മണ്ഡലപൂജ തൊഴുത്‌ പതിനായിരങ്ങൾ പടിയിറങ്ങിയതോടെ ശബരിമല നട അടച്ചു

ശബരിമല:  നാല്‍പ്പത്തിയൊന്ന് ദിവസത്തെ കഠിന വ്രതാനുഷ്ഠാനങ്ങള്‍ക്ക് സമാപനം കുറിച്ച് മണ്ഡലപൂജ തൊഴുത്‌ പതിനായിരങ്ങൾ പടിയിറങ്ങിയതോടെ ശബരിമല നട അടച്ചു. അടുത്ത മണ്ഡലകാലത്ത് അയ്യനെ കാണാനാകണമെന്ന പ്രാർഥനയുമായാണ് ഓരോ അയ്യപ്പനും പമ്പാതീരം കടന്നത്. മണ്ഡല പൂജാ ദിനമായ ഇന്നലെ 9.30 വരെ മാത്രമായിരുന്നു നെയ്യഭിഷേകം. 

കലശപൂജയോടെയും കളഭാഭിഷേകത്തോടെയായിരുന്നു മണ്ഡലപൂജക്ക് തുടക്കം കുറിച്ചത്. പൂജകള്‍ക്ക് തന്ത്രി കണ്ഠരര് മഹേഷ് മോഹനരർ, മേല്‍ശാന്തി കളീയ്ക്കാമഠം എന്‍ പരമേശ്വരന്‍ നമ്പൂതിരി എന്നിവര്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു.

കിഴക്കേമണ്ഡപത്തില്‍ തന്ത്രിയുടെ നേതൃത്വത്തില്‍ 25 കലശം പൂജയും കളഭവും നടന്നു. ബ്രഹ്‌മകലശത്തില്‍ കളഭം നിറച്ച് നീരാഞ്ജനം ഉഴിഞ്ഞു. പൂജിച്ച കലശം മേല്‍ശാന്തി ഏറ്റുവാങ്ങി അഭിഷേകം നടത്തി. തുടര്‍ന്ന് മണ്ഡലപൂജയ്ക്കായി നട അടച്ചു. പിന്നീട് തങ്കയങ്കി ചാര്‍ത്തി നടതുറന്ന് കര്‍പ്പൂരം ഉഴിഞ്ഞു. രാത്രി 10ന് ഹരിവരാസനം പാടി നട അടച്ചതോടെ ഒരു മണ്ഡലകാലത്തിന് കൂടി ശുഭപര്യവസാനമായി.

ശനിയാഴ്‌ച വൈകിട്ടായിരുന്നു തങ്ക അങ്കി ചാർത്തിയുള്ള ദീപാരാധന. ശരംകുത്തിയിൽ നിന്ന്‌ ആചാരപൂർവം വരവേറ്റ തങ്ക അങ്കി ഘോഷയാത്രയെ പതിനെട്ടാം പടിക്ക്‌ മുകളിൽ ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണൻ, ദേവസ്വം ബോർഡ്‌ പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ, ബോർഡംഗങ്ങൾ എന്നിവർ ചേർന്ന്‌ സ്വീകരിച്ചു. മകരവിളക്ക് ഉത്സവത്തിനായി 30ന് വൈകിട്ട് അഞ്ചിന് നടതുറക്കും. ജനുവരി 14നാണ് മകരവിളക്ക്. ജനുവരി 20ന് ശബരിമല നട അടയ്ക്കും. 

Tags:    
News Summary - Sabarimala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.