കേരളത്തിലെ റോഡുകളിൽ 'മുതലക്കുഴി'കളെന്ന് പ്രതിപക്ഷം; കുഴികളില്ലാത്ത റോഡ് ആണ് ലക്ഷ്യമെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളിലെ കുഴികൾക്ക് പരിഹാരം തേടി നിയമസഭയിൽ പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയം. കേരളത്തിലെ റോഡുകളിൽ മുതലക്കുഴികൾ ആണെന്ന് പ്രതിപക്ഷം ആരോപിച്ചു. റോഡിലെ കുഴികൾ സംബന്ധിച്ച കോടതിയുടെ വിമർശനമുണ്ടായിട്ടും സർക്കാർ ഒന്നും ചെയ്യുന്നില്ല. പൊതുമരാമത്ത് വകുപ്പിന്‍റെ അനാസ്ഥയാണ് റോഡിലെ കുഴികൾ പെരുകാൻ കാരണമെന്നും അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ എൽദോസ് കുന്നപ്പള്ളി കുറ്റപ്പെടുത്തി.

ദിനംപ്രതി റോഡുകളിലെ കുഴികൾ പെരുകുകയും വലുതാകുകയും ചെയ്യുന്ന ദുരവസ്ഥയാണുള്ളത്. കുഴികൾ ഒരുക്കുന്ന കെണിയിൽ നിന്നും വാഹനയാത്രക്കാരുടെ കഷ്ടപ്പാടിൽ നിന്നും നാടിന് മോചനം ആവശ്യമാണ്. അതിന് വേണ്ടിയുള്ള നടപടിയാണ് സ്വീകരിക്കേണ്ടത്. ദേശീയപാതയാണെങ്കിലും സംസ്ഥാനപാതയാണെന്നും റോഡിലെ കുഴിയിൽ അപകടത്തിൽപ്പെടാനുള്ളതല്ല ജനങ്ങളുടെ ജീവനെന്നും എൽദോസ് കുന്നപ്പള്ളി ചൂണ്ടിക്കാട്ടി.

ഒരു കുഴി പോലും ഇല്ലാത്ത തരത്തിൽ കേരളത്തിലെ റോഡുകൾ മാറണമെന്നാണ് സർക്കാറിന്‍റെ ലക്ഷ്യമെന്ന് മന്ത്രി മുഹമ്മദ് റിയാസ് സഭയിൽ വ്യക്തമാക്കി. അത് ഘട്ടം ഘട്ടമായി കൈവരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ ജൂലൈ മാസവുമായി താരതമ്യം ചെയ്യുമ്പോൾ റോഡിലെ കുഴികൾ കുറഞ്ഞിട്ടുണ്ട്. സർവകാല റെക്കോഡിൽ പദ്ധതികൾ പൂർത്തിയാക്കാൻ സാധിച്ചിട്ടുണ്ട്. ഇതിന് വർക്കിങ് കലണ്ടർ ഗുണം ചെയ്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

കേരളത്തിലെ റോഡുകളിലെ കുഴികളെ കുറിച്ചുള്ള ചോദ്യത്തിന് കേന്ദ്രത്തിലെ ബി.ജെ.പിയെ കുറിച്ചാണ് പൊതുമരാമത്ത് മന്ത്രി മറുപടി പറയുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചു. മതേതരത്വത്തെ കുറിച്ച് പ്രസംഗിക്കേണ്ട അവസരം ഈ വിഷയത്തിലല്ല. മന്ത്രി സ്വയം ചെയ്ത കാര്യങ്ങൾ പുകഴ്ത്തുകയും പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങൾ ചർച്ച ചെയ്യാതിരിക്കുകയുമാണ് ചെയ്യുന്നതെന്നും സതീശൻ ചൂണ്ടിക്കാട്ടി.

റോഡിലെ കുഴികൾക്ക് പരിഹാരം കാണുമെന്ന മറുപടിയാണ് സർക്കാറിൽ നിന്ന് പ്രതീക്ഷിച്ചത്. അങ്ങനെയാണെങ്കിൽ നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോകേണ്ടെന്നാണ് പ്രതിപക്ഷം തീരുമാനിച്ചത്. രാഷ്ട്രീയ അതിപ്രസരം കലർന്ന വാക്കുകളാണ് മന്ത്രിയിൽ നിന്നുണ്ടായത്. പ്രധാനപ്പെട്ട കാര്യങ്ങളിൽ സംഘ്പരിവാറുമായി ഇടത് സർക്കാർ കോംപ്രമൈസ് ചെയ്യുകയാണ്. പ്രതിപക്ഷം ഒരു കാര്യത്തിലും സംഘ്പരിവാറുമായി കോംപ്രമൈസ് ഇല്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

മന്ത്രിയുടെ വിശദീകരണത്തെ തുടർന്ന് വിഷയം ചർച്ച ചെയ്യാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി. 

Tags:    
News Summary - Road Gutter: Opposition move Adjournment motion in Kerala Assembly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.