കൊല്ലപ്പെട്ട രാം നാരായൺ, അബ്ദുൽ ജബ്ബാർ തൃശൂരിൽ
തൃശൂർ: ‘‘ഇനിയെനിക്കൊന്ന് കുളിച്ച് സമാധാനത്തോടെ കിടന്നുറങ്ങണം. കണ്ണൊന്നടച്ചിട്ട് മൂന്ന് രാത്രികൾ കഴിഞ്ഞു. സർക്കാറിന്റെയും പൊതുജനത്തിന്റെയും കണ്ണുതുറപ്പിക്കാൻ മാത്രമേ ആയിട്ടുള്ളൂ. രാം നാരായണിന് നീതി ലഭിക്കാൻ ഇനിയും നീണ്ട പോരാട്ടം തുടരേണ്ടതുണ്ട്’’ -തൃശൂർ മെഡിക്കൽ കോളജിൽനിന്ന് എറണാകുളത്തെ താമസസ്ഥലത്തേക്ക് പോകുന്നതിനിടെ അബ്ദുൽ ജബ്ബാർ പറഞ്ഞു.
വാളയാറിൽ ഹിന്ദുത്വ ആൾക്കൂട്ടം ബംഗ്ലാദേശിയെന്ന് ആരോപിച്ച് തല്ലിക്കൊന്ന ഛത്തിസ്ഗഢ് സ്വദേശി രാം നാരായൺ ഭാഗേലിന്റെ ചതഞ്ഞരഞ്ഞ മുഖം മൊബൈൽ ഫോണിൽ കണ്ടപ്പോൾ അബ്ദുൽ ജബ്ബാറിന് ഓർമവന്നത് ആരോരും തുണക്കെത്താതെ മംഗലാപുരത്തെ തെരുവിൽ ഹിന്ദുത്വ ആൾക്കൂട്ടം തല്ലിക്കൊന്ന സ്വന്തം സഹോദരൻ അഷ്റഫിനെയാണ്. പിന്നെ ഒരു നിമിഷംപോലും അയാൾക്ക് അടങ്ങിയിരിക്കാനായില്ല. അപ്പോൾതന്നെ തൃശൂരിലേക്ക് വണ്ടികയറി. മെഡിക്കൽ കോളജ് മോർച്ചറിക്ക് മുന്നിലെത്തിയപ്പോൾ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നുവെന്ന് ജബ്ബാർ പറയുന്നു.
രാം നാരായണിന്റെ സഹോദരൻ ശശികാന്തിൽനിന്ന് 3750 രൂപ വാങ്ങിയാണ് വാളയാർ പൊലീസ് ആംബുലൻസിൽ മൃതദേഹം മെഡിക്കൽ കോളജിൽ എത്തിച്ചത്. നിർമാണ ജോലി ചെയ്യുന്ന ഏതാനും അന്തർസംസ്ഥാന തൊഴിലാളികൾ മാത്രമായിരുന്നു മൃതദേഹത്തെ അനുഗമിച്ചിരുന്നത്. എത്രയും വേഗം മൃതദേഹം ആംബുലൻസിൽ ഛത്തിസ്ഗഢിലേക്ക് കയറ്റിവിടാൻ പൊലീസ് ധിറുതി കാട്ടി. ആംബുലൻസ് ചെലവിലേക്ക് 25,000 രൂപ സംഘടിപ്പിക്കാൻ ശശികാന്തിനോട് പൊലീസ് ആവശ്യപ്പെട്ടു.
‘നീ ബംഗ്ലാദേശിയല്ലേടാ’ എന്നാക്രോശിച്ച് ഹിന്ദുത്വ ഭീകരവാദികൾ ഒരു ഇന്ത്യൻ ദലിത് പൗരനെ തല്ലിക്കൊന്ന കേസാണ് ഇത്ര ലളിതമായി നിങ്ങൾ കൈകാര്യം ചെയ്യുന്നതെന്ന് ജബ്ബാർ പൊലീസിനോട് പറഞ്ഞു. മൃതദേഹം കൊണ്ടുപോകാൻ സമ്മതിക്കില്ലെന്ന് വാശിപിടിച്ചു.
സാധ്യമായ മനുഷ്യാവകാശ പ്രവർത്തകരെയൊക്കെ അവിടേക്ക് വിളിച്ചുവരുത്തി. മറുവാക്ക് അംബിക, പി.യു.സി.എൽ, സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് നേതാക്കൾ എന്നിവരൊക്കെ സഹായത്തിനെത്തി. വെള്ളിയാഴ്ച വൈകീട്ട് മോർച്ചറിക്ക് മുന്നിലെത്തിയ ജബ്ബാർ മൂന്ന് ദിവസങ്ങൾ അതിന് മുന്നിൽതന്നെ ഉറങ്ങാതെ കാത്തിരുന്നു. തിങ്കളാഴ്ച രാവിലെ റവന്യൂമന്ത്രി കെ. രാജൻ സ്ഥലത്തെത്തി ഇടപെടൽ ഉറപ്പാക്കിയശേഷമാണ് അബ്ദുൽ ജബ്ബാർ നിലവിൽ താമസിക്കുന്ന വെണ്ണലയിലേക്ക് മടങ്ങിയത്.
മലപ്പുറം പറപ്പൂർ മൂച്ചിങ്ങാട് കുഞ്ഞീതുവിന്റെയും റുഖിയയുടെയും മക്കളാണ് ജബ്ബാറും അഷ്റഫും. ചെറിയ മാനസിക ബുദ്ധിമുട്ടുള്ള അഷ്റഫ് മംഗലാപുരത്ത് ജോലി നോക്കിവരുകയായിരുന്നു. കഴിഞ്ഞ ഏപ്രിൽ 27നാണ് ഹിന്ദുത്വ ആൾക്കൂട്ടം പാക് അനുകൂല മുദ്രാവാക്യം വിളിച്ചുവെന്ന് ആരോപിച്ച് അഷ്റഫിനെ തല്ലിക്കൊന്നത്.
തല്ലി മുറിവുണ്ടാക്കിയിട്ട് പ്രതികൾ വീട്ടിൽപോയി മുളകുപൊടി കൊണ്ടുവന്ന് ജ്യേഷ്ഠന്റെ മുറിവിൽ പുരട്ടിയ കാര്യം പറഞ്ഞപ്പോൾ ജബ്ബാറിന്റെ കണ്ണുകൾ നീറി. ആ നീറ്റലും പിടയലുമാണ് അയാളെ തൃശൂർ മെഡിക്കൽ കോളജിന് മുന്നിലെത്തിച്ചത്. കേരളത്തിലെ അവസാനത്തെ വംശവെറി കൊലയാകണം രാം നാരായണിന്റേതെന്നും അതിനായി കേരളം ജാഗ്രത പുലർത്തണമെന്നും ജബ്ബാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.