സാങ്കേതികതയില്‍  കുടുങ്ങി പോസ്റ്റ് ഓഫിസുകളും; പണം മാറ്റിനല്‍കല്‍  മണിക്കൂറുകള്‍ വൈകി

മലപ്പുറം: ഒരാള്‍ക്ക് 10,000 രൂപ മാത്രമാണ് ബാങ്കില്‍നിന്ന് ലഭിക്കുക എന്ന സാങ്കേതികത വെട്ടിലാക്കിയത് പോസ്റ്റ് ഓഫിസുകളെയും. പഴയ നോട്ടുകള്‍ക്ക് പകരം ജനങ്ങള്‍ക്ക് നല്‍കാനുള്ള പണം പിന്‍വലിക്കാനായി വെള്ളിയാഴ്ച രാവിലെ ബാങ്കുകളില്‍ എത്തിയ പോസ്റ്റ് ഓഫിസ് ജീവനക്കാര്‍ക്ക് പരമാവധി 10,000 രൂപയേ പിന്‍വലിക്കാവൂ എന്ന വിചിത്ര മറുപടിയാണ് ലഭിച്ചത്. സോഫ്റ്റ്വേയര്‍ പ്രകാരം അതേ നടക്കൂവെന്ന നിലപാടിലായിരുന്നു ബാങ്കുകാര്‍. പണം ലഭിക്കാതെ ആയതോടെ പല പോസ്റ്റ് ഓഫിസുകളിലും കറന്‍സി മാറ്റി നല്‍കല്‍ മണിക്കൂറുകള്‍ വൈകി. മലപ്പുറം ജില്ലയിലെ മിക്കവാറും പോസ്റ്റ് ഓഫിസുകള്‍ക്ക് സമാന പ്രതിസന്ധി നേരിടേണ്ടി വന്നു. ഇതോടെ പോസ്റ്റല്‍ ഡിവിഷനല്‍ സൂപ്രണ്ട് ഡയറക്ടറേറ്റുമായി ബന്ധപ്പെട്ടു.

11 മണിയോടെ പോസ്റ്റ് ഓഫിസുകള്‍ക്ക് നിര്‍ബന്ധമായും പണം നല്‍കണമെന്ന ആര്‍.ബി.ഐ നിര്‍ദേശം വന്നു. ഇതിനുശേഷമാണ് പണം വിതരണം ചെയ്തു തുടങ്ങിയത്. രാവിലെ എട്ടുമുതല്‍തന്നെ വരി നിന്നവര്‍ക്ക് 12 മണിയായിട്ടും പണം മാറ്റി ലഭിച്ചില്ല. വ്യാഴാഴ്ച വിതരണത്തിന് എത്തിച്ച പണം ബാക്കിയുള്ള പോസ്റ്റ് ഓഫിസുകളില്‍ മാത്രമാണ് പത്ത് മണിക്ക് വിതരണം തുടങ്ങിയത്. പൊതുമേഖല ബാങ്കുകളിലെ അക്കൗണ്ടുകളില്‍നിന്ന് ഓവര്‍ഡ്രാഫ്റ്റ് ആയാണ് പോസ്റ്റ് ഓഫിസുകള്‍ പണം പിന്‍വലിക്കുന്നത്. ഈ പണമാണ് ജനങ്ങള്‍ക്ക് പഴയ കറന്‍സിക്ക് പകരമായി നല്‍കുന്നത്. പോസ്റ്റ് ഓഫിസുകളില്‍ വലിയ തിരക്കാണ് വെള്ളിയാഴ്ച അനുഭവപ്പെട്ടത്. ശനിയാഴ്ച മുഴുവന്‍ സമയവും ഞായറാഴ്ച രാവിലെ പത്തുമുതല്‍ ഒന്നുവരെയും പോസ്റ്റ് ഓഫിസുകള്‍ പണം മാറ്റി നല്‍കാന്‍ ആയി തുറക്കും.

Tags:    
News Summary - rupee ban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.