പണത്തിന് വേണ്ടി വീട്ടിൽ അക്രമം: നിരവധി കേസുകളിൽ പ്രതിയായ യുവതി അറസ്റ്റിൽ, പിടികൂടാനെത്തിയ പൊലീസിനെ തള്ളിയിട്ടു

തലശ്ശേരി: മദ്യപിച്ച് നടുറോഡിൽ അതിക്രമം നടത്തിയതുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ യുവതി, സഹോദരിയുടെ വീടു തകർത്ത കേസിൽ അറസ്റ്റിൽ. വടക്കുമ്പാട് കുളി ബസറിലെ റസീന(34)യാണ് പിടിയിലായത്. പിടികൂടാനെത്തിയ വനിത പൊലീസിനെ യുവതി തള്ളിയിട്ടു. ചൊവ്വാഴ്ചയാണ് സംഭവം.

യുവതിയുടെ മാതാവ് ഉൾപ്പടെയുള്ളവർ സഹോദരിയുടെ കൂടെയാണ് താമസിക്കുന്നത്. ഈ വീട്ടിലെത്തിയ റസീന പണം ആവശ്യപ്പെട്ടു. പണം നൽകാതായതോടെയാണ് അക്രമം നടത്തിയത്. മാതാവിനെയും സഹോദരിയെയും പതിനഞ്ചുകാരിയായ മകളെയും യുവതി മർദിച്ചതായി പരാതിയുണ്ട്. വീടിന്റെ ജനൽച്ചില്ലുകളും കാറിന്റെ ചില്ലും തകർത്തു. അതിക്രമം തുടർന്നതോടെ വീട്ടുകാർ ധർമടം പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

2023 ഡിസംബറിൽ തലശ്ശേരിയിൽ മദ്യപിച്ച് നടുറോഡിൽ പ്രശ്നം സൃഷ്ടിച്ചതിന് റസീനക്കെ​തിരെ പൊലീസ് കേസെടുത്തിരുന്നു. മദ്യപിച്ച് അപകടകരമായി വാഹനമോടിച്ച് മറ്റ് വാഹനങ്ങളിൽ ഇടിപ്പിച്ചതും നാട്ടുകാർ ചോദ്യം ചെതോടെയാണ് ഇവർ കണ്ണിൽ കണ്ടവരെയെല്ലാം മർദിക്കുകയും അസഭ്യം പറയുകയും ചെയ്തത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ തലശേരി ടൗൺ എസ്ഐ വിവി ദീപ്തിയുടെ നേതൃത്വത്തിൽ മൽപ്പിടിത്തം നടത്തിയാണ് ഇവരെ കീഴടക്കിയത്. വൈദ്യ പരിശോധനയ്‌ക്കായി ആശുപത്രിയിൽ എത്തിക്കുന്നതിനിടെ എസ്.ഐയേയും മർദിച്ചിരുന്നു. പൊലീസ് ഉദ്യോഗസ്ഥന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയതടക്കമുള്ള വകുപ്പുകൾ പ്രകാരമായിരുന്നു അന്ന് കേസെടുത്തത്. അതിനുമുൻപും പലവട്ടം റസീന മദ്യലഹരിയിൽ അക്രമം അഴിച്ചുവിട്ടിട്ടുണ്ടെന്നും അറസ്റ്റിലാകുകയും പിന്നീട് ജാമ്യത്തിലിറങ്ങുകയുമാണ് പതിവെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - raseena koolibazar arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.