കൊച്ചി: സംസ്ഥാന സ്‌കൂൾ കലോത്സവ റിപ്പോർട്ടിങ്ങിലെ ദ്വയാർഥ പ്രയോഗവുമായി ബന്ധപ്പെട്ട് ചാനൽ പ്രവർത്തകരെ അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടണമെന്ന് ഹൈകോടതി. തിരുവനന്തപുരം കന്‍റോൺമെന്‍റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതി ചേർക്കപ്പെട്ട റിപ്പോർട്ടർ ചാനൽ കൺസൾട്ടിങ് എഡിറ്റർ കെ. അരുൺകുമാർ, സബ് എഡിറ്റർ എസ്. ഷഹബാസ് അഹമ്മദ് എന്നിവർ നൽകിയ മുൻകൂർ ജാമ്യ ഹരജിയിലാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍റെ ഉത്തരവ്.
പൊലീസിന്‍റെ വിശദീകരണം തേടിയ കോടതി ഹരജി പിന്നീട് പരിഗണിക്കാൻ മാറ്റി. കുട്ടിക്കും രക്ഷിതാക്കൾക്കും പരാതിയില്ലെങ്കിൽ പബ്ലിസിറ്റിക്ക് വേണ്ടിയാണോ കേസെടുത്തതെന്ന് ഹരജി പരിഗണിക്കുന്നതിനിടെ കോടതി വാക്കാൽ ചോദിച്ചു.
കലോത്സവത്തിൽ ഒപ്പനയുടെ റിപ്പോർട്ടിങ്ങിനിടെ ദ്വയാർഥ പ്രയോഗം നടത്തിയെന്ന് ആരോപിച്ച് ശിശുക്ഷേമസമിതി നൽകിയ പരാതിയിലാണ് പോക്സോ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തത്. തങ്ങൾക്കെതിരായ ആരോപണങ്ങൾ രാഷ്ട്രീയപ്രേരിതമാണെന്ന് ഹരജിയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.