കോഴിക്കോട്: ഫാറൂഖ് കോളജ് കാമ്പസിലെ പ്രഥമ സ്ഥാപനമായ റൗദത്തുൽ ഉലൂം അറബിക് കോളജിെൻറ ചരിത്രത്തിൽ തിരുവനന്തപുരത്തുകാരി റെയ്ച്ചൽ ശിൽപ ആൻറോയുടെ പേരിന് ഇനി തങ്കത്തിളക്കം. ഈ സ്ഥാപനത്തിൽനിന്ന് അഞ്ചുവർഷത്തെ അഫ്ദലുൽ ഉലമ കോഴ്സ് സംസ്ഥാനത്ത് ആദ്യമായി പൂർത്തിയാക്കിയ ക്രിസ്ത്യൻ പെൺകുട്ടിയെന്ന ചരിത്ര നേട്ടമാണ് റെയ്ച്ചൽ കൈവരിച്ചത്.
മക്കളെ അറബി പഠിപ്പിക്കണമെന്ന തിരുവനന്തപുരം നേമം മച്ചേൽ സ്വദേശി സുരേന്ദ്രെൻറ ആഗ്രഹമാണ് റെയ്ച്ചലിനെ ഇവിടെയെത്തിച്ചത്. അഞ്ചാം ക്ലാസ് മുതൽ ഒന്നാംഭാഷയായി അറബി പഠിച്ച റെയ്ച്ചലും ചെറുപ്പത്തിലേ മനസ്സിലുറപ്പിച്ചിരുന്നു, അറബിയിൽ ഉപരിപഠനം നടത്തണമെന്ന്. തിരുവനന്തപുരം വെങ്ങാനൂർ ഗേൾസ് സ്കൂളിൽനിന്ന് പത്താം ക്ലാസ് കഴിഞ്ഞപ്പോൾ റൗദത്തുൽ ഉലൂമിൽ പ്രിലിമിനറി അഫ്ദലുൽ ഉലമ കോഴ്സിന് ചേർന്നു.
കോളജിലെ സഹപാഠികളുടെയും അധ്യാപകരുടെയും പൂർണ പിന്തുണ ലഭിച്ചെന്ന് റെയ്ച്ചൽ പറഞ്ഞു. കോളജിൽ മുമ്പ് രണ്ടു കന്യാസ്ത്രീകൾ അഫ്ദലുൽ ഉലമക്ക് ചേർന്നിരുന്നെങ്കിലും അവർ പഠനം പൂർത്തീകരിച്ചില്ല. അതുകൊണ്ടുതന്നെ റെയ്ച്ചൽ കോഴ്സ് പൂർത്തിയാക്കിയത് അഭിമാനകരമാണെന്ന് പ്രിൻസിപ്പൽ ഡോ. പി. മുസ്തഫ ഫാറൂഖി പറഞ്ഞു.
പഞ്ചായത്ത് വകുപ്പിൽനിന്ന് വിരമിച്ച സുരേന്ദ്രൻ സർവിസിലെ ഏറെക്കാലവും മലബാറിലെ വിവിധയിടങ്ങളിലാണ് ജോലിചെയ്തത്. പഠനാവശ്യാർഥം പിതാവും മകളും തിരൂർ െചറിയമുണ്ടത്താണ് താമസം. അമ്മ മോളി ചാക്കോ അങ്കണവാടി അധ്യാപികയാണ്. റെയ്ച്ചലിെൻറ സഹോദരങ്ങളായ ജെ.സി.ബി ഓപറേറ്റർ പവിൻ ആൻറോയും ബി.എ ഇംഗ്ലീഷ് വിദ്യാർഥി കുഞ്ചാക്കോ ആൻറോയും അറബി പഠിച്ചിട്ടുണ്ട്. ലത്തീൻ കത്തോലിക്ക വിശ്വാസിയായ ഈ പെൺകുട്ടിക്ക് സ്വന്തം ഇടവകയിൽനിന്നുള്ള പ്രോത്സാഹനവും കിട്ടുന്നുണ്ട്. അറബി എം.എ പഠിച്ച് അധ്യാപികയാവാനാണ് റെയ്ച്ചലിെൻറ ആഗ്രഹം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.