‘പ്രിയദർശിനിയിൽ സൗജന്യ യാത്ര വരുമാനം നോക്കിയല്ല’; സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രചാരണമെന്ന് ഗതാഗത മന്ത്രിയുടെ ഓഫിസ്, ഡിജിപിക്ക് പരാതി നൽകി
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ പ്രിയദർശിനി സ്ത്രീ സൗജന്യ യാത്ര പദ്ധതിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രചാരണം നടക്കുന്നതിൽ പൊലീസിൽ പരാതി നൽകി ഗതാഗത മന്ത്രി സി.പി ജോണിന്റെ ഓഫിസ്. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.പി. സാജുവാണ് സംസ്ഥാന പൊലീസ് മേധാവി റവാദ എ ചന്ദ്രശേഖറിന് ഇതു സംബന്ധിച്ച് പരാതി നൽകിയത്.
കെ.എസ്.ആർ.ടി.സി പ്രിയദർശിനി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര ഇനിമുതൽ വരുമാനം നോക്കി മാത്രമായിരിക്കും എന്ന തരത്തിലാണ് സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രചാരണം നടക്കുന്നത്.
പ്രിയദർശിനി പദ്ധതിയുടെ ഗുണഭോക്താക്കളിൽ നിന്ന് സർക്കാർ ജീവനക്കാരെ പൂർണമായി ഒഴിവാക്കും എന്ന പോസ്റ്ററാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സ് ആപ് തുടങ്ങിയവയിലൂടെ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നത്. ഇതിനായി പ്രിയദർശിനി കാർഡ് ഇറക്കുമെന്നും പോസ്റ്ററിലുണ്ട്. സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തവരുടെ അക്കൗണ്ട് വിവരങ്ങളും പരാതിക്കൊപ്പം പൊലീസിന് കൈമാറി.
ചില അക്കൗണ്ടുകളിൽ ഇത്തരം പോസ്റ്ററുകൾ പ്രചരിപ്പിച്ച് അഭിപ്രായ സർവേ തേടുകയും യു.ഡി.എഫ് സർക്കാറിനും മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കുമെതിരെ അശ്ലീല കമന്റുകൾ പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ടെന്നും പരാതിയിൽ പറയുന്നു. ഇവർക്കെതിരെ ഭാരതീയ ന്യായ സംഹിത 353, 356, 336 എന്നീ വകുപ്പുകൾ പ്രകാരം കർശന നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
അതേസമയം, വ്യാജപ്രചരണങ്ങൾ തള്ളിക്കളയണമെന്നും വനിതകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സൗജന്യയാത്ര തുടരുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ വ്യക്തമാക്കി.
പ്രിയദർശിനി ബസുകളുടെ എണ്ണം കൂട്ടുന്നത് ആലോചനയിലാണെന്ന് നേരത്തെ നിയമസഭയിൽ സി.പി. ജോൺ പറഞ്ഞിരുന്നു. സൗകര്യം നോക്കി മറ്റ് ബസുകളിൽ പദ്ധതി നടപ്പാക്കുന്നതിനെ കുറിച്ചും സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.