ഇ.എൻ. സുരേഷ് ബാബുവിനെതിരെ നടപടി; നിയമനടപടി വേണമെന്ന് സി.പി.എം നേതാവ് സുജ സൂസൻ ജോർജ്

തിരുവനന്തപുരം: പാലക്കാട് സി.പി.എം ജില്ലാ സെക്രട്ടറിയായിരുന്ന ഇ.എൻ. സുരേഷ് ബാബുവിനെതിരെ സി.പി.എം നേതാവ് സുജ സൂസൻ ജോർജ്. സുരേഷ് ബാബുവിനെതിരെ നിയമനടപടിയാണ് വേണ്ടതെന്ന് സുജ സൂസൻ ജോർജ് ഫേസ്ബുക്കിൽ പറഞ്ഞു. സുരേഷ് ബാബുവിനെതിരായ പരാതി സി.പി.എം പാർട്ടിക്കുള്ളിൽ ഒതുക്കുന്നുവെന്ന ആക്ഷേപങ്ങൾക്കിടെയാണ് വനിതാ നേതാവിന്‍റെ പ്രതികരണം.

ലൈംഗികാതിക്രമം ഗൗരവതരമായ ക്രിമിനല്‍കുറ്റമാണ്. അതിന് നീതിന്യായസംഹിത നിർദേശിക്കുന്ന നിയമനടപടികളുണ്ട്. അതിന് വിധേയമാക്കുകയുമാണ് വേണ്ടത്. അതിന് മറ്റൊരു ന്യായവുമില്ല, ഒഴിവ് കഴിവുമില്ലെന്ന് സുജ ഫേസ്ബുക്കിൽ കുറിച്ചു. അതേസമയം, സംഭവത്തിൽ ഇരയായ യുവതി പൊലീസിൽ പരാതി നൽകിയിട്ടില്ലെന്നാണ് നിലവിലെ സൂചന. സുരേഷ് ബാബുവിനെ പാർട്ടിയിൽനിന്ന് പുറത്താക്കുമെന്ന് യുവതിക്ക് സംസ്ഥാന നേതൃത്വം ഉറപ്പ് നൽകി എന്നാണ് വിവരം.

സുരേഷ് ബാബുവിനെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കുന്നതടക്കം നേതൃത്വം പരിഗണിക്കുന്നുണ്ട്. വിപുലീകൃത ജില്ല കമ്മിറ്റികൾക്ക് ശേഷം ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലായിരിക്കും തീരുമാനമെടുക്കുക. സുരേഷ് ബാബുവിനെതിരെ ശക്തമായ ഡിജിറ്റൽ തെളിവുകളോടെയാണ് യുവതി നേതൃത്വത്തിന് പരാതി നൽകിയത്. പാലക്കാട് സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസിൽ വെച്ചാണ് പരാതിക്കിടയാക്കിയ സംഭവം നടന്നത്. ഇത് പരാതിയുടെ ഗൗരവം കൂട്ടുന്നതായാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.

അതേസമയം, വി. ചെന്താമരാക്ഷന്‍ തന്നെക്കാളും പ്രബലനായ ജില്ല സെക്രട്ടറിയായി മാറുന്ന കാഴ്ച കാണാമെന്ന് ഇ.എൻ. സുരേഷ് ബാബു. വ്യക്തിപരമായ കാരണങ്ങളാലാണ് തന്റെ മാറ്റമെന്നും അദ്ദേഹം പ്രതികരിച്ചു.

Full View
Tags:    
News Summary - E.N. Suresh Babu: Legal Action Sought

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.