വൈദികന്‍റെ പീഡനം: പ്രതികള്‍ക്കായി വയനാട്ടിലെ രണ്ടു കേന്ദ്രങ്ങളില്‍ തിരച്ചില്‍ നടത്തി

കേളകം: പ്ളസ് വണ്‍ വിദ്യാര്‍ഥിനിയെ വൈദികന്‍ പീഡിപ്പിച്ചസംഭവത്തില്‍ എട്ടുപേരുടെ പ്രതിപ്പട്ടിക തയാറാക്കിയ പൊലീസ് പ്രതികള്‍ക്കായി അന്വേഷണം ഉര്‍ജിതമാക്കി. ഒന്നാം പ്രതിയായ വൈദികന്‍ റോബിന്‍ വടക്കഞ്ചേരിയെ രക്ഷിക്കാന്‍ ഗൂഢാലോചന നടത്തിയ ഏഴുപേരെ കൂടിയാണ് പൊലീസ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. കൊട്ടിയൂര്‍ പള്ളിയിലെ മാതൃവേദി പ്രവര്‍ത്തക നെല്ലിയാനി തങ്കമ്മയാണ് രണ്ടാം പ്രതി.

തങ്കമ്മ, കേസില്‍ ആറാം പ്രതി വയനാട് തോണിച്ചാലിലെ ക്രിസ്തുരാജാ കോണ്‍വെന്‍റിലെ സിസ്റ്റര്‍ ലിസ്മരിയ, ഏഴാം പ്രതി ഇരിട്ടി ക്രിസ്തുദാസി കോണ്‍വെന്‍റിലെ സിസ്റ്റര്‍ അനീറ്റ എന്നിവരാണ് പെണ്‍കുട്ടിയെ പ്രസവത്തിന് കൂത്തുപറമ്പ് ക്രിസ്തുരാജാ ആശുപത്രിയിലും തുടര്‍ന്ന് വൈത്തിരിയിലെ ദത്തെടുക്കല്‍ കേന്ദ്രത്തിലുമത്തെിക്കുന്നതിന് സഹായികളായതെന്ന് പൊലീസ് പറഞ്ഞു.

പെണ്‍കുട്ടി പ്രസവിച്ച കൂത്തുപറമ്പ് ആശുപത്രിയിലെ ഡോക്ടര്‍മാരായ ഡോ. സിസ്റ്റര്‍ ടെസി ജോസ്, ഡോ. ഹൈദരാലി, ആശുപത്രി അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ ആന്‍സി മാത്യു തുടങ്ങിയവര്‍ കേസില്‍ യഥാക്രമം മൂന്ന്, നാല്, അഞ്ച് പ്രതികളാണ്. കുഞ്ഞിന്‍െറ സംരക്ഷണച്ചുമതല ഏറ്റെടുത്ത വൈത്തിരി കോണ്‍വെന്‍റിലെ സിസ്റ്റര്‍ ഒഫീലിയയാണ് കേസില്‍ എട്ടാം പ്രതി.

പ്രതികള്‍ക്കെതിരെ പോക്സോ നിയമം ചുമത്തിയാണ് കേസെടുത്തത്. പ്രതികളെ കസ്റ്റഡിയിലെടുക്കാന്‍ അന്വേഷണസംഘം വൈത്തിരി ദത്തെടുക്കല്‍ കേന്ദ്രത്തിലും തോണിച്ചാല്‍ കോണ്‍വെന്‍റിലും ഇന്നലെ തിരച്ചില്‍ നടത്തി. അന്വേഷണത്തിനായി രൂപവത്കരിച്ച പേരാവൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സി. സുനില്‍ കുമാറിന്‍െറ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡ് വിവിധ സംഘങ്ങളായാണ് തിരച്ചില്‍ ഊര്‍ജിതമാക്കിയത്. കണ്ണൂര്‍ പൊലീസ് മേധാവി ശിവവിക്രം, ഇരിട്ടി ഡിവൈ.എസ്.പി പ്രതീഷ് തോട്ടത്തില്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

ഇതിനിടെ, പ്രതികള്‍ മുന്‍കൂര്‍ജാമ്യത്തിനായി ശ്രമംതുടങ്ങിയതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വയനാട് ചൈല്‍ഡ് വെല്‍ഫെയര്‍ സെന്‍റര്‍ കമ്മിറ്റി ചെയര്‍മാന്‍ ഫാ. തോമസ് തേരകം, കമ്മിറ്റി അംഗം സിസ്റ്റര്‍ ബെറ്റി എന്നിവര്‍ക്കെതിരെ അന്വേഷണസംഘം ബാലാവകാശ കമീഷന്‍ ചെയര്‍മാന് റിപ്പോര്‍ട്ട് നല്‍കി.

Tags:    
News Summary - rape case in wayanad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.