തൃശൂർ: റോസ്‍ലിയെ കാണാതായി ഒരു മാസം കഴിഞ്ഞാണ് പരാതി നൽകിയതെന്ന് മകൾ മഞ്ജു. താൻ ഉത്തർ പ്രദേശിൽ ഒരു സംഘടനയുടെ ചാരിറ്റിയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുകയാണ്. റോസ്‍ലി കാലടി പറ്റൂര് സജീഷ് എന്നയാളോടൊപ്പം ജീവിക്കുകയാണ്. ഫോണിൽ സംസാരിക്കാറുണ്ട്. എന്നാൽ കുറേയായി വിളിച്ചിട്ട് കിട്ടാതായതോടെ കൂടെ താമസിക്കുന്ന സജീഷിനെ വിളിച്ച് അന്വേഷിച്ചപ്പോഴാണ് കാണാനില്ലെന്ന് അറിഞ്ഞതെന്ന് മകൾ പറഞ്ഞു. തുടർന്ന് നാട്ടിൽ വന്ന് കാലടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ജൂൺ എട്ടു മുതലാണ് കാണാതായത്. ആഗസ്റ്റിലാണ് കേസ് നൽകുന്നത്.
ആലുവയിൽ ആയുർവേദ കടയിൽ നിന്ന് സാധനങ്ങൾ എടുത്ത് വീടുകളിൽ വിറ്റ് ജീവിക്കുകയായിരുന്നു റോസ്‍ലി. വീട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞ് പോയെന്നാണ് കൂടെ താമസിക്കുന്ന സജീഷ് പറഞ്ഞത്. പോകുമ്പോൾ അമ്മയുടെ മാല, മോതിരം, കമ്മൽ, പാദസരം എന്നിവയെല്ലാം സജീഷിന്റെ കൈയിൽ ഏൽപ്പിച്ചാണ് പോയതെന്ന് പറയുന്നു. പൊലീസ് ഇടപെട്ട് മാലയും മോതിരവും തിരികെ വാങ്ങിത്തന്നു. മറ്റുള്ളവ ഇയാൾ പണയം വെച്ചരിക്കുകയാണെന്നാണ് പറയുന്നത്. സജീഷിനെയാണ് തങ്ങൾക്ക് സംശയമുള്ളതെന്ന് മകൾ പറയുന്നു. സജീഷ് ഇടക്കിടെ ഉപദ്രവിക്കാറുണ്ടെന്ന് അമ്മ പറയാറുണ്ട്. ഇത് പൊലീസിൽ പരാതി നൽകി ഒത്തു തീർപ്പാക്കാറാണ് പതിവ്.
ഇടുക്കി സ്വദേശികളായ തങ്ങൾ പിതാവുമായി അകന്ന് അമ്മയും താനും അനുജനും ഒരുമിച്ച് കഴിയുകയായിരുന്നു. പിന്നീട് അമ്മ മറ്റൊരാളോടൊപ്പം ജീവക്കാൻ തുടങ്ങി. തങ്ങളെല്ലാവരും വേറെ വേറെയാണ് ഇപ്പോൾ കഴിയുന്നതെന്നും മകൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.