ആട്ടിന്‍ തോലണിഞ്ഞാലും ബി.ജെ.പിക്കുള്ളിലെ ചെന്നായയെ ജനം തിരിച്ചറിയും: ചെന്നിത്തല 

തിരുവനന്തപുരം: രാജ്യത്ത് ജനങ്ങളെ വര്‍ഗ്ഗീയമായി തമ്മിലടിപ്പിക്കുകയും സംഘര്‍ഷം വിതക്കുകയും ചെയ്യുന്ന ബി.ജെ.പിയെ അതേ തന്ത്രത്തിലൂടെ കേരളത്തലും വളര്‍ത്തിയെടുക്കാമെന്ന അമിത്ഷായുടെ മോഹം അതിമോഹം മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മലപ്പുറത്തെ ദയനീയമായ വീഴ്ചയോടെ ആത്മിവിശ്വാസം നഷ്ടപ്പെട്ട കേരളത്തിലെ ബി.ജെ.പിക്കാരെ തട്ടി ഉണര്‍ത്താനുള്ള പാഴ്ശ്രമമാണ് അമിത്ഷാ നടത്തിയത്. രണ്ട് ലക്ഷം വോട്ട് സമാഹരിക്കാമെന്ന ലക്ഷ്യവുമായി തിരഞ്ഞെടുപ്പ് രംഗത്ത് വിഷം കലക്കിയ  ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാണ് മലപ്പുറത്തെ വോട്ടര്‍മാര്‍ നല്‍കിയത്. 

ലക്ഷ്യം വച്ചതിന്‍റെ പകുതി പോലും നേടാന്‍ കഴിഞ്ഞില്ല എന്ന് മാത്രമല്ല കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കിട്ടിയതിനെക്കാള്‍ വോട്ട് ഗണ്യമായി കുറയുകയും ചെയ്തു. കേരളം എന്താണ് ചിന്തിക്കുന്നത് എന്നതിന്‍റെ സൂചനയാണ് മലപ്പുറം നല്‍കുന്നത്.  ഈ പശ്ചാത്തലത്തിലാണ് ന്യൂനപക്ഷങ്ങളെ പിടിക്കാനുള്ള പുതിയ തന്ത്രങ്ങളുമായി അമിത് ഷാ വന്നിരിക്കുന്നത്. ഉത്തരേന്ത്യയില്‍ ന്യൂനപക്ഷങ്ങളെ ശ്വാസം മുട്ടിക്കുകയും ആട്ടിപ്പായിക്കുകയും ചെയ്ത ശേഷം ഇവിടെ വന്ന് ന്യൂനപക്ഷങ്ങളോട്  പ്രേമം നടിച്ചാല്‍ അത് ഇവിടത്തെ ജനങ്ങള്‍  തിരിച്ചറിയില്ലെന്നാണോ അമിഷാ കരുതുന്നത്? മതമേലധ്യക്ഷന്മാരെ പോയി കണ്ടതു കൊണ്ട് മാത്രം ബി.ജെ.പി യുടെ വര്‍ഗ്ഗീയ വിഷത്തിന്‍റെ കട്ടി കുറയാന്‍ പോകുന്നില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. 

ആട്ടിന്‍ തോലിട്ട് വന്നാലും ചെന്നായയെ തിരിച്ചറിയാനുള്ള കഴിവ് കേരളത്തിലെ ജനങ്ങള്‍ങ്ങള്‍ക്കുണ്ടെന്ന കാര്യം അമിത്ഷാ മറക്കണ്ട. വ്യാമോഹങ്ങളില്‍ കുടുങ്ങി ബി.ജെ.പിയോടൊപ്പം കൂടിയവര്‍ കൈകാലിട്ടടിക്കുകയാണിപ്പോള്‍. എന്‍.ഡി.എ മുന്നണി കേരളത്തില്‍ ഇനിയും യാഥാര്‍ത്ഥ്യമായിട്ടില്ല. അത് യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നുമില്ല. മതേതരത്വത്തിനും  ബഹുസ്വരതയ്ക്കും  ആഴത്തില്‍ വേരോട്ടമുള്ള കേരളീയ സമൂഹത്തിന്  ബി.ജെ.പിയുടെ അപകടകരമായ തന്ത്രങ്ങള്‍ തിരിച്ചറിയാനുള്ള വിവേകമുണ്ട്. ഇത് ഗുജറാത്തല്ലെന്ന് അമിത്ഷാ തിരിച്ചറിയണം. അദ്ദേഹത്തിന്‍റെ തന്ത്രങ്ങളൊന്നും ഇവിടെ വിലപ്പോവില്ല. അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പോടെ ബി.ജെ.പിയുടെ സ്വപ്‌നം എന്നന്നേക്കുമായി പൊലിയുമെന്നും ചെന്നിത്തല പറഞ്ഞു. 

 

Tags:    
News Summary - ramesh chennithala attack to amit shah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.