ആലപ്പുഴ: കരുനാഗപ്പള്ളിയിലെ ലഹരിക്കടത്ത് വിഷയത്തിൽ സി.പി.എം നേതാക്കളുടെ പങ്ക് പാർട്ടിക്ക് തലവേദനയാകുന്നു. പാർട്ടി സമ്മേളനങ്ങളിലും തെരഞ്ഞെടുപ്പ് കാലത്തും മറനീക്കി പുറത്തുവന്ന വിഭാഗീയത കൂടുതൽ സജീവമാകുകയാണ്. ആരോപണവിധേയനായ സി.പി.എം നഗരസഭ കൗൺസിലറും ഏരിയ കമ്മിറ്റി അംഗവുമായ എ. ഷാനവാസിനെതിരെയുള്ള നടപടിയെച്ചൊല്ലിയാണ് പുതിയ ചേരിതിരിവ്. ചൊവ്വാഴ്ച രാത്രി നടപടി സ്വീകരിക്കാൻ ചേർന്ന ജില്ല സെക്രട്ടേറിയറ്റ് യോഗത്തിലും ഇത് പ്രകടമായിരുന്നു.
വിവാദങ്ങൾ ആവർത്തിച്ച സാഹചര്യത്തിൽ ഷാനവാസിനെ പുറത്താക്കണമെന്നും നഗരസഭ ക്ഷേമകാര്യസ്ഥിരം സമിതി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിനിർത്തണമെന്നും ജില്ല സെക്രട്ടറി ഉൾപ്പെടെ മൂന്നുപേർ ആവശ്യപ്പെട്ടു.എന്നാൽ, കേസിൽ പ്രതി ചേർക്കാത്തതിനാൽ സസ്പെൻഡ് ചെയ്ത് അന്വേഷണ കമീഷനെ നിയോഗിച്ചാൽ മതിയെന്നായിരുന്നു ഭൂരിപക്ഷത്തിന്‍റെ അഭിപ്രായം. പിന്നാലെ, ജില്ല സെക്രട്ടറിയുടെ ആവശ്യം സെക്രട്ടേറിയറ്റ് തള്ളുകയായിരുന്നു.
കരുനാഗപ്പള്ളിയിൽ വാഹന പരിശോധനക്കിടെ ഒരുകോടിയുടെ നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടിയ വാഹനങ്ങളിൽ ഒന്ന് സി.പി.എം നേതാവായ ഷാനവാസിന്‍റേതായിരുന്നു. തുടക്കത്തിൽ വിഷയം ചർച്ച ചെയ്യാൻ ചേർന്ന ഏരിയ സെന്‍റർ യോഗത്തിൽ എതിർപ്പ് ദുർബലമായിരുന്നു. 14 പേർ പങ്കെടുത്ത യോഗത്തിൽ രണ്ടുപേർ മാത്രമാണ് ഷാനവാസിനെതിരെ സംസാരിച്ചത്. പാർട്ടി സമ്മേളനത്തിലും ചേരിയായി പൊരുതിയ ഏരിയയിൽ ഒരുവിഭാഗത്തിനാണ് മുൻതൂക്കം. യോഗത്തിൽ ഇടുക്കി സ്വദേശിക്ക് വാഹനം വാടകക്ക് നൽകിയതാണെന്നും മറ്റ് ഇടപാടുകളില്ലെന്നുമായിരുന്നു വിശദീകരണം.
ഇത് വിശ്വാസത്തിലെടുക്കാത്ത മറുവിഭാഗം ശക്തമായ നടപടി വേണമെന്ന ആവശ്യമുയർത്തി. ഇത് സി.പി.എം നേതൃത്വത്തിനും വലിയ തലവേദന സൃഷ്ടിച്ചു. സെക്രട്ടേറിയറ്റിൽപോലും നേതാക്കൾ തമ്മിലുള്ള ഈചേരിതിരിവുണ്ടായി.ജനമധ്യത്തിൽ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയാളെ പുറത്താക്കണമെന്നായിരുന്നു ജില്ല സെക്രട്ടറിയുടെ നിലപാട്.പാർട്ടിക്ക് നിരന്തരം തലവേദന സൃഷ്ടിക്കുന്ന കാരണവും നിരത്തി. എന്നാൽ, ഒരുവിഭാഗം നേതാക്കള്‍ ഈ നിർദേശം പൂർണമായും തള്ളി.
നിലവിലെ സാഹചര്യത്തില്‍ പാർട്ടിയുടെ മുഖം രക്ഷിക്കാനുള്ള നടപടി മാത്രം മതിയെന്നായിരുന്നു ഇവരുടെ വാദം. മന്ത്രി സജി ചെറിയാന്റെ പി.എസ് മനു സി. പുളിക്കൽ, എച്ച്. സലാം എം.എൽ.എ, ജി. രാജമ്മ, കെ.എച്ച്. ബാബുജാൻ, ജി. വേണുഗോപാൽ, എ. മഹീന്ദ്രൻ എന്നിവരടക്കമുള്ളവർ ഈനിലപാടിനൊപ്പം ചേരുകയായിരുന്നുവെന്നാണ് വിവരം.
പിന്നീടാണ് ജില്ല സെക്രട്ടേറിയറ്റ് അംഗങ്ങളായ ജി. ഹരിശങ്കർ, കെ.എച്ച്. ബാബുരാജൻ, ജി. വേണുഗോപാൽ എന്നിവരടങ്ങുന്ന മൂന്നംഗ അന്വേഷണ കമീഷന്‍റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടിയെടുക്കാൻ തീരുമാനിച്ചത്. എന്നാൽ, കമീഷനിൽ രണ്ടുപേരും ഷാനവാസിനെ അനുകൂലിക്കുന്നവരാണെന്ന വിമർശനമുണ്ട്.
സി.പി.എമ്മിലെ ചിലർ നടത്തിയ നീക്കമാണ് ഷാനവാസ് കുടുങ്ങാൻ കാരണമെന്നും പറയപ്പെടുന്നു. അടുത്തിടെ അശ്ലീല ദൃശ്യം സൂക്ഷിച്ച നേതാവിനെതിരെ സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയത് ഷാനവാസിനെ അനുകൂലിക്കുന്നവരാണ്.ഇതിന്‍റെ പ്രതികാരമാണ് ഇപ്പോഴത്തെ നീക്കമെന്നും പറയപ്പെടുന്നു.
ജനുവരി മൂന്നിന് നഗരത്തിലെ സ്വകാര്യ ഫുട്ബാൾ ടർഫിൽ ഷാനവാസ് കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിച്ചതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.കേസിൽ മുഖ്യപ്രതിയും സീവ്യൂ വാർഡ് പടിഞ്ഞാറ് ബ്രാഞ്ചിലെ അംഗവുമായ ഇജാസും അടക്കമുള്ള സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകരും പങ്കാളിയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.