നോട്ട്​ അസാധുവാക്കൽ: രജിസ്ട്രേഷന്‍ വകുപ്പ് സ്തംഭിച്ചു

കണ്ണൂര്‍: കള്ളപ്പണം നിയന്ത്രിക്കാനുള്ള കറന്‍സി നിരോധനം സ്വത്ത് വില്‍പന നടത്തിയവര്‍ക്കാണ് ഏറ്റവും വലിയ തിരിച്ചടിയായത്. കഴിഞ്ഞ ഒരാഴ്ചക്കിടയില്‍ ഭൂമിയും കെട്ടിടങ്ങളും വില്‍പനനടത്തി കൈയിലത്തെിയ കറന്‍സി ഇനി ബാങ്കില്‍ നിക്ഷേപിക്കുന്നത് സത്യപ്രസ്താവനയുടെ അടിസ്ഥാനത്തിലാവണമെന്നതില്‍ ആശങ്ക നിലനില്‍ക്കുകയാണ്.

സംസ്ഥാനസര്‍ക്കാറിന് ഏറ്റവും വലിയ വരുമാനസ്രോതസ്സായ രജിസ്ട്രേഷന്‍ വകുപ്പിന്‍െറ സ്റ്റാമ്പ് ഡ്യൂട്ടി ബുധനാഴ്ച 70 ശതമാനവും മുടങ്ങി. വലിയ തുകക്കുള്ള മുദ്രപത്രം വില്‍പനയും സ്തംഭിച്ചു. ലക്ഷത്തിന്‍െറ മുദ്ര കടലാസിന് 1000 രൂപയാണ് രജിസ്ട്രേഷന്‍ ഡ്യൂട്ടി. രജിസ്ട്രേഷന്‍ ഫീസ് 100 രൂപയുടെ കറന്‍സിയായി കൊണ്ടുവരാന്‍ കഴിയാത്തതിനാല്‍ എല്ലാം താളംതെറ്റി.

ബുധനാഴ്ച സംസ്ഥാനത്തെ 314 സബ്രജിസ്ട്രാര്‍ ഓഫിസുകളിലും 70 ശതമാനത്തോളം രജിസ്ട്രേഷന്‍ മുടങ്ങിയെന്നാണ് കണക്ക്. സ്വത്ത് ഇടപാടിന്‍െറ ഭൂരിഭാഗം രജിസ്ട്രേഷന്‍ നടപടിയും സര്‍ക്കാറിന്‍െറ സ്റ്റാമ്പ്ഡ്യൂട്ടി മറികടക്കുന്നതാണ്. വില്‍പനക്കരാറിലെ പത്തിലൊന്ന് രേഖയില്‍ കാണിക്കാറില്ല.

വില്‍പനക്കുശേഷം മിക്കവരും കറന്‍സിയാണ് കൈമാറാറുള്ളത്. ഇങ്ങനെ കൈയില്‍ കറന്‍സിയുള്ളവര്‍ ഇനി അത് ബാങ്കില്‍ നിക്ഷേപിക്കണമെങ്കില്‍ സത്യപ്രസ്താവന നല്‍കണം. രേഖയില്‍ വിലക്കുറവായതിനാല്‍ സ്വത്ത് വിറ്റുകിട്ടിയ തുകയാണെന്ന് സ്റ്റേറ്റ്മെന്‍റ് നല്‍കാനാവില്ല. കള്ളപ്പണക്കാരെക്കാള്‍ ഇത് വലിയ കുരുക്കാവുകയാണിവര്‍ക്ക്.

രജിസ്ട്രേഷന്‍ ഫീസ് 100 രൂപ കറന്‍സിയായേ അധികൃതര്‍ സ്വീകരിച്ചുള്ളൂ. എന്നാല്‍, രജിസ്ട്രേഷന് മുമ്പ് ആധാരമെഴുത്തുകാരുടെ ഓഫിസില്‍ വെച്ചാണ് വസ്തുവിന്‍െറ തുക പാര്‍ട്ടികള്‍ പരസ്പരം നല്‍കാറുള്ളത്. 500,1000 കറന്‍സി കെട്ടുകള്‍ സ്വീകരിക്കാന്‍ പാര്‍ട്ടികള്‍ തയാറാവാത്തതിനാലാണ് പല രജിസ്ട്രേഷനും നീട്ടിവെച്ചത്. ചില സ്വര്‍ണക്കടകളില്‍ ‘റെക്കോഡ്’ വില്‍പന അരങ്ങേറിയതിനെക്കുറിച്ച് അധികൃതര്‍ക്ക് വിവരം കിട്ടി.

സ്വര്‍ണവില കുതിച്ചുയര്‍ന്നു

സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയര്‍ന്നു. ഒറ്റ ദിവസംകൊണ്ട് പവന് 600 രൂപയുടെ വര്‍ധനയാണുണ്ടായത്.  ചൊവ്വാഴ്ച പവന്  22,880 രൂപയുണ്ടായിരുന്നത് ഇന്നലെ  23,480 രൂപയായി. ഗ്രാമിന് 75 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ആഗോള, ദേശീയ തലങ്ങളിലെ ചലനങ്ങളാണ് വിലവര്‍ധനക്ക് കാരണം. അമേരിക്കന്‍ പ്രസിഡന്‍റായി ഡൊണാള്‍ഡ് ട്രംപ് വിജയിച്ചതോടെ ഡോളറിന് ചാഞ്ചാട്ടമുണ്ടായിരുന്നു. ഡോളറിന്‍െറ നില വരുംദിവസങ്ങളിലേ വ്യക്തമാവൂ.

ഇന്ത്യയില്‍ ഉയര്‍ന്ന മൂല്യമുള്ള കറന്‍സി നോട്ടുകള്‍ അസാധുവാക്കിയതും വിപണിയില്‍ പ്രതിഫലിച്ചു. ഇതോടെ, നിക്ഷേപമെന്ന നിലക്ക് സ്വര്‍ണത്തിന് പ്രാമുഖ്യം ലഭിച്ചതാണ് വിലവര്‍ധനക്ക് കാരണം. വരുംദിവസങ്ങളിലും വില ഉയരാനാണ് സാധ്യതയെന്നാണ് വിപണിയില്‍നിന്നുള്ള സൂചന.

പരിക്കേല്‍ക്കാതെ ഇ-ഷോപ്പിങ്

 നോട്ട് നിയന്ത്രണത്തിനിടെ പരിക്കേല്‍ക്കാതെ ഓണ്‍ലൈന്‍ ഷോപ്പിങ്. എ.ടി.എം കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള വാങ്ങലുകളെയും നിയന്ത്രണം ബാധിച്ചില്ല.  മാത്രമല്ല, വന്‍  മാളുകളില്‍ നല്ല കച്ചവടമാണ് ബുധനാഴ്ചയുണ്ടായത്. ഷോപ്പിങ് സൈറ്റുകളും പരമാവധി ലാഭം കൊയ്തു. അതേ സമയം പണം കൈയിലില്ളെന്നതിനാല്‍  അവശ്യ സാധനങ്ങളൊഴികെയുള്ളവ വാങ്ങുന്നവരുടെ എണ്ണത്തില്‍ വന്‍ കുറവാണുണ്ടായത്.

Tags:    
News Summary - rupee emergency

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.