മലപ്പുറം: ആരോഗ്യമന്ത്രിയുടെ ഓഫിസിനെതിരെ നിയമന തട്ടിപ്പ് ആരോപിച്ച കേസിലെ പ്രതി കെ.പി. ബാസിത്തിനെ മലപ്പുറത്തെത്തിച്ച് നടത്തിയ തെളിവെടുപ്പ് പൂർത്തിയായി. പ്രതികള്‍ ഗൂഢാലോചന നടത്തിയെന്ന് കരുതുന്ന മഞ്ചേരി, പാണ്ടിക്കാട് ഭാഗങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ഞായറാഴ്ചത്തെ തെളിവെടുപ്പ്.
ബാസിത്തിന്‍റെ പാണ്ടിക്കാട് പന്തല്ലൂരിലെ വീട്ടിലെത്തിയും തെളിവ് ശേഖരിച്ചു. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് ഇൻസ്പെക്ടർ ബി.എം. ഷാഫിയുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. അന്വേഷണത്തിന്റെ ഭാഗമായുള്ള ആദ്യഘട്ട തെളിവെടുപ്പ് പൂർത്തിയായെന്നും എന്നാൽ കേസുമായി ബന്ധപ്പെട്ട സി.സി ടി.വി ദൃശ്യങ്ങൾ ലഭിച്ചിട്ടില്ലെന്നും കന്റോൺമെന്റ് പൊലീസ് ഇൻസ്പെക്ടർ ബി.എം. ഷാഫി ‘മാധ്യമ’ത്തോട് പറഞ്ഞു.
ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ബാസിത്തിനെ വ്യാഴാഴ്ചയാണ് പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. തിങ്കളാഴ്ച വരെയാണ് കസ്റ്റഡി കാലാവധി. കേസിൽ ജില്ലയിലെ തെളിവെടുപ്പിന് ശനിയാഴ്ച വൈകീട്ട് നാലിനാണ് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് മലപ്പുറം പൊലീസ് സ്റ്റേഷനിലെത്തിയത്. വൈകീട്ട് 4.30ന് മലപ്പുറം കാവുങ്ങൽ, മഞ്ചേരി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് റോഡ് എന്നിവിടങ്ങളിലെ സ്വകാര്യ ബാറുകളിൽ എത്തിച്ച് അന്വേഷണസംഘം തെളിവ് ശേഖരിച്ചു. ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ഈ സ്ഥലങ്ങളിൽ എത്തിയിരുന്നോയെന്ന് പരിശോധിച്ചു.
ആരോപണം പുറത്തുവന്ന സെപ്റ്റംബർ 27ന് ബാസിത്തും രണ്ടുപേരും ഹോട്ടലിലെത്തിയെന്ന മൊഴിയുമായി ബന്ധപ്പെട്ടാണ് ഇവിടെ തെളിവെടുപ്പ് നടത്തിയത്. ഇവിടെ സി.സി ടി.വി ബാക്കപ് ഇല്ലാത്തതിനാൽ ദൃശ്യങ്ങൾ ലഭിച്ചില്ല. ജീവനക്കാരുമായി പൊലീസ് സംസാരിച്ചു. 10 മിനിറ്റിന് ശേഷം ഇവിടെനിന്ന് മഞ്ചേരിയിലേക്ക് പോയി. മഞ്ചേരിയിലെ തെളിവെടുപ്പ് രാത്രിവരെ നീണ്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.