അജ്മൽ
കോഴിക്കോട്: മകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ നിരവധി തവണ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിലായി. വെള്ളയിൽ നാലുകുടി പറമ്പ് കെ.പി. അജ്മൽ (30) ആണ് അറസ്റ്റിലായത്. വെള്ളയിൽ സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
പെയിന്റിങ് തൊഴിലാളിയായ അജ്മൽ കൂടെ ജോലി ചെയ്യുന്ന യുവാവിനെ കള്ളക്കേസിൽ കുടുക്കുമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയാണ് യുവാവിന്റെ അമ്മയെ പീഡനത്തിന് ഇരയാക്കിയതെന്ന് പൊലീസ് അറിയിച്ചു. പീഡനം തുടങ്ങിയിട്ട് ഒരുവർഷമായി. മെഡിക്കൽ കോളജിന് സമീപത്തെ ലോഡ്ജുകളിലും മറ്റിടങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചു. പൊലീസിൽ പരാതി കൊടുക്കുമെന്ന് പറഞ്ഞപ്പോൾ മൊബൈലിൽ പലരീതിയിലുള്ള ഫോട്ടോ ഉണ്ടെന്നുപറഞ്ഞ് ഭീഷണിപ്പെടുത്തിയായിരുന്നുവത്രെ പീഡനം.
പ്രതി മയക്കുമരുന്ന് ഉപയോഗിക്കുന്നയാളാണെന്നും അടുത്തിടെ മയക്കുമരുന്ന് കേസിൽപെട്ട പ്രതികളുമായി ബന്ധമുണ്ടെന്നും വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വെള്ളയിൽ ഭാഗത്ത് അജ്മലിനെ അറസ്റ്റ് ചെയ്തത്.
മെഡി. കോളജ് അസി. കമീഷണർ കെ. സുദർശന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തിരച്ചിൽ. എസ്.എച്ച്.ഒ ബെന്നിലാലു, സബ് ഇൻസ്പെക്ടർ രതീഷ് ഗോപാൽ, വിനോദ്, സന്ദീപ്, ആന്റി നാർകോട്ടിക് സെൽ അസി. കമീഷണർ പ്രകാശൻ പടന്നയിലിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സബ് ഇൻസ്‌പെക്ടർ മനോജ് എടയേടത്ത്, അസി. സബ് ഇൻസ്പെക്ടർ അബ്ദുറഹിമാൻ, കെ. അഖിലേഷ്, അനീഷ് മൂസേൻവീട്, ജിനേഷ് ചൂലൂർ, സുനോജ് കാരയിൽ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.