കോഴിക്കോട്: വയോധികയെ ട്രെയിനില്‍നിന്ന് തള്ളിയിട്ട് പണം കവര്‍ന്ന കേസില്‍ പ്രതി പിടിയിലായി. ഗാസിയാബാദ് സ്വദേശി മുഹമ്മദ് സൈഫ് അസ്ഖർ അലി ചൗധരി (37)യെയാണ് തിങ്കളാഴ്ച കാസർകോട്ടു നിന്നും കോഴിക്കോട്ടെത്തിച്ചത്. കവർച്ചക്ക് പല ട്രെയിനുകൾ കയറി പൻവേൽ വരെ പോയ ഇയാൾ തിരിച്ച് കാസർകോട്ടെത്തിയിരുന്നു. പിന്തുടർന്ന് വരികയായിരുന്ന പൊലീസ് അവിടെ വെച്ച് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
സി.സി.ടി.വി ദൃശ്യങ്ങള്‍ പിന്തുടര്‍ന്ന് സംഘം പനവേൽ വരെ എത്തിയിരുന്നു. തുടര്‍ന്ന് പ്രതി കേരളത്തിലേക്ക് തന്നെ തിരിച്ചെന്ന് മനസിലായതോടെ പൊലീസ് സംഘവും കേരളത്തിലേക്ക് തിരിക്കുകയായിരുന്നു. ഇയാളെ പിന്തുടർന്ന് കാസർകോട്ട് വെച്ചാണ് കസ്റ്റഡിയിലെടുത്തത്. കോഴിക്കോട്ടു നിന്നുള്ള റെയില്‍വേ പോലീസും ആർ.പി.എഫ് ക്രൈം സ്‌ക്വാഡും ജി.ആർ.പി.എഫ് ടീമും അടങ്ങുന്ന പ്രത്യേകസംഘം ഞായറാഴ്ച രാവിലെയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
ഇയാള്‍ സ്ഥിരം മോഷ്ടാവാണ്. പല സ്ഥലത്തും പല പേരുകളിലാണ് ഇയാൾ അറിയിപ്പെട്ടിരുന്നത്. താനെ, പനവേല്‍, കല്യാണ്‍ എന്നിവിടങ്ങളിലെല്ലാം ഒട്ടേറെ കവര്‍ച്ചാകേസുകളുണ്ടെന്നും അന്വേഷണോദ്യോഗസ്ഥര്‍ പറഞ്ഞു.
കവര്‍ച്ച നടത്തിയതിന് പിന്നാലെ തീവണ്ടിയില്‍നിന്ന് ചാടിയിറങ്ങിയ പ്രതി പിന്നാലെയെത്തിയ അന്ത്യോദയ എക്‌സ്പ്രസില്‍ കയറി മംഗലാപുരത്തേക്ക് രക്ഷപ്പെട്ടു. അവിടെനിന്ന് പുണെയിലേക്കുള്ള തീവണ്ടിയില്‍ കയറി പനവേലില്‍ ഇറങ്ങി. ഈ ദൃശ്യങ്ങൾ പൻവേലിൽ നിന്ന് ലഭിച്ചിരുന്നു.
വെള്ളിയാഴ്ച പുലര്‍ച്ചെ 4.50-ഓടെയായിരുന്നു സംഭവം. ചണ്ഡീഗഢ്-കൊച്ചുവേളി കേരള സമ്പര്‍ക്ക് ക്രാന്തി എക്‌സ്പ്രസിലെ യാത്രക്കാരിയായിരുന്ന തൃശ്ശൂര്‍ തലോര്‍ അമ്മിണി (64)യെയാണ് ട്രെയിനില്‍നിന്ന് തള്ളിയിട്ട് ബാഗ് കവര്‍ന്നത്. പനവേലില്‍നിന്ന് തൃശ്ശൂരിലേക്ക് സഹോദരന്‍ വര്‍ഗീസുമൊത്ത് (62) യാത്രചെയ്യുകയായിരുന്നു അമ്മിണി. കോഴിക്കോട് സ്റ്റേഷന് തെക്കുഭാഗത്ത് രണ്ട് ട്രാക്കുകള്‍ക്കിടയിലെ കരിങ്കല്‍ക്കൂനക്ക് മേലേക്ക് തെറിച്ചുവീണ യാത്രക്കാരിക്ക് തലക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.