പ്ലസ് ടുവിൽ റെക്കോർഡ് ജയം; ഫലം പ്രഖ്യാപിച്ച മന്ത്രിക്ക് 'തോൽവി'

തിരുവനന്തപുരം: പ്ലസ് ടു പരീക്ഷയിൽ റെക്കോർഡ് വിജയവും എ പ്ലസുകാരുടെ എണ്ണവും കൂടിയപ്പോൾ ഫലം പ്രഖ്യാപിച്ച വിദ്യാഭ്യാസ മന്ത്രിക്ക് അതെ ദിവസം തന്നെ സുപ്രീം കോടതിയിൽ തോൽവി. നിയമസഭ കൈയാങ്കളി കേസിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഉൾപ്പെടെയുള്ളവർ വിചാരണ േനരിടണമെന്ന വിധി വന്ന് മണിക്കൂറുകൾക്കകമാണ് മന്ത്രി പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിക്കാനെത്തിയത്.

കേസ് പിൻവലിക്കണമെന്ന് വി. ശിവൻകുട്ടി സർക്കാറിന് നേരത്തെ അപേക്ഷ നൽകിയിരുന്നു. ഇതെ തുടർന്നാണ് കേസ് പിൻവലിക്കാൻ സർക്കാർ വിചാരണ കോടതിയെ സമീപിച്ചത്. തിരുവനന്തപുരം സി.ജെ.എം കോടതി സർക്കാർ ആവശ്യം തള്ളിയതോടെ സർക്കാർ ഹൈകോടതിയെ സമീപിക്കുകയായിരുന്നു.  സർക്കാർ ആവശ്യം തള്ളിയ ഹൈകോടതി ശിവൻകുട്ടി ഉൾപ്പെടെയുള്ളവർ വിചാരണ നേരിടണമെന്ന് സി.ജെ.എം കോടതി ഉത്തരവ് ശരിവെച്ചു. ഇതിനെതിരെയാണ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത് തിരിച്ചടി നേരിട്ടതും.

ശിവൻകുട്ടി മന്ത്രി സ്ഥാനം രാജിവെക്കണമെന്ന് ആവശ്യവുമായി പ്രതിപക്ഷം കടുപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ രാജി ആവശ്യം തള്ളിയ മന്ത്രി  വിചാരണ കോടതിയിൽ നിരപരാധിത്വം തെളിയിക്കുമെന്നും പറഞ്ഞു. സുപ്രീംകോടതി വിധിയോടെ തിരുവനന്തപുരം സി.ജെ.എം കോടതിയിൽ വിചാരണ നടപടികൾ വൈകാതെ പുനരാരംഭിക്കും. കേസിൽ വിധി വരുന്നത് വരേക്കും വിദ്യാഭ്യാസമന്ത്രി ശിവൻകുട്ടിക്ക് ഇനി അഗ്നി പരീക്ഷയുടെ നാളുകളായിരിക്കും.

കോവിഡ് കാലത്ത് വിദ്യാഭ്യാസ വകുപ്പ് നടത്തിയ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ വിദ്യാർഥികൾ സമീപകാല റൊക്കോർഡ് വിജയം നേടിയപ്പോൾ ഫലപ്രഖ്യാപന ദിവസം വന്ന സുപ്രീംകോടതി വിധിയിൽ മന്ത്രിക്ക് കനത്ത തോൽവി നേരിടേണ്ടി വന്നു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ തോറ്റവർക്ക് പുനഃപരിശോധനക്കും സേ പരീക്ഷക്കും വിദ്യാഭ്യാസ വകുപ്പ് അവസരമൊരുക്കിയെങ്കിൽ  കേസിൽ തോറ്റ മന്ത്രിക്ക് പുനഃപരിശോധനക്ക് പോലും അവസരമില്ലാത്ത അവസ്ഥയാണ്. 

Tags:    
News Summary - Record win in Plus Two; 'Defeat' to minister who declared results

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.