റേഷന്‍ മുന്‍ഗണനപ്പട്ടിക അനര്‍ഹരെ തള്ളി അര്‍ഹരായവരെ ഉള്‍പ്പെടുത്തണം –റേഷന്‍ ഡീലേഴ്സ്

കൊച്ചി: ഭക്ഷ്യസുരക്ഷ നിയമത്തിന്‍െറ ഭാഗമായി നവംബര്‍ ഒന്നു മുതല്‍ റേഷനരി ലഭിക്കുന്ന 1.54 കോടി പേരുടെ മുന്‍ഗണനപ്പട്ടിക റേഷന്‍ കടകളില്‍ പ്രസിദ്ധീകരിച്ചതോടെ അര്‍ഹരായ നിരവധി കുടുംബങ്ങള്‍ക്ക് റേഷന്‍ നഷ്ടമാകുന്ന സ്ഥിതി. 15 ലക്ഷത്തിലധികം അനര്‍ഹര്‍ പട്ടികയില്‍ കയറിപ്പറ്റിയതായും ഓള്‍ ഇന്ത്യ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ ദേശീയ ജനറല്‍ സെക്രട്ടറി ബേബിച്ചന്‍ മുക്കാടന്‍, സംസ്ഥാന സെക്രട്ടറി പി.ജി. സജീവ് എന്നിവര്‍ ആരോപിച്ചു.

 സംസ്ഥാന സര്‍ക്കാറിനെ മുള്‍മുനയില്‍ നിര്‍ത്തിയും അരി നല്‍കാതെ കാര്‍ഡ് ഉടമകളെ വിഷമിപ്പിച്ചും ഭക്ഷ്യസുരക്ഷ നിയമം ബലം പ്രയോഗിച്ച് നടപ്പാക്കാന്‍ കേന്ദ്രം ധൃതിപിടിച്ച് പട്ടിക തയാറാക്കിയതാണ് അപാകതകള്‍ക്ക് കാരണം. പുതിയ റേഷന്‍ കാര്‍ഡ് അപേക്ഷാഫോറത്തില്‍ യഥാര്‍ഥ വിവരങ്ങള്‍ നല്‍കിയവര്‍ക്ക് ആനുകൂല്യം നിഷേധിച്ചു. വ്യാജ സത്യവാങ്മൂലം നല്‍കിയവരെ മുന്‍ഗണനപ്പട്ടികയില്‍ ഉള്‍പ്പെടുത്തി. താലൂക്ക്തലത്തില്‍ റവന്യൂ-പഞ്ചായത്ത്-സിവില്‍ സപൈ്ളസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി രൂപവത്കരിച്ച റാങ്കിങ് സമിതി കൂടുകയോ പരിശോധന നടത്തുകയോ ചെയ്തില്ല.

18 വര്‍ഷം മുമ്പ് തയാറാക്കിയ മുന്‍ ബി.പി.എല്‍ റേഷന്‍ കാര്‍ഡും അപേക്ഷയും മാത്രം നോക്കിയാണ് പട്ടിക തയാറാക്കിയത്. ഒരേക്കറില്‍ കൂടുതല്‍ ഭൂമിയുള്ളവരും 1000 ച.മീറ്ററില്‍ കൂടുതലുള്ള വീടുള്ളവരും ആദായനികുതി നല്‍കുന്നവരും ഉദ്യോഗസ്ഥരും അടക്കം മുന്‍ഗണനപ്പട്ടികയില്‍ അനര്‍ഹമായി കടന്നുകൂടിയിട്ടുണ്ട്.  പരാതികള്‍ 30വരെ സമര്‍പ്പിക്കാമെങ്കിലും പട്ടികയില്‍ ഇല്ലാത്തവര്‍ പരാതി നല്‍കുമെന്നല്ലാതെ ഉള്‍പ്പെട്ടവരെ നീക്കാനുള്ള നടപടിയെന്താണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
നവംബര്‍ ഒന്നിന് രാജ്ഭവന് മുന്നില്‍ റേഷന്‍ വ്യാപാരികള്‍ ധര്‍ണ നടത്തും. റേഷന്‍ വ്യാപാരിക്കും സെയില്‍സ്മാനും ശമ്പളവും കടവാടകയും നല്‍കിയില്ളെങ്കില്‍ ഭക്ഷ്യസുരക്ഷ പദ്ധതിയുമായി സഹകരിക്കില്ളെന്നും ലൈസന്‍സുകള്‍ തിരിച്ചുനല്‍കി റേഷന്‍ കടകള്‍ ഉപേക്ഷിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.    

Tags:    
News Summary - ration dealers srike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.