കൊച്ചി: രക്ഷാപ്രവർത്തനം പൂർണമായതോടെ ആശങ്കയുടെ കാറും കോളുമൊഴിഞ്ഞ് എറണാകുളം ജില്ല. ദിവസങ്ങളോളം മൂടിനിന്ന മഴമേഘങ്ങൾ വെയിലിന് വഴിമാറിയപ്പോൾ രക്ഷാപ്രവർത്തനവും സുഗമമായി. മഴയും ഡാമുകളിൽനിന്നുള്ള നീരൊഴുക്കും കുറഞ്ഞതോടെ തീരപ്രദേശങ്ങളിൽനിന്നും വെള്ളമിറങ്ങിത്തുടങ്ങി. പെരിയാറും ശാന്തമാണ്. വെള്ളക്കെട്ട് ഒഴിവായതോടെ റോഡ്, ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു. മെട്രോ സർവിസും മുടക്കമില്ലാതെ നടക്കുന്നുണ്ട്. അതേസമയം, 760 ക്യാമ്പുകളിലായി 95,398 കുടുംബങ്ങളിലെ 3.72 ലക്ഷം പേർ തുടരുന്നുണ്ട്.
ജില്ലയിലെ രക്ഷാപ്രവർത്തനം പൂർണമായെന്ന് കലക്ടർ മുഹമ്മദ് വൈ. സഫീറുല്ല അറിയിച്ചു. പ്രളയത്തിൽ അകപ്പെട്ട അവസാനത്തെ ആളെയും തിങ്കളാഴ്ചയോടെ സുരക്ഷിതരാക്കി. പ്രളയക്കെടുതി ഏറെ ബാധിച്ച ആലുവയിലാണ് ഏറ്റവും കൂടുതൽ ക്യാമ്പുകളുള്ളത്. 203 ക്യാമ്പുകളിലായി 1,28,186 പേരാണ് ഇവിടെയുള്ളത്. തീരമേഖലകളിലെ വെള്ളമിറങ്ങിയെങ്കിലും പറവൂരിലെ പല പ്രദേശങ്ങളിലും ഇപ്പോഴും വെള്ളം കെട്ടിനിൽക്കുന്നുണ്ട്. ഇവിടേക്കുള്ള ഗതാഗതവും ജലവിതരണവും തടസ്സപ്പെട്ടിരിക്കുകയാണ്. പ്രളയത്തിൽ ഒറ്റപ്പെട്ട കാലടിയും ദുരിതത്തിൽനിന്ന് കരകയറുന്നതേയുള്ളൂ.
ജില്ലയിലെ ജലവിതരണം ചൊവ്വാഴ്ചയോടെ സാധാരണ നിലയിലാകുമെന്നാണ് അധികൃതർ നൽകുന്ന വിവരം. ആലുവ, ചാലക്കുടി, വടക്കാഞ്ചേരി മേഖലകളിൽ മേൽപാലങ്ങൾ അപകടത്തിലായതും മണ്ണിടിച്ചിലും മൂലം നിർത്തിവെച്ച ട്രെയിൻ ഗതാഗതം പുനരാരംഭിച്ചു. എറണാകുളം-ഷൊർണൂർ പാതയിൽ ഭാഗികമായും ട്രെയിൻ ഗതാഗതം ആരംഭിച്ചു.
അതേസമയം, 26 പാസഞ്ചർ ട്രെയിനുകളുടെ സർവിസ് ഇന്നും റദ്ദാക്കി. റോഡ് ഗതാഗതവും ഏറക്കുറെ പൂർണമായി പുനരാരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.