്നു.
സാധാരണ നെയ്യ് ഉപയോഗിക്കുമ്പോൾ ഒരു കൂട്ട് അരവണ ഉണ്ടാക്കാൻ 10 ലിറ്റർ നെയ്യ് ആവശ്യമാണ്. എന്നാൽ, മിൽമയുടെ നെയ്യ് ആകുമ്പോൾ ഏഴു മുതൽ 7.5 ലിറ്റർ വരെ മതിയാകും. അതിനാൽ മിൽമക്ക് മുൻഗണന നൽകണമെന്നായിരുന്നു അന്നത്തെ അഡ്മിനിസ്ട്രേറ്റിവ് ഓഫിസറായിരുന്ന മുരാരി ബാബുവിന്റെ ശിപാർശ. ഇതിനെ ദേവസ്വം കമീഷണർ എതിർത്തെങ്കിലും മിൽമക്ക് തന്നെ കരാർ നൽകാൻ പ്രശാന്തും അജികുമാറും തീരുമാനമെടുത്തു.
ടെൻഡറിൽ പങ്കെടുത്ത തമിഴ്നാട്ടിൽ നിന്നുള്ള സ്ഥാപനം ഒരു ലിറ്റർ നെയ്യിന് 369 രൂപയാണ് കോട്ട് ചെയ്തത്. മിൽമയിൽ നിന്ന് വാങ്ങിയത് ലിറ്ററിന് 510 രൂപക്ക്. 1.65 ലക്ഷം ലിറ്റർ നെയ്യ് മിൽമയിൽ നിന്ന് വാങ്ങിയതിലൂടെ ദേവസ്വം ബോർഡിന് 2.27 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് ദേവസ്വം വിജിലൻസിന്റെ കണ്ടെത്തൽ. ദേവസ്വം വിജിലൻസിന്റെ റിപ്പോർട്ട് പരിശോധിച്ചശേഷമാണ് വിജിലൻസ് അന്വേഷണത്തിന് ഹൈകോടതി നിർദേശം നൽകിയത്.
ശബരിമലയിലെ മില്‍മ നെയ്യ് ഇടപാടില്‍ ദേവസ്വം ബോര്‍ഡിന് കോടികളുടെ സാമ്പത്തിക നഷ്ടമുണ്ടാകാമെന്ന് നിരീക്ഷിച്ചാണ് ഹൈകോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. ഒരു മാസത്തിനകം അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമർപ്പിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.