കൊല്ലം-എറണാകുളം റൂട്ടിലെ യാത്രാദുരിതത്തിന് പരിഹാരം; പുതിയ മെമു സർവിസിന് റെയിൽവേ മന്ത്രിയുടെ അംഗീകാരം
കൊല്ലം: വൈകുന്നേരങ്ങളിലെ വേണാട് എക്സ്പ്രസിലെ അതിരൂക്ഷമായ തിരക്ക് കുറക്കുന്നതിനും എറണാകുളം മുതൽ കൊല്ലം വരെയുള്ള യാത്രക്കാർക്ക് അധിക യാത്രാസൗകര്യം ഉറപ്പാക്കുന്നതിനുമായി കൊല്ലം-കോട്ടയം മെമു സർവിസ് എറണാകുളം വരെ നീട്ടാൻ റെയിൽവേ മന്ത്രാലയം തീരുമാനിച്ചു. പുതിയ സർവിസിന്റെ സമയക്രമവും സ്റ്റോപ്പുകളും തീരുമാനിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഫയലിൽ ഒപ്പുവച്ചു.
തിങ്കളാഴ്ച ട്രെയിൻ സർവിസ് ഔദ്യോഗികമായി നോട്ടിഫൈ ചെയ്യും. മാവേലിക്കര എം.പി കൊടിക്കുന്നിൽ സുരേഷ് നടത്തിയ നിരന്തര ഇടപെടലുകളുടെയും കേന്ദ്ര റെയിൽവേ മന്ത്രിയുമായും റെയിൽവേ ബോർഡുമായും നടത്തിയ ചർച്ചകളുടെയും ഫലമായാണ് ഈ തീരുമാനം. പുതിയ മെമു സർവിസ് കൊല്ലത്തുനിന്ന് ഉച്ചകഴിഞ്ഞ് 1.40ന് പുറപ്പെട്ട് എറണാകുളത്തേക്കും എറണാകുളത്തുനിന്ന് വൈകീട്ട് 5.25ന് പുറപ്പെട്ട് കൊല്ലത്തേക്കും സർവിസ് നടത്തും. നിശ്ചയിച്ച സമയക്രമം അനുസരിച്ച് സർവിസ് ആരംഭിക്കുന്നതോടെ ഇരു ദിശകളിലുമുള്ള സ്ഥിരം യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായ യാത്രാസംവിധാനം ലഭ്യമാകും. വൈകീട്ട് എറണാകുളത്തുനിന്ന് കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കൊല്ലം തുടങ്ങിയ മേഖലകളിലേക്ക് മടങ്ങുന്ന ആയിരക്കണക്കിന് സ്ഥിരം യാത്രക്കാർ വേണാട് എക്സ്പ്രസിൽ നേരിടുന്ന ദുരിതം എം.പി നേരിട്ട് കേന്ദ്ര റെയിൽവേ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.
സ്ത്രീകളും കുട്ടികളും മുതിർന്ന പൗരന്മാരും ഉൾപ്പെടെയുള്ള യാത്രക്കാർക്ക് ഇരിക്കാനോ സുരക്ഷിതമായി നിൽക്കാനോ പോലും ഇടമില്ലാത്ത സാഹചര്യത്തിൽ മണിക്കൂറുകളോളം യാത്ര ചെയ്യേണ്ടിവരുന്ന അവസ്ഥയുടെ ചിത്രങ്ങളും വിഡിയോകളും മന്ത്രിയെ നേരിൽ കണ്ട് ബോധ്യപ്പെടുത്തിയിരുന്നു. വേണാട് എക്സ്പ്രസ് എറണാകുളം ജങ്ഷനിൽനിന്ന് പുറപ്പെടുന്നതിന് മുമ്പായി ഒരു അധിക ട്രെയിൻ സർവീസ് ആരംഭിക്കണമെന്നായിരുന്നു എം.പിയുടെ പ്രധാന ആവശ്യം. ഇതിന്റെ തുടർനടപടിയായി റെയിൽവേ മന്ത്രിയുടെ ഓഫിസ് നിർദേശം റെയിൽവേ ബോർഡിന് കൈമാറുകയും ബോർഡ് ദക്ഷിണ റെയിൽവേയിലെ ചീഫ് പാസഞ്ചർ ട്രാൻസ്പോർട്ടേഷൻ മാനേജർക്ക് (CPTM) ആവശ്യമായ നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകുകയും ചെയ്തു.
ഇതിനിടെ 2026 ഒക്ടോബർ 3ന് കൊല്ലം-കോട്ടയം മെമു സർവിസ് എറണാകുളം വരെ നീട്ടണമെന്നാവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എംപി റെയിൽവേ മന്ത്രിക്ക് പ്രത്യേക കത്ത് നൽകിയിരുന്നു. ഇതിന് മറുപടിയായി ഒക്ടോബർ 7ന് അയച്ച കത്തിൽ വിഷയം വിശദമായ പരിശോധനക്കായി കൈമാറിയതായും പരിശോധനക്കുശേഷം ആവശ്യമായ തുടർനടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു. തുടർന്ന് നടത്തിയ നിരന്തരമായ ഇടപെടലുകളുടെയും റെയിൽവേ അധികൃതരുമായുള്ള ആശയവിനിമയത്തിന്റെയും ഫലമായാണ് ഇപ്പോൾ സർവിസ് സംബന്ധിച്ച തീരുമാനം ഉണ്ടായിരിക്കുന്നത്.
കൊല്ലം–കോട്ടയം മെമു സർവീസ് എറണാകുളം വരെ നീട്ടുന്നതിലൂടെ എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളിലെ വിവിധ പ്രദേശങ്ങളിലുള്ള യാത്രക്കാർക്ക് പ്രയോജനം ലഭിക്കും. പ്രത്യേകിച്ച് ചെങ്ങന്നൂർ, ചെറിയനാട്, മാവേലിക്കര, കായംകുളം, ശാസ്താംകോട്ട, മൺട്രോത്തുരുത്ത് തുടങ്ങിയ സ്റ്റേഷനുകളിലെ യാത്രക്കാർക്ക് എറണാകുളം മേഖലയിലേക്കുള്ള യാത്ര കൂടുതൽ സൗകര്യപ്രദമാകും.
വൈകുന്നേരങ്ങളിലെ യാത്രാദുരിതം പരിഹരിക്കുന്നതിനായി വേണാട് എക്സ്പ്രസ്സിന് മുമ്പായി അധിക സർവിസ് വേണമെന്ന ആവശ്യവും നിലവിലുള്ള കൊല്ലം–കോട്ടയം മെമു എറണാകുളം വരെ നീട്ടണമെന്ന ആവശ്യവും ഒരുമിച്ച് റെയിൽവേ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നതിന്റെ ഫലമായാണ് ഈ തീരുമാനം. പുതിയ സർവിസ് സ്ഥിരം യാത്രക്കാർക്ക് ആശ്വാസമാകുന്നതിനൊപ്പം കൊല്ലം–എറണാകുളം റൂട്ടിലെ റെയിൽവേ ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിനും സഹായകമാകും.
കേരളപ്പിറവി ദിനത്തിൽ മധ്യകേരളത്തിലെയും തെക്കൻ കേരളത്തിലെയും റെയിൽവേ യാത്രക്കാർക്ക് ലഭിക്കുന്ന സമ്മാനമായാണ് ഈ പുതിയ സർവിസിനെ കാണുന്നതെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു. യാത്രക്കാരുടെ ദീർഘകാല ആവശ്യത്തിന് അനുകൂലമായ തീരുമാനം കൈക്കൊണ്ട കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് അദ്ദേഹം നന്ദി അറിയിച്ചു. റെയിൽവേ ബോർഡിനും ദക്ഷിണ റെയിൽവേ അധികൃതർക്കും എംപി നന്ദി രേഖപ്പെടുത്തി.
സർവിസ് സമയബന്ധിതമായി ആരംഭിക്കുന്നതിനും യാത്രക്കാർക്ക് പരമാവധി പ്രയോജനം ഉറപ്പാക്കുന്നതിനും തുടർ ഇടപെടലുകൾ നടത്തുമെന്നും കൊല്ലം-എറണാകുളം റൂട്ടിലെ യാത്രാദുരിതത്തിന് ശാശ്വത പരിഹാരം കാണുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരുമെന്നും കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു
പുതിയ സർവിസിന്റെ സ്റ്റോപ്പുകൾ;
തൃപ്പൂണിത്തുറ, കാഞ്ഞിരമറ്റം, പിറവം റോഡ്, വൈക്കം റോഡ്, കുറുപ്പന്തറ, ഏറ്റുമാനൂർ, കോട്ടയം, ചിങ്ങവനം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, ചെറിയനാട്, മാവേലിക്കര, കായംകുളം, ഓച്ചിറ, കരുനാഗപ്പള്ളി, ശാസ്താംകോട്ട, മൺട്രോത്തുരുത്ത്, പെരിനാട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.