24 വർഷത്തിനുശേഷം കൊച്ചിയിൽ; യൂത്ത് ലീഗ് സംസ്ഥാന സമ്മേളനം നാളെ തുടങ്ങും

കൊച്ചി: ‘അനീതിയുടെ കാലത്തിന്, യുവതയുടെ തിരുത്ത്’ പ്രമേയവുമായി മുസ്‍ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ എറണാകുളത്ത് നടക്കും. ഇതിന്റെ ഭാഗമായി പ്രതിനിധി സമ്മേളനം, പ്രകടനം, പൊതുസമ്മേളനം തുടങ്ങിയവ സംഘടിപ്പിക്കും.

24 വർഷങ്ങൾക്കു ശേഷമാണ് എറണാകുളം സംസ്ഥാന സമ്മേളനത്തിന് വേദിയാകുന്നതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങള്‍ എന്നിവർ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.

വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് എറണാകുളം ടൗൺഹാളിൽ മുനവ്വറലി ശിഹാബ് തങ്ങൾ പതാക ഉയർത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാകും. തുടർന്ന് ഫാഷിസം, വര്‍ഗീയത, ഭരണകൂടം - തിരുത്ത് എന്ന പ്രമേയത്തിൽ നടക്കുന്ന സെമിനാർ മുസ്‌ലിം ലീഗ് അഖിലേന്ത്യ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്യും.

ശനിയാഴ്ച രാവിലെ 10ന് പ്രതിനിധി സമ്മേളനം ഭരണ പരിഷ്‌കാര കമീഷന്‍ ചെയര്‍മാന്‍ ഡോ. എം.കെ. മുനീര്‍ ഉദ്ഘാടനം ചെയ്യും. ശ്വേത ഭട്ട് മുഖ്യാതിഥിയാവും. തുടർന്ന് അപരവത്കരണത്തിന്റെ ഇന്ത്യന്‍ വര്‍ത്തമാനം, ഒറ്റ തെരഞ്ഞെടുപ്പും ഫെഡറലിസവും, സമര കാഹളം തുടങ്ങിയ സെഷനുകൾ നടക്കും.

ജെ.എൻ.യു സ്റ്റുഡന്റ് യൂനിയൻ സെക്രട്ടറി ഡാനിഷ് അലി, സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫ്, ലോക്സഭ മുൻ സെക്രട്ടറി പി.ഡി.ടി. ആചാരി, മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി അഡ്വ. ഹാരിസ് ബീരാന്‍ എം.പി എന്നിവർ വിവിധ സെഷനുകളിൽ പ്രഭാഷണം നടത്തും.

വൈകീട്ട് നാലിന് ഫ്യൂച്ചര്‍ കേരളം എന്ന വിഷയത്തിൽ മന്ത്രിമാരായ കെ.എം ഷാജി, എന്‍. ഷംസുദ്ദീന്‍, പി.കെ. ബഷീര്‍, വി.ഇ. അബ്ദുൽ ഗഫൂര്‍ എന്നിവരും വിമര്‍ശനവും പൗരബോധവും എന്ന സെഷനിൽ മന്ത്രി ഒ.ജെ. ജനീഷ്, രമേശ് പിഷാരടി എം.എല്‍.എ എന്നിവരും സംവദിക്കും.

ഞായറാഴ്ച വൈകിട്ട് മൂന്നിന് പതിനായിരങ്ങൾ പങ്കെടുക്കുന്ന റാലിയും വൈറ്റ് ഗാർഡ് പരേഡും കലൂര്‍ സ്റ്റേഡിയം പരിസരത്തുനിന്ന് ആരംഭിക്കും. അഞ്ചിന് സമാപന പൊതുസമ്മേളനം മറൈന്‍ ഡ്രൈവ് ഗ്രൗണ്ടിൽ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.

മുഖ്യമന്ത്രി വി.ഡി. സതീശന്‍ മുഖ്യാതിഥിയാകും. കര്‍ണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് എം. ഖാര്‍ഗെ മുഖ്യപ്രഭാഷണം നടത്തും. മുസ്‌ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറിയും മന്ത്രിയുമായ പി.കെ കുഞ്ഞാലിക്കുട്ടി, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല തുടങ്ങിയവർ പങ്കെടുക്കും.

അഞ്ചു ലക്ഷം യുവജനങ്ങൾ പൊതുസമ്മേളനത്തിൽ പങ്കെടുക്കും. മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി അഡ്വ. ഹാരിസ് ബീരാൻ എം.പി, യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് എം.എല്‍.എ, സംസ്ഥാന ട്രഷറര്‍ പി. ഇസ്മായില്‍, ഫാത്തിമ തഹ്ലിയ എം.എൽ.എ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.