ക്വട്ടേഷന്‍ സംഘങ്ങളെ വളര്‍ത്തിയെടുത്ത ശേഷം ശുദ്ധീകരണത്തെക്കുറിച്ച് ഇപ്പോള്‍ സി.പി.എം സംസാരിക്കുന്നത് കാപട്യം- ചെന്നിത്തല

തിരുവനന്തപുരം: പാര്‍ട്ടിയില്‍ ക്വട്ടേഷന്‍ സംഘങ്ങളെ വച്ചു പൊറുപ്പിക്കില്ലെന്നും ശുദ്ധീകരണം നടത്തുമെന്നുമുള്ള സി.പി.എം നേതാക്കളുടെ പ്രഖ്യാപനം ആത്മാര്‍ത്ഥതയില്ലാത്തതും പൊതുജനത്തെ കബളിപ്പിക്കുന്നതിനുമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

കാറ്റുവിതച്ച് കൊടുങ്കാറ്റു കൊയ്യുകയാണ് സി.പി.എം ചെയ്യുന്നത്. രാഷ്ട്രീയ എതിരാളികളെ വകവരുത്താന്‍ കൊലപാതക സംഘങ്ങളെ വളര്‍ത്തിയെടുക്കുകയും കൊലപാതകികള്‍ക്ക് വീരപരിവേഷം നല്‍കുയും ചെയ്ത പാര്‍ട്ടിയാണ് സി.പി.എം. ആ കിരാത സംഘങ്ങളുടെ ഉപോത്പന്നങ്ങള്‍ മാത്രമാണ് സ്വര്‍ണ്ണം കടത്തിനും മറ്റുമുള്ള ക്വട്ടേഷന്‍ സംഘങ്ങള്‍. ഇവ ഒരു ദിവസം കൊണ്ട് പൊട്ടി മുളച്ചതല്ല. സി.പി.എം നേതാക്കള്‍ തന്നെ വളര്‍ത്തിയെടുത്തവയാണ്. ഇപ്പോള്‍ അവര്‍ സി.പി.എമ്മിനെയും ഡി.വൈ.എഫ്.ഐയെയും വെല്ലുവിളിക്കുകയാണെങ്കില്‍ അതിന് ഉത്തരവാദികളും സി.പി.എം നേതാക്കളാണ്.

കൊലപാതകികളെ രക്ഷിക്കാന്‍ പൊതുഖജനാവിലെ പണം ധൂര്‍ത്തടിച്ച് സുപ്രീംകോടതി വരെ പോയ പാര്‍ട്ടിയാണ് സി.പി.എം. കൊലപാതകികള്‍ ജാമ്യത്തിലിറങ്ങുമ്പോള്‍ വീരന്മാരെ പോലെ സ്വീകരണം നല്‍കുകയും പ്രകടനങ്ങളുടെ അകമ്പടിയോടെ നാട് നീളെ എഴുന്നെള്ളിക്കുകയും ചെയ്ത സി.പി.എം അധോലോക പ്രവര്‍ത്തനങ്ങള്‍ക്കും കുറ്റകൃത്യങ്ങള്‍ക്കും വളം വച്ചു കൊടുക്കുകയാണ് യഥാര്‍ത്ഥത്തില്‍ ചെയ്തത്.

കള്ളക്കടത്തു ബന്ധമുള്ളവരുടെ വാഹനത്തില്‍ പാര്‍ട്ടി സെക്രട്ടറി റോഡ് ഷോ നടത്തിയപ്പോള്‍ എന്തു സന്ദേശമാണ് ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് ലഭിച്ചത്? എന്നിട്ടിപ്പോള്‍ ശുദ്ധീകരണത്തെക്കുറിച്ച് പറയുന്നത് ആരെ പറ്റിക്കാനാണ്. സി.പി.എം നേതാക്കള്‍ നല്‍കുന്ന പിന്തുണയുടെ ബലത്തിലാണ് ടി.പി. വധക്കേസിലെ പ്രതികള്‍ക്ക് ജയിലിരുന്നു കൊണ്ട് ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍ കഴിയുന്നത്. കൊലപാതക സംഘങ്ങള്‍ക്കും ക്വട്ടേഷന്‍ സംഘങ്ങള്‍ക്കും നല്‍കുന്ന സംരക്ഷണവും സഹായവും നിര്‍ത്താതെ സി.പി.എം ശുദ്ധീകരണത്തെക്കുറിച്ച് സംസാരിക്കുന്നതില്‍ ഒരു അര്‍ത്ഥവുമില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Tags:    
News Summary - Ramesh Chennithala about CPM quotation team

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.