ആനത്താരയിലെ കൈയേറ്റം പൊളിച്ചുനീക്കി; ചിന്നക്കനാലിൽ പത്ത് ഹെക്ടർ വനഭൂമി തിരിച്ചുപിടിച്ചു

ഇടുക്കി: ചിന്നക്കനാലിൽ പത്ത് ഹെക്ടറോളം സ്ഥലത്തെ കൈയേറ്റം വനംവകുപ്പ് ഒഴിപ്പിച്ചു. ചിന്നക്കനാൽ റിസർവിന്റെ ഭാഗമായ ചൂണ്ടൽ യൂക്കാലി പ്ലാന്റേഷനിലാണ് കൈയേറ്റം നടന്നത്. ഇവിടെ അടിക്കാടുകൾ വെട്ടിത്തെളിച്ച് ഏലത്തൈകൾ നട്ടിരുന്നു. ഇതാണ് വനംവകുപ്പ് പറിച്ചു നീക്കിയത്. വന്യജീവികളുടെ സഞ്ചാരത്തിന് തടസ്സമാകുന്ന തരത്തിൽ കനത്ത ഇരുമ്പ് കമ്പികൾ ഉപയോഗിച്ച് ഫെൻസിങ് സ്ഥാപിച്ചിരുന്നു. ഇത് വനംവകുപ്പ് അഴിച്ചു നീക്കി.

അഞ്ചു പേർ ചേർന്നാണ് ഭൂമി കൈയേറി കൃഷി നടത്തിയത്. 56.36 ഹെക്ടറാണ് ചിന്നക്കനാൽ റിസ‍ർവിനായി നീക്കിട്ടിരിക്കുന്ന ചൂണ്ടൽ യൂക്കാലി പ്ലാന്റേഷനിലുള്ളത്. ദേവികുളം റേഞ്ച് ഓഫിസർ ഇ.ഡി. അരുൺകുമാറിന്റെയും ചിന്നക്കനാൽ സ്പെഷ്യൽ വില്ലേജ് ഓഫിസർ മുന്നസാരി ലാലിന്റെയും നേതൃത്വത്തിലാണ് കൈയേറ്റം ഒഴിപ്പിച്ചത്. ഇതിനുപുറമെ ആനയിറങ്കൽ അണക്കെട്ടിന്റെ ക്യാച്ച്മെന്റ് ഏരിയയിലുള്ള കെ.എസ്.ഇ.ബി ഭൂമിയിലും കൈയേറ്റം നടന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത് റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ പിന്നീട് ഒഴിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.

അതേസമയം, കൊല്ലം, പത്തനാപുരത്ത് കാട്ടാനയുടെ ആക്രമണത്തിൽ വയോധികക്ക് ദാരുണാന്ത്യം. പത്തനാപുരം കടശ്ശേരി സ്വദേശി രാജമ്മ (80) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. ആക്രമണം ഉണ്ടായത് കടശ്ശേരി ഉമ്മന്നൂർ ഭാഗത്ത് വെച്ചാണെന്ന് ബന്ധുക്കള്‍ പറഞ്ഞു. തൊഴിലുറപ്പ് ജോലിക്കിടെയായിരുന്നു കാട്ടാനയുടെ ആക്രമണമുണ്ടായത്. സംഭവത്തിൽ ആശുപത്രിയിൽ ബന്ധുക്കളും സി.പി.എം പ്രവർത്തകരും പ്രതിഷേധിച്ചു. നിലവിൽ മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കാട്ടാന പ്രശ്‌നത്തിൽ പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. തൊഴിലുറപ്പ് ജോലിക്കിടെ രാജമ്മയെ കാട്ടാന ആക്രമിക്കുകയും ചവിട്ടി വീഴ്ത്തുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാജമ്മ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയായിരുന്നു.

Tags:    
News Summary - Chinnakanal Encroachment Demolished

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.