കോഴിക്കോട് : അധ്യയന വർഷത്തിന്റെ മുന്നോടിയായി സി.ബി.എസ്.ഇ സ്കൂളുകളിൽ നടക്കുന്ന അനധികൃത വ്യാപാരത്തിനെതിരെ കേരള റീട്ടെയിൽ ഫുട്‌വെയർ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി കോടതിയെ സമീപിക്കും. മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, ധന മന്ത്രി, ജി.എസ്.ടി കമീഷണർ, വിദ്യാഭ്യാസ ഡയറക്ടർ എന്നിവർക്ക് ഇതുസംബന്ധിച്ച് കെ.ആർ.എഫ്.എ പരാതി നൽകിയിട്ടുണ്ട്.
സംസ്ഥാനത്തെ സ്കൂളുകളിൽ നിയമാനുസൃതമല്ലാതെ സ്കൂൾ ഷൂ, ബാഗ്, സോക്‌സ് മുതലായവ കച്ചവടം ചെയ്യുന്നത് അനുവദിക്കില്ല എന്ന് സംഘടന സ്കൂളുകൾക്ക് മുന്നറിയിപ്പ് നൽകി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ കുട്ടികളുടെ ഉന്നമനത്തിന് വേണ്ടിയായിരിക്കണം നിലനിൽക്കേണ്ടതെന്നും വ്യാപാര കേന്ദ്രമാക്കി മാറ്റാൻ പാടില്ലെന്നും ഹൈക്കോടതിയുടെ ഓർഡർ ഉള്ളതാണ്. ഇത് ലംഘിച്ച് സ്കൂളുകളെ കച്ചവട കേന്ദ്രങ്ങളാക്കി മാറ്റിയാൽ സംഘടന ഹൈക്കോടതിയെ സമീപിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ജി.എസ്.ടി അടക്കം സർക്കാർ നിർദേശിക്കുന്ന നികുതികൾ അടച്ച്, ഭീമമായ അഡ്വാൻസും വാടകയും കൊടുത്താണ് വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്. ധാരാളം തൊഴിലാളികൾക്ക് ഇതുവഴി തൊഴിലും ലഭിക്കുന്നു. ഇത്തരത്തിൽ വ്യാപാരം ചെയ്യുന്ന നിരവധി ഫുട്‌വെയർ വ്യാപാരികൾ കഴിഞ്ഞ കുറച്ചുകാലങ്ങളായി മതിയായ കച്ചവടമില്ലാതെ പ്രതിസന്ധിയിലാണ്. ധാരാളം വ്യാപാര സ്ഥാപനങ്ങൾ പൂട്ടിക്കൊണ്ടിരിക്കുകയുമാണ്.
വ്യാപാരികളെ സംബന്ധിച്ച് വർഷത്തിൽ കിട്ടുന്ന സ്കൂൾ സീസൺ കച്ചവടമാണ് പിടിച്ചുനിൽക്കാനുള്ള ഏകപ്രതീക്ഷ. ജി.എസ്.ടി രജിസ്ട്രേഷൻ പോലുമില്ലാതെ സ്കൂളുകളിൽ നടക്കുന്ന കൊള്ള ലാഭമെടുത്തുള്ള കച്ചവടം ഇതും ഇല്ലാതാക്കുകയാണ്. സ്കൂളിൽ നിന്നു തന്നെ ഇവ വാങ്ങണമെന്ന് നിർബന്ധിച്ച് വിദ്യാഭ്യാസ സ്ഥാപനത്തെ കച്ചവടകേന്ദ്രമാക്കി മാറ്റുന്നത് ഇനി അനുവദിക്കില്ലെന്ന് ഭാരവാഹികൾ പറഞ്ഞു. കേരള റീട്ടയിൽ ഫുട്‌വെയർ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് നൗഷൽ തലശ്ശേരി, സെക്രട്ടറി കെ.സി. അൻവർ, ടിപ്ടോപ് ജലീൽ, മുജീബ് റഹ്മാൻ, ബിജു ഐശ്വര്യ, സവാദ് പയ്യന്നൂർ, മുഹമ്മദ് അലി, ഹരികൃഷ്ണൻ, റാഫി കുട്ടിക്കട, നാസർ പാണ്ടിക്കാട്, ഷംസുദ്ദീൻ, മുഹമ്മദ് ഹാഷിം എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.