പത്തനംതിട്ട: പ്രളയദുരന്ത നിവാരണത്തി​​െൻറ മറവിൽ ആദ്യഘട്ടത്തിൽ 14 നദികളിൽനിന്ന്​ മണൽ വാരാനുള്ള സംസ്ഥാന സർക്കാർ തീരുമാനം വൻ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ സൃഷ്​ടിക്കും. മണ്ണും ചളിയും മണലും നീക്കാനുള്ള അനുമതി മറയാക്കി നദികളിൽനിന്ന്​ വൻതോതിൽ മണൽ കടത്താൻ മണൽ മാഫിയ രംഗത്തിറങ്ങിക്കഴിഞ്ഞു. 

വൻതോതിൽ മണൽ വാരി മരണമണി മുഴങ്ങിയപ്പോഴാണ്​ 2012ൽ സംസ്ഥാനത്ത്​ നദികളിൽനിന്നുള്ള മണൽഖനനം തടഞ്ഞത്​. സ​ുപ്രീംകോടതിയും ദേശീയ ഹരിത ട്രൈബ്യൂണലും നദികളിലെ മണൽവാരൽ ന​ിരോധിച്ച്​ ഉത്തരവും ഇതിനിടയിലിറങ്ങി. പ്രളയസാധ്യത തടയുക എന്ന ലക്ഷ്യത്തോടെയാണ്​ ഭാരതപ്പുഴ, ചന്ദ്രഗിരിപ്പുഴ, മയ്യഴിപ്പുഴ, പെരുവ​മ്പ്ര, കടലുണ്ടിപ്പുഴ, ഉപ്പളപ്പുഴ, പെരിയാർ, മൂവാറ്റുപുഴ, ചാലിയാർ, അച്ചൻകോവിലാർ, പമ്പ തുടങ്ങിയ നദികളിൽനിന്ന്​ മണലും മണ്ണും​ ചളിയും നീക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകിയത്​. 

നദിയുടെ അടിത്തട്ട്​ കുഴിച്ചതു​കൊണ്ടുമാ​ത്രം പ്രളയത്തെ തടയാൻ കഴിയില്ലെന്നും ഇത്​ നദികളുടെ നാശത്തിന്​ വഴിയൊരുക്കുമെന്നും നിയമസഭ പരിസ്ഥിതി സമിതി നേരത്തേ വ്യക്തമാക്കിയിരുന്നു​. മണൽവാരി അഗാധ ഗർത്തങ്ങളായി കിടന്ന നദികളിൽ 2018ലെ പ്രളയകാലത്ത്​ വൻതോതിൽ മണലടിഞ്ഞെന്നാണ്​ ബന്ധപ്പെട്ട വക​ുപ്പുകൾ വ്യക്തമാക്കുന്നത്. എന്നാൽ, വർഷങ്ങളുടെ ഖനനം മൂലം നാലുമുതൽ ആറുമീറ്റർ വരെ താഴ്​ന്ന നദികളുടെ അടിത്തട്ടിൽ ഒരടിപോലും ചളിയും മണലും എത്തിയിട്ടില്ലെന്ന്​ പമ്പാ പരിരക്ഷണ സമിതി അടക്കം പരിസ്ഥിതി സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.

12 നദികളിൽ അടിത്തട്ട്​ കുഴിക്കാൻ കഴിയാത്തവിധം മണൽ വാരിപ്പോയെന്ന്​ റിവർ മാനേജ്​മ​െൻറ്​ അതോറിറ്റി നടത്തിയ മണൽ ഓഡിറ്റിങ്ങിൽ മുമ്പ്​ ക​െണ്ടത്തിയിരുന്നു. ഭാരതപ്പുഴയിലെ മണൽവാരൽ കർശനമായി തടയണമെന്ന്​ മുല്ലക്കര രത്​നാകരൻ അധ്യക്ഷനായ നിയമസഭാ പരിസ്ഥിതി സമിതി 2017 ആഗസ്​റ്റ്​ 23ന്​ സർക്കാറിന്​ സമർപ്പിച്ച റി​േപ്പാർട്ടിൽ നിർദേശിച്ചിരുന്നു.

ഭാരതപ്പുഴ സംരക്ഷണ അതോറിറ്റി രൂപവത്​കരിക്കണമെന്നും 'നാഷനൽ റിവർ നെറ്റ്​വർക്കി'ൽ ഉൾപ്പെടുത്തി മാസ്​റ്റർ പ്ലാൻ തയാറാക്കാൻ കേന്ദ്രസർക്കാറിനോട്​ നിർദേശിക്കണമെന്നും സമിതി വ്യക്തമാക്കിയിരുന്നു. 10 മീറ്ററോളം അടിത്തട്ട്​ താഴ്​ന്ന നദികളുടെ ചില മേഖലകളിൽ ഉപ്പുരസം കലർന്നതും ഒാര​ുവെള്ള സാന്നിധ്യം ക​െണ്ടത്തിയതും​ കേന്ദ്ര ജലകമീഷ​​െൻറ പഠനത്തിൽ പുറത്തുവന്നിരുന്നു. പൂർണമായി നദികളെ ആശ്രയിച്ച്​ നിലനിൽക്കുന്ന കുടിവെള്ള വിതരണ പദ്ധതികൾ അടിത്തട്ട്​ മാന്തുന്നത്​ മൂലം താളംതെറ്റാനും സാധ്യതയുണ്ട്​. 

Tags:    
News Summary - River Sand Mining

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.