രമേശ് ചെന്നിത്തല
തിരുവനന്തപുരം: എൻ.ഡി.ടി.വി സർവെയിൽ തന്‍റെ പേരില്ലാത്തതിൽ സന്തോഷമേയുള്ളൂവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഒരു പണിയുമില്ലാത്ത ചിലരാണ് സർവെ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി സര്‍വെ നടത്തുന്നില്ല . യു.ഡി.എഫിൽ സീറ്റ് വിഭജന ചര്‍ച്ച തുടങ്ങിയെന്നും ഇന്നലെ ലീഗുമായി ചര്‍ച്ച നടത്തിയെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ശബരിമല സ്വർണക്കൊള്ളയിൽ എന്തുകൊണ്ട് കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്യുന്നില്ലെന്നും രമേശ് ചെന്നിത്തല ചോദിച്ചു. പോറ്റിയും കടകംപള്ളിയും തമ്മിലുള്ള ബന്ധം കൂടുതൽ വെളിവാകുകയാണ്. എസ്.ഐ.ടിക്ക് മുകളിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സമ്മർദമുണ്ടെന്നും ചെന്നിത്തല ആരോപിച്ചു.
2026ൽ നിയമസഭ തെരഞ്ഞെടുപ്പിൽ 10 വർഷത്തെ ഇടതുഭരണം അവസാനിപ്പിച്ച് യു.ഡി.എഫ് അധികാരത്തിലെത്തുമെന്നാണ് എൻ.ഡി.ടി.വിയുടെ സർവേ പറയുന്നത്. സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധവികാരമുണ്ടെന്ന് സർവേ പറയുന്നു. സർവേയിൽ പങ്കെടുത്ത 52 ശതമാനം പേർക്കും പിണറായി വിജയന്റെ ഭരണത്തിൽ സംതൃപ്തിയില്ല.
48 ശതമാനം പേർ ഈ സർക്കാർ കുഴപ്പമില്ലെന്ന് അവകാശപ്പെടുന്നവരാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവുമധികം പേർ പറയുന്നത് വി.ഡി സതീശന്റെ പേര്. 22.4 ശതമാനം പേരിന്റെ പിന്തുണയാണ് സതീശനുള്ളത്. രണ്ടാം സ്ഥാനത്തുള്ളത് പിണറായി വിജയനാണ് 18 ശതമാനം പേരുടെ പിന്തുണയാണ് പിണറായിക്കുള്ളത്. മൂന്നാം സ്ഥാനത്ത് കെ.കെ ശൈലജയാണ്. 16.9 ശതമാനം പേരുടെ പിന്തുണയാണ് ശൈലജക്കുള്ളത്.
കേരളത്തിൽ 32.7 ശതമാനം പേരാണ് യു.ഡി.എഫിനെ പിന്തുണക്കുന്നത്. 29.3 ശതമാനം പേർ എൽ.ഡി.എഫിനെ പിന്തുണക്കുന്നു. 19.8 ശതമാനം പേരാണ് എൻ.ഡി.എയെ പിന്തുണക്കുന്നത്. 7.5 ശതമാനം പേർ ഇതുവരെ ആർക്ക് വോട്ട് ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ല. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട തെരഞ്ഞെടുപ്പ് വിഷയം വിലക്കയറ്റമാണ്. അഴിമതിയുടേയും ലഹരിയുടേയും വ്യാപനമാണ് മറ്റ് രണ്ട് വിഷയങ്ങൾ. 5.6 ശതമാനം ആളുകൾ മാത്രമാണ് വികസനം ഒരു തെരഞ്ഞെടുപ്പ് വിഷയമാണെന്ന് പറയുന്നത്.എസ്.ഐ.ആർ, വോട്ട് ചോരി എന്നിവ തെരഞ്ഞെടുപ്പിൽ വിഷയമാകുമെന്ന് പറയുന്നത് 3.8 ശതമാനം പേർ മാത്രമാണ്.
അതേമസയം, കോൺഗ്രസിലെ ഗ്രൂപ്പിസം ആളുകൾ തെരഞ്ഞെടുപ്പിലെ ഒരു വിഷയമായി കാണുന്നുണ്ട്. 42 ശതമാനം പേരാണ് കോൺഗ്രസിലെ ഗ്രൂപ്പിസം കേരളത്തിലെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.