കോട്ടയം: ശബരിമലയിൽ മാളികപ്പുറത്തിനു സമീപം വെടിമരുന്നിനു തീ പിടിച്ചുണ്ടായ അപകടത്തിൽ പൊള്ളലേറ്റ ഒരാൾ കൂടി മരിച്ചു. ചികിത്സയിൽ കഴിഞ്ഞിരുന്ന കരാർ തൊഴിലാളി ചെങ്ങന്നൂർ ചെറിയനാട് പാലക്കുന്ന് രജീഷ് (40) ആണ് മരിച്ചത്. അപകടത്തിൽ ചെറിയനാട് സ്വദേശി ജയകുമാർ നേരത്തെ മരിച്ചിരുന്നു. കഴിഞ്ഞ രണ്ടിന് വൈകിട്ട് അഞ്ചോടെ മാളികപ്പുറത്തിനു സമീപം വെടിക്കെട്ടു പുരയിൽ കതിനയിൽ വെടിമരുന്നു നിറക്കുന്നതിനിടെ തീ പടർന്നാണ് അപകടമുണ്ടായത്.
40 ശതമാനത്തിലേറെ പൊള്ളലേറ്റ രജീഷിനെ ശബരിമലയിൽ നിന്ന് ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇദ്ദേഹത്തോടൊപ്പം 20 ശതമാനത്തിലേറെ പൊള്ളലേറ്റ ചെങ്ങന്നൂർ കരയ്കാട് പാലക്കുന്ന് മോടിയിൽ അമൽ (28) മെഡിക്കൽ കോളജജിൽ ചികിത്സയിലാണ്.
60 ശതമാനത്തിലേറെ പൊള്ളലേറ്റ തോന്നയ്ക്കാട് ആറ്റുവട് ശേരി ജയകുമാർ (47) കഴിഞ്ഞ ആറിനാണ് മരിച്ചത്. മെഡിക്കൽ കോളജിലെ ബേൺസ് യുണിറ്റിലെ ഐ.സി.യു വിൽ പ്രവേശിപ്പിച്ചിരുന്ന രജീഷ് ഇന്ന് രാവിലെ 9.30 നാണ് മരിച്ചത്. ശബരിമലയിലെ വെടിക്കെട്ടു കരാറുകാരൻ്റെ തൊഴിലാളിയായി പ്രവർത്തിച്ചു വരികയായിരുന്നു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.